90 മിനിറ്റ് കളിക്കാൻ നെയ്മർ സജ്ജം - കാർലോ ആഞ്ചലോട്ടി

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടറിൽ നോർവെക്കെതിരെ ഇറങ്ങുന്ന ബ്രസീലിന് കരുത്തായി നെയ്മർ തിരിച്ചെത്തുന്നു. വലതു കാലിനേറ്റ പരിക്കിനെത്തുടർന്ന് പുറത്തിരുന്ന സൂപ്പർ താരം പൂർണ്ണ കായികക്ഷമത വീണ്ടെടുത്തതായും, നോർവെക്കെതിരായ മത്സരത്തിൽ മുഴുവൻ സമയം കളിക്കാൻ സജ്ജമാണെന്നും ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു.

ടൂർണമെന്റിൽ ഇതുവരെ കാര്യമായ പങ്കുവഹിക്കാൻ കഴിയാതിരുന്ന 34-കാരനായ നെയ്മർ, സ്കോട്ട്ലൻഡിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ പകരക്കാരനായി 14 മിനിറ്റ് മാത്രമാണ് കളിച്ചത്. എന്നാൽ, ഇപ്പോൾ താരം പൂർണ്ണ സജ്ജനാണെന്നും ആവശ്യമുള്ളപ്പോൾ കളത്തിലിറക്കാൻ മടിയില്ലെന്നും ആഞ്ചലോട്ടി വ്യക്തമാക്കി. "അദ്ദേഹത്തിന് കളിക്കാൻ കഴിയുമെന്നതാണ് ഏറ്റവും പ്രധാനം. എത്ര സമയം കളിക്കുമെന്ന് പറയാനാകില്ലെങ്കിലും, 90 മിനിറ്റ് കളിക്കാൻ അദ്ദേഹത്തിന് സാധിക്കും. ടീമിന് ആവശ്യമുള്ളപ്പോൾ ഞാൻ നെയ്മറെ കളത്തിലിറക്കും," ആഞ്ചലോട്ടി പറഞ്ഞു.

ടീമിനുള്ളിലെ നെയ്മറിന്റെ സ്വാധീനത്തെയും പരിശീലകൻ വാനോളം പുകഴ്ത്തി. "വളരെ വിനയമുള്ള വ്യക്തിയാണ് നെയ്മർ. സഹതാരങ്ങൾക്ക് അദ്ദേഹത്തെ വലിയ കാര്യമാണ്. കളിക്കളത്തിൽ ഇറങ്ങാനുള്ള അദ്ദേഹത്തിന്റെ അതിയായ ആഗ്രഹം ടീമിന് പോസിറ്റീവായ ഊർജമാണ് നൽകുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.

ജാപ്പനീസ് പടയെ അവസാന നിമിഷം ഗോൾ നേടി തകർത്താണ് ബ്രസീൽ പ്രീ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തത്. എർലിങ് ഹാളണ്ടിന്റെ മികവിൽ ഐവറികോസ്റ്റിനെ തോൽപിച്ചെത്തുന്ന നോർവെയാണ് പ്രീ ക്വാർട്ടറിൽ ബ്രസീലിന്റെ എതിരാളികൾ. 1998-ലെ ലോകകപ്പിലെ തോൽവി ഉൾപ്പെടെ, നോർവെക്കെതിരെ കളിച്ച നാല് മത്സരങ്ങളിലും ബ്രസീലിന് വിജയിക്കാൻ സാധിച്ചിട്ടില്ലെന്ന ചരിത്രവും ഈ മത്സരത്തിന്റെ ആവേശം വർധിപ്പിക്കുന്നു.

Tags:    
News Summary - Neymar Fully Fit for World Cup Clash: Ancelotti Confirms Star Forward Ready for 90 Minutes Against Norway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.