കൊൽക്കത്ത: ലയണൽ മെസ്സിയുടെ വരവിന് പിന്നാലെ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷം. മെസ്സി മടങ്ങിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. തങ്ങൾക്ക് അർജന്റീന സൂപ്പർതാരത്തെ ഒന്ന് കാണാൻ പോലും കഴിഞ്ഞില്ലെന്ന് സ്റ്റേഡിയത്തിൽ എത്തിയവർ ആരോപിച്ചു.
5000 രൂപ മുതൽ 25,000 രൂപ വരെ നൽകി ടിക്കറ്റെടുത്താണ് തങ്ങൾ മത്സരം കാണാൻ വന്നത്. എന്നാൽ, പത്ത് മിനിറ്റിനകം മെസ്സി മടങ്ങിയതോടെ സ്റ്റേഡിയത്തിൽ സംഘർഷമുണ്ടാവുകയായിരുന്നു. ഗാലറിയിലുണ്ടായിരുന്നവർ സ്റ്റേഡിയത്തിലേക്ക് കുപ്പിയെറിയുകയും സീറ്റുകൾ നശിപ്പിക്കുകയും ചെയ്യുകയും ചെയ്തു.
11.15ഓടെയാണ് മെസ്സി സ്റ്റേഡിയത്തിലേക്ക് എത്തിയത്. പത്ത് മിനിറ്റകം തന്നെ മെസ്സി മടങ്ങുകയും ചെയ്തു. തുടർന്ന് സ്റ്റേഡിയത്തിൽ സംഘർഷമുണ്ടായതോടെ ഇവിടെ പരിപാടിക്കായി എത്താനിരുന്ന ഇന്ത്യ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്കും ബോളിവുഡ് താരം ഷാരൂഖ് ഖാനും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും സ്റ്റേഡിയത്തിനുള്ളിലേക്ക് കടക്കാൻ കഴിഞ്ഞിരുന്നില്ല.
ഇന്ത്യയിലെ ആരാധകരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് അർജന്റീന ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി ഇന്ത്യയിലെത്തി. ശനിയാഴ്ച കൊൽക്കത്തയിൽ ആരംഭിക്കുന്ന പര്യടന പരിപാടികൾക്ക് തിങ്കളാഴ്ച ഡൽഹിയിൽ സമാപനമാവും. മെസ്സിയുടെ സുഹൃത്ത് കൂടിയായ സ്പോർട്സ് പ്രമോട്ടർ ശതാദ്രു ദത്തയാണ് ‘ഗോട്ട്‘ ടൂറിന്റെ സംഘാടകൻ.
താരത്തോടുള്ള ആദരമായി ലോകകപ്പും കൈയിലേന്തി നിൽക്കുന്ന 70 അടി ഉയരമുള്ള കൂറ്റൻ പ്രതിമയുടെ അനാച്ഛാദനം ഇന്ന് കൊൽക്കത്തയിൽ നടക്കും. ഹൈദരാബാദിലെയും മുംബൈയിലെയും പരിപാടികൾക്കുശേഷം രാജ്യതലസ്ഥാനത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയാണ് മെസ്സി മടങ്ങുക. ഇന്റർ മയാമിയിൽ മെസ്സിയുടെ സഹതാരങ്ങളായ ലൂയിസ് സുവാരസും (ഉറുഗ്വായ്) റോഡ്രിഗോ ഡി പോളും (അർജന്റീന) കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.