ഹാട്രിക് മികവിൽ പെലെയെ മറികടന്ന് മെസ്സി; അർജന്‍റീനക്ക് ആധികാരിക വിജയം
ബ്വേനസ് ഐറിസ്: 79ാം അന്താരാഷ്ട്ര കരിയർ ഗോളുമായി കളംവാണ സൂപ്പർ താരം ലയണൽ മെസ്സി ബ്രസീലിയൻ ഇതിഹാസം പെലെയെ മറികടന്നു. ഹാട്രിക് നേടിയ മെസ്സിയുടെ മികവിൽ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ അർജന്‍റീന ബൊളീവിയയെ 3-0ത്തിന് തോൽപിച്ചു.
പെലെയുടെ പേരിൽ 77 അന്താരാഷ്ട്ര ഗോളുകളാണുള്ളത്. ലാറ്റിനമേരിക്കയിൽ അന്താരാഷ്ട്ര തലത്തിൽ ബ്രസീലിയൻ താരങ്ങളായ മാർത്തയും (109) ക്രിസ്റ്റ്യാന്നയുമാണ് മെസ്സിയുടെ മുമ്പിലുള്ളത്. പുരുഷൻമാരുടെ പട്ടികയിൽ ബ്രസീലിന്‍റെ നെയ്മറാണ് (68) മൂന്നാമത്.
ബ്രസീലിനെതിരായ മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ സ്വന്തം മണ്ണിൽ കളിക്കാനിറങ്ങിയ അർജന്‍റീന മികച്ച ഫോമിലായിരുന്നു. 14, 64, 88 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ. അർജന്‍റീനക്കായി മെസ്സി നേടുന്ന ഏഴാമത്തെ ഹാട്രിക്കാണിത്. 26 ഗോളുമായി ദക്ഷിണ അമേരിക്കയിൽ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന യുറുഗ്വായ് താരം ലൂയി സുവാരസിന്‍റെ റെക്കോഡും മെസ്സി മറികടന്നു.
ലാറ്റിനമേരിക്കയിൽ നടന്ന മറ്റ് മത്സരങ്ങളിൽ പരാഗ്വായ് വെനിസ്വേലയെയും കൊളംബിയ ചിലെയെയും യുറുഗ്വായ് ഇക്വഡോറിനെയും പരാജയപ്പെടുത്തി. 2-1നായിരുന്നു പാരഗ്വായ്യുടെ ജയം. യുറുഗ്വായ് ഏകപക്ഷീയമായ ഒരുഗോളിന് ഇക്വഡോറിനെ മറികടന്നു.
ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു കൊളംബിയയുടെ ജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.