ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കേരളവും മണിപ്പൂരും തമ്മിൽ നടന്ന ഫുട്ബാൾ മത്സരത്തിൽ നിന്ന്              -ചിത്രം. മുസ്തഫ അബൂബക്കർ

ദേശീയ ഗെയിംസ് ഫുട്ബാൾ: മണിപ്പൂരിനെ വീഴ്ത്തി കേരളം തുടങ്ങി, ജയം 1-0ത്തിന്

ഹൽദ്വാനി: ദേശീയ ഗെയിംസ് പുരുഷ ഫുട്ബാളിൽ മണിപ്പൂരിനെ ഒറ്റ ഗോളിന് തോൽപിച്ച് കേരളം തുടങ്ങി. ആദിമധ്യാന്തം ആവേശം നിറഞ്ഞ പോരാട്ടത്തിൽ ഇരു ടീമും ഇഞ്ചോടിഞ്ച് പൊരുതിയപ്പോൾ അവസാന ചിരി കേരളത്തിന്റേതായിരുന്നു. 54ാം മിനിറ്റിൽ മിഡ്ഫീൽഡർ ബിബിൻ ബോബൻ വിജയ ഗോൾ നേടി. കരുത്തരായ സർവിസസും ഡൽഹിയുമടങ്ങുന്ന ബി ഗ്രൂപ്പിലെ ജയം കേരളത്തെ സംബന്ധിച്ച് ഏറെ നിർണായകമാണ്. ശനിയാഴ്ച ഡൽഹിയെയും തിങ്കളാഴ്ച സർവിസസിനെയും നേരിടാനുണ്ട്.

ഇരുടീമും കട്ടക്ക് നിന്ന ആദ്യ പകുതിയിൽ നേരിയ മുൻതൂക്കം കേരളത്തിനായിരുന്നു. 25ാം മിനിറ്റിൽ ബബിൽ സിവേറിക്കും 30ൽ എസ്. ഗോകുലിനും സുവർണാവസരങ്ങൾ. പിന്നാലെ മണിപ്പൂർ താരം പെബം സിങ്ങിന്റെ ഉഗ്രൻ ഹെഡ്ഡർ കേരള ഗോളി അൽകേഷ് രാജ് തകർപ്പൻ സേവിലൂടെ രക്ഷപ്പെടുത്തി. 38, 39 മിനിറ്റുകളിലും ഗോൾ പോസ്റ്റൽ അൽകേഷിന്റെ തകർപ്പൻ പ്രകടനങ്ങൾ. പ്രതിരോധനിരയിൽ സഫ് വാൻ മേമനയും എസ്. സന്ദീപും അവസരത്തിനൊത്തുയരുക കൂടി ചെയ്തതോടെ മണിപ്പൂർ താരങ്ങൾ കുഴങ്ങി.

രണ്ടാം പകുതിയുടെ തുടക്കത്തിലും കേരള മുന്നേറ്റനിരയുടെ ആക്രമണങ്ങൾക്ക് ഹൽദ്വാനി ജില്ല സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയം സാക്ഷിയായി. 51ാം മിനിറ്റിൽ മണിപ്പൂർ ലീഡ് പിടിച്ചെന്നുറപ്പിച്ച നിമിഷം ശ്രാങ്തം സിങ്ങിന്റെ അടി ഗോൾവരക്ക് സമാന്തരമായി പുറത്തേക്ക്. 54ാം മിനിറ്റിൽ കേരളത്തിന് അനുകൂലമായി ലഭിച്ച കോർണർ കിക്കാണ് ഗോളിൽ കലാശിച്ചത്. രണ്ടാം പോസ്റ്റിലേക്ക് വന്ന ബിജേഷ് ബാലന്റെ കിക്കിന് ബിബിൻ തലവെച്ചതോടെ കേരളം മുന്നിൽ. ഗോൾ വീണതോടെ മുറിവേറ്റ മണിപ്പൂർ കേരളത്തെ വെള്ളംകുടിപ്പിക്കുന്നതാണ് കണ്ടത്. അവർ തലങ്ങും വിലങ്ങും ആക്രമണം അഴിച്ചുവിട്ടപ്പോൾ ഗോൾ അകന്നുനിന്നത് ഭാഗ്യത്തിന്. 66, 69 മിനിറ്റുകളിലെല്ലാം കേരളം കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. ഗോളി അൽകേഷിന്റെ മികവും തുണയായി. ഇടക്ക് മണിപ്പൂരിന്റെ പെനാൽറ്റി അപ്പീലിനെയും കേരളം അതിജീവിച്ചു. 12 മിനിറ്റ് ആഡ് ഓൺ ടൈമിലും മണിപ്പൂർ സമനിലക്കായി പോരാടി.

Tags:    
News Summary - National Games Football: Kerala starts by defeating Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.