യെസെനിയ നവാറോയും കൂട്ടുകാരും കതാറയിൽ
11 വർഷം മുമ്പ്. മെക്സികോ സിറ്റിയിൽനിന്ന് ദോഹയിലേക്ക് പറക്കുമ്പോൾ യെസെനിയ നവാറോയുടെ ഉള്ളുനിറയെ ആധിയായിരുന്നു. മിസ് മെക്സികോ പട്ടം ചൂടിയ ശേഷം സ്വന്തം നാട്ടിൽ മോഡലിങ്ങിലൊക്കെ സജീവമായി മുന്നോട്ടുപോകുന്നതിനിടയിലാണ് ഖത്തറിൽ ജോലി ലഭിക്കുന്നത്. കുടുംബവുമായാണ് വരവ്. ഖത്തറിനെക്കുറിച്ച് ഒരു ചുക്കുമറിയില്ല. ദോഹയിലേക്കുള്ള പറിച്ചുനടൽ തന്റെ ജീവിതാനുഭവങ്ങളെ കരുത്തുറ്റതാക്കില്ലെന്ന മുൻവിധിയായിരുന്നു മനസ്സു നിറയെ. ഒപ്പം പ്രഫഷനൽ ജീവിതത്തിന് അവസാനമായെന്നും കരുതി. എന്നാൽ, ആ മുൻവിധികളൊക്കെ ഗതിമാറിയകലുകയായിരുന്നു. തന്റെ ജീവിതലക്ഷ്യങ്ങളും കരിയറിലെ സ്വപ്നങ്ങളുമൊക്കെ കൈയെത്തിപ്പിടിക്കാൻ ഖത്തർ അത്രയേറെ സഹായകമായതായി യെസെനിയ 'മാധ്യമ'ത്തോട് പറഞ്ഞു.
ശനിയാഴ്ച യെസെനിയയെ കാണുന്നത് കതാറയിൽ വെച്ചാണ്. മെക്സികോയുടെ പച്ച ജഴ്സിയണിഞ്ഞ ഒരുകൂട്ടം ആരാധകർ കൂടെയുണ്ട്. എല്ലാവരും മെക്സികോയിൽനിന്ന് ഖത്തറിൽ ജോലി തേടിയെത്തിയവർ. 'മെക്സിക്കൻ കമ്യൂണിറ്റി ഇൻ ഖത്തർ' എന്ന കൂട്ടായ്മയുടെ പ്രസിഡന്റാണിപ്പോൾ 38കാരിയായ യെസെനിയ. സംഘടനയുടെ നേതൃത്വത്തിൽ മെക്സിക്കൻ ടീമിന് അഭിവാദ്യമർപ്പിക്കാൻ ഒത്തുകൂടിയതാണിവർ. പാട്ടും ആഘോഷവുമായി അവർ കതാറയിൽ അരങ്ങുതകർത്തു. 600ലേറെ പേരടങ്ങിയതാണ് കൂട്ടായ്മ.
2011ൽ യെസെനിയ ദോഹയിലിറങ്ങുമ്പോൾ രാജ്യം 2022 ലോകകപ്പിനുള്ള ഒരുക്കം തുടങ്ങിയത് യാദൃച്ഛികം. തയാറെടുപ്പുകളുടെ ഓരോ ഘട്ടവും ഏറെ സന്തോഷത്തോടെയാണ് വീക്ഷിച്ചതെന്ന് അവർ പറയുന്നു. മെക്സിക്കൻ ടീമിന്റെ കടുത്ത ആരാധികയായ യെസെനിയ ഖത്തറിൽ നടന്ന 2019ൽ ക്ലബ് ലോകകപ്പിൽ മെക്സിക്കൻ ക്ലബായ മോണ്ടെറി പങ്കെടുത്തപ്പോൾ ഗാലറിയിലുണ്ടായിരുന്നു. 2020ൽ ഖത്തറിൽ പാൽമീറാസിനെ തോൽപിച്ച് ക്ലബ് ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ മെക്സിക്കൻ ക്ലബായി ടൈഗേഴ്സ് മാറിയപ്പോഴും യെസെനിയ സാക്ഷിയായിരുന്നു.
നാട്ടിൽനിന്ന് 60,000 മുതൽ 80,000 വരെ ആരാധകർ ഖത്തറിലെത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അവരെ കാണാൻ കാത്തിരിക്കുകയാണ്. ലോകത്തെ അതിശയിപ്പിച്ച മെക്സിക്കൻ തിരമാല പൂർവാധികം കരുത്തോടെ ഖത്തറിലുണ്ടാകും.
ഞങ്ങൾ പുതിയ പാട്ടൊക്കെ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഗാലറിയിൽ നിങ്ങൾക്കതു കാണാം' -യെസെനിയ പറയുന്നു. സാധ്യതകൾ എങ്ങനെയെന്ന് ചോദിച്ചപ്പോൾ അവരുടെ ഉത്തരം ഇങ്ങനെയായിരുന്നു 'ഞങ്ങൾ ഫൈനലിലെത്തും, ഇൻശാ അല്ലാഹ്..'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.