എതിരാളിയുടെ മുഖത്ത്​ തുപ്പി; മാർകസ്​ തുറാമിന്​ ആറ്​ മത്സരങ്ങളിൽ വിലക്കും പിഴയും

ബർലിൻ: ബുണ്ടസ്​ലിഗ മത്സരത്തിനിടെ ഹോഫൻഹെയിം ഡിഫൻഡർ സ്റ്റീഫൻ പോഷിന്‍റെ മുഖത്ത്​ തുപ്പിയതിന് ബൊറൂസിയ​ മോൻഷൻഗ്ലാഡ്​ബാഹ്​ ഫോർവേഡ്​ മാർകസ്​ തുറാമിന്​ വിലക്കും പിഴയും.

ജർമൻ ഫുട്​ബാൾ അസോസിയേഷനാണ്​ 23കാരനെ ആറ്​ മത്സരങ്ങളിൽ നിന്ന്​ വിലക്കുകയും 40000 യൂറോ പിഴ വിധിക്കുകയും ചെയ്​തത്​. ടാക്കിളിനെത്തുടർന്നുണ്ടായ വാക്കേറ്റത്തിനിടയിലാണ്​ ഫ്രാൻസിന്‍റെ 1998 ലോകകപ്പ്​ ഹീറോയായ ലിലിയൻ തുറാമിന്‍റെ മകന്‍റെ ഭാഗത്ത്​ നിന്ന്​ മാന്യതക്ക്​ നിരക്കാത്ത പ്രവർത്തിയുണ്ടായത്​​. 10 പേരായി ചുരുങ്ങിയതോടെ അവസാന നിമിഷം ഗോൾ വഴങ്ങിയ മോൻഷൻഗ്ലാഡ്​ബാഹ്​ 2-1ന്​ തോറ്റിരുന്നു.

താരത്തിന്‍റെ ഒരു മാസത്തെ ശമ്പളം വിലക്കി ക്ലബിന്‍റെ ഭാഗത്ത്​ നിന്നും നടപടിയുണ്ടായി. ഈ പണം സാമൂഹികസേവന പ്രവർത്തികൾക്കായി ഉപയോഗപ്പെടുത്തും. കടുത്ത വിമർശനങ്ങൾ ഉയർന്നതിന്​ പിന്നലെ തന്‍റെ തെറ്റ് ഏറ്റുപറഞ്ഞ മാര്‍കസ്  ശിക്ഷാ നടപടികളെ സ്വാഗതം ചെയ്തു. സാമൂഹിക സേവനം ചെയ്യാന്‍ സന്നദ്ധനാണെന്ന് തുറാം അറിയിച്ചതായി ക്ലബ്​ സ്‌പോര്‍ട്ടിങ്​ ഡയരക്ടര്‍ മാക്‌സ് എബേല്‍ പറഞ്ഞു.

'പെട്ടെന്നുള്ള വികാരത്തില്‍ സംഭവിച്ച് പോയതാണ്, മന:പൂര്‍വമല്ല, ഏവരോടും മാപ്പ് പറയുന്നു, ഈ തെറ്റിന്‍റെ പ്രത്യാഘാതങ്ങളെല്ലാം ഏറ്റെടുക്കാന്‍ ബാധ്യസ്ഥനാണ് -തുറാം ഇൻസ്​​റ്റഗ്രാമിൽ കുറിച്ചു. ഫ്രഞ്ച്​ ജഴ്​സിയിൽ മാർകസ്​ മൂന്ന്​ അന്താരാഷ്​ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്​.

Tags:    
News Summary - Monchengladbach Striker Marcus Thuram Gets Six Match Ban For Spitting At Opponent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.