മയാമി : ലോകചാമ്പ്യന്മാരെ വിറപ്പിച്ച വീരോചിത പോരാട്ടത്തിനൊടുവിൽ പുറത്തായെങ്കിലും, മെസ്സിയുടെ വാക്കുകൾ തനിക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ലെന്ന് കേപ് വെർഡെ ഗോൾകീപ്പർ വൊസീഞ്ഞ. മത്സരം അവസാനിച്ച ഉടൻ മെസ്സി തന്നോട് പറഞ്ഞ കാര്യങ്ങൾ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണെന്ന് താരം മാധ്യമങ്ങളോട് വെളിപ്പെടുത്തി.
"മത്സരശേഷം ഞാൻ മെസ്സിയുടെ അടുത്തേക്ക് പോയി. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു, 'മഹത്തരമായ ഒരു ഗെയിമാണ് ഇന്ന് നിങ്ങൾ കളിച്ചത്. കേപ് വെർഡെയിലെ ജനങ്ങൾ നിങ്ങളെയോർത്ത് അഭിമാനിക്കട്ടെ.' എന്റെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത നിമിഷമായിരുന്നു അത്," വൊസീഞ്ഞ പറഞ്ഞു. ഈ മത്സരം ഒട്ടും എളുപ്പമായിരിക്കില്ലെന്ന് തങ്ങൾക്ക് അറിയാമായിരുന്നെന്നും കേപ് വെർഡെ ശരിക്കും അർജന്റീനയെ വെള്ളം കുടിപ്പിച്ചെന്നും എന്തുകൊണ്ടാണ് അവർ ഈ ലോകകപ്പിലെ സർപ്രൈസ് എലമെന്റ് ആയതെന്ന് അവർ ഒന്നുകൂടെ തെളിയിച്ചെന്നും മത്സരശേഷം മെസി പറഞ്ഞിരുന്നു.
മയാമിയിൽ നടന്ന അത്യന്തം ആവേശകരമായ മത്സരത്തിൽ, 29-ാം മിനിറ്റിൽ മെസ്സിയിലൂടെ അർജന്റീന ലീഡ് എടുത്തപ്പോൾ 58-ാം മിനിറ്റിൽ ഡെറോയ് ഡുവാർട്ടെയിലൂടെ കേപ് വെർഡെ ഒപ്പമെത്തി. 96-ാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനസ് അർജന്റീനയ്ക്ക് വീണ്ടും ലീഡ് നൽകിയെങ്കിലും, അധികസമയത്ത് സിഡ്‌നി ലോപസ് കബ്രാളിന്റെ ഗോളിലൂടെ കേപ് വെർഡെ വീണ്ടും സമനില പിടിച്ചു. മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ, അവസാന നിമിഷം മെസ്സിയുടെ കോർണർ കിക്കിൽ ഡിനെ ബോർഗ്‌സിന്റെ ദേഹത്ത് തട്ടി പന്ത് സെൽഫ് ഗോളായതോടെ അർജന്റീന കഷ്ടിച്ച് വിജയം കൈക്കലാക്കുകയായിരുന്നു. പ്രീ ക്വാർട്ടറിൽ അർജന്റീന ഈജിപ്തിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.