കിലിയൻ എംബാപ്പെ
ഫിലാഡൽഫിയ: ലോകകപ്പ് പ്രീ-ക്വാർട്ടറിൽ ഫ്രാൻസിന്റെ ആക്രമണ ഫുട്ബാളിന് തടയിടാനായി പരാഗ്വേ പരുക്കൻ ശൈലിയാണ് കളത്തിൽ പുറത്തെടുത്തത്. പ്രതിരോധത്തിലൂന്നി കളിച്ച ലാറ്റിൻ അമേരിക്കക്കാർ പലപ്പോഴും ഫ്രഞ്ചു കളിക്കാരെ പ്രകോപിക്കാനുള്ള ശ്രമങ്ങളും നടത്തി.
ഈ കഠിന പോരാട്ടത്തിനൊടുവിൽ സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെ നേടിയ പെനാൽറ്റി ഗോളിലാണ് ഫ്രഞ്ച് പട പ്രീക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്. മത്സരശേഷം എംബാപ്പെ കടുത്ത വാക്കുകളിലാണ് പരാഗ്വേയുടെ കളിശൈലിയെ വിമർശിച്ചത്. തങ്ങൾ വെറും ആക്രമണ ഫുട്ബാൾ മാത്രം കളിക്കുന്ന ഒരു ടീമല്ലെന്നും, ശാരീരികമായ വെല്ലുവിളികൾ നിറഞ്ഞതും കടുപ്പമേറിയതുമായ മത്സരങ്ങളിലും വിജയിക്കാൻ കഴിയുമെന്ന് ഈ മത്സരത്തിൽ തെളിയിച്ചെന്നും എംബാപ്പെ പറഞ്ഞു. ‘ഈ കടുപ്പമേറിയ സാഹചര്യങ്ങളെ ഫ്രാൻസ് അതിജീവിച്ചു. സുന്ദരമായ ഫുട്ബാൾ മാത്രം കളിക്കാൻ അറിയുന്നവരല്ല ഞങ്ങൾ, ആവശ്യമെങ്കിൽ വൃത്തികെട്ട ഫുട്ബാൾ കളിച്ചും ജയിക്കാൻ കഴിയും’ -ഫ്രഞ്ച് നായകൻ മാധ്യമങ്ങളോട് പറഞ്ഞു.
ക്വാർട്ടർ ഫൈനലിൽ കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ മൊറോക്കോയാണ് ഫ്രാൻസിന്റെ എതിരാളികൾ. മുൻ ക്ലബ് പി.എസ്.ജിയിൽ എംബാപ്പെയുടെ അടുത്ത സുഹൃത്തായ അഷ്റഫ് ഹക്കീമി എതിരാളിയായി എത്തുന്നു എന്നതും ഫുട്ബാൾ ആരാധകരെ ത്രില്ലടിപ്പിക്കുന്നു. ’കൈകളിൽ ചെളി പുരട്ടേണ്ടിവന്നാൽ (കടുപ്പമേറിയ കളികൾ കളിക്കേണ്ടി വന്നാൽ), അതിനും ഞങ്ങൾ തയാറാണ്. സുന്ദരമായ ഫുട്ബാൾ കളിച്ച്, മനോഹരമായ പാസുകളിലൂടെ ആക്രമണം മാത്രം നടത്തുന്ന ടീമാണ് ഞങ്ങളെന്നാണ് അവർ കരുതിയത്. പക്ഷേ, മോശം ഫുട്ബാൾ കളിക്കാനും ഞങ്ങൾക്കറിയാം. ഇന്ന് ഞങ്ങൾ അത് ചെയ്തു, അതിൽ വിജയിച്ചു. അത്തരം കളികളിലും അവരേക്കാൾ മികച്ചവരാകാൻ കഴിഞ്ഞു’ -എംബാപ്പെ പ്രതികരിച്ചു.
മത്സരത്തിലുടനീളം താളം തെറ്റിക്കാനും ഫ്രഞ്ച് താരങ്ങളെ പ്രകോപിപ്പിക്കാനുമാണ് പരാഗ്വേ ശ്രമിച്ചത്. എന്നാൽ അത്തരമൊരു മത്സരം തങ്ങൾ നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നുവെന്നും എംബാപ്പെ വ്യക്തമാക്കി. ഏത് തരത്തിലുള്ള മത്സരമാണ് നേരിടാൻ പോകുന്നതെന്ന് അറിയാമായിരുന്നു. ആക്രമണ ഫുട്ബാൾ മാത്രം കളിക്കാൻ അറിയുന്ന ടീമല്ല തങ്ങളെന്ന് ഇന്ന് കാണിച്ചുകൊടുത്തു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ പരാഗ്വേ നടത്തിയ പ്രകോപന നീക്കങ്ങൾ തള്ളിക്കളഞ്ഞ എംബാപ്പെ, ഓരോ ടീമിനും അവരുടേതായ രീതിയിലുള്ള കളിയുണ്ടെന്നും കൂട്ടിച്ചേർത്തു.
അതാണ് അവരുടെ ഫുട്ബാൾ ശൈലി. അവർ കളിക്കുന്ന രീതി അതാണ്. ഓരോരുത്തരും അവരുടെ പക്കലുള്ള ആയുധങ്ങൾ ഉപയോഗിക്കുന്നു. ഫുട്ബാളിൽ ശരിയായതോ തെറ്റായതോ എന്നൊന്നില്ല, വിജയിക്കുക എന്നത് മാത്രമാണ് മുന്നിലുള്ളതെന്നും എംബാപ്പെ പറഞ്ഞു. ഫിലാഡൽഫിയയിലെ കൊടുംചൂടിൽ നടന്ന മത്സരത്തിൽ ഫ്രാൻസ് പന്തടക്കത്തിൽ ആധിപത്യം പുലർത്തിയെങ്കിലും പരാഗ്വേയുടെ പ്രതിരോധം തകർക്കാൻ വല്ലാതെ വിയർത്തു. ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ലക്ഷ്യത്തിലേക്ക് ഒരു ഷോട്ടുപോലും പായിക്കാൻ കഴിഞ്ഞില്ല. എംബാപ്പെയെ തടയാൻ പരാഗ്വേ താരങ്ങൾ നടത്തിയ പരുക്കൻ നീക്കങ്ങൾ പലതവണ കളിക്കളത്തിൽ തർക്കങ്ങൾക്ക് വഴിവെച്ചു.
രണ്ടാം പകുതിയിൽ ഫ്രഞ്ചുകാർ കൂടുതൽ ഉണർന്നു കളിച്ചു. പരിശീലകൻ ബ്രാഡ്‌ലി ബാർക്കോളക്ക് പകരം യുവതാരം ഡിസറെ ഡുവയെ കളത്തിലിറക്കിയതോടെയാണ് മത്സരത്തിന്റെ ഗതി മാറിയത്. 58ാം മിനിറ്റിൽ ബോക്സിലേക്ക് പന്തുമായി കുതിച്ച ഡുവയെ ഡീഗോ ഗോമസ് ഫൗൾ ചെയ്തതോടെ റഫറി പെനാൽറ്റി സ്പോട്ട് ചൂണ്ടി. ഒട്ടും സമ്മർദമില്ലാതെ കിക്കെടുത്ത എംബാപ്പെ, പരാഗ്വേ ഗോൾകീപ്പർ ഒർലാൻഡോ ഗില്ലിനെ നിസ്സഹായനാക്കി പന്ത് വലയിൽ എത്തിക്കുകയായിരുന്നു. ഇതോടെ ഗോൾവേട്ടയിൽ എംബാപ്പെ മെസ്സിക്കൊപ്പമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.