മെഗാ നൃത്തത്തിന് ശേഷം കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം
കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ദിവസങ്ങൾക്കുമുമ്പ് നടന്ന, ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ടുള്ള മെഗാ ഭരതനാട്യം പരിപാടി മൈതാനത്തെ പിച്ചിനെ പ്രതികൂലമായി ബാധിച്ചു. ഉമ തോമസ് എം.എൽ.എ സ്റ്റേജിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റതിലൂടെ വലിയ വിവാദമായ മൃദംഗ വിഷൻ മെഗാ ഭരതനാട്യ പരിപാടിയിൽ 12,000ത്തോളം നർത്തകികൾ ചുവടുവെച്ചിരുന്നു. ഇതിനുശേഷം സ്റ്റേഡിയത്തിലെ പിച്ച് വളരെ മോശം നിലയിലാണുള്ളതെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി അധികൃതർ അറിയിച്ചു.
തിങ്കളാഴ്ചത്തെ ഐ.എസ്.എല്‍ മത്സരത്തിന്റെ മുന്നോടിയായി നടത്തിയ പരിശോധനകള്‍ക്കുശേഷമാണ് ആശങ്ക വ്യക്തമാക്കിയത്. പേരെടുത്തു പറയാതെ പരോക്ഷമായി, നൃത്തപരിപാടി മൂലമാണ് ഗ്രൗണ്ടിലെ പിച്ചിന്റെ നില മോശമായതെന്ന് ക്ലബ് അധികൃതർ ചൂണ്ടിക്കാട്ടി. ‘രാജ്യത്തെ ഏറ്റവും മികച്ച ഗ്രൗണ്ടുകളില്‍ ഒന്നാണ് കലൂര്‍ സ്റ്റേഡിയമെന്നും അടുത്തിടെ ഒരു കായികേതര പരിപാടി ഇവിടെ സംഘടിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഗ്രൗണ്ടിലെ പിച്ചിന്റെ നില മോശമായതെന്നും’ കെ.ബി.എഫ്.സി പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു. പിച്ചിന്‍റെ മോശം അവസ്ഥയെത്തുടർന്ന് പഴയപടിയാക്കുന്നതിനായുള്ള തീവ്രശ്രമത്തിലാണ് ജീവനക്കാർ.
നിലവില്‍ പിച്ച് പൂര്‍ണസജ്ജമാക്കാനായി ബ്ലാസ്റ്റേഴ്സിന്റെ പിച്ച് ടീം രാപകല്‍ അധ്വാനിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ‘സംഭവത്തിൽ ക്ലബും അതോടൊപ്പം ഐ.എസ്.എല്‍ അധികൃതരും നിരാശയിലാണ്. കായിക മത്സരങ്ങള്‍ക്കായി തയാറാക്കിയിട്ടുള്ള ഗ്രൗണ്ടില്‍ കായികഇതര പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ പിച്ച് പൂര്‍ണമായും നശിക്കുന്ന അവസ്ഥയാണുണ്ടാകുന്നത്. അത് അംഗീകരിക്കാനാവില്ല. ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നത് തടയുന്നതിനായുള്ള മുന്‍കരുതലുകള്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല’ -സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എയെ പേരെടുത്തു പറയാതെ ബ്ലാസ്റ്റേഴ്‌സ് ചൂണ്ടിക്കാട്ടി.
പിച്ചിലെ പുല്ലിന്‍റെ ഉയരവും മറ്റും മത്സരിക്കുന്ന താരങ്ങൾക്ക് വീണാലും പരിക്കേൽക്കാതിരിക്കാൻ ശാസ്ത്രീയരീതിയിലാണ് നിർണയിക്കുന്നത്. എന്നാൽ, ആയിരക്കണക്കിനാളുകൾ ഒരുമിച്ച് നൃത്തംചെയ്തത് പിച്ചിലെ പുല്ലിന്‍റെ ഉയരത്തെവരെ ബാധിക്കുകയായിരുന്നു. വലിയ തുക ചെലവഴിച്ചാണ് ഗ്രൗണ്ടില്‍ മത്സരയോഗ്യമായ പിച്ച് തയാറാക്കുന്നതും കൃത്യമായ പരിചരണത്തിലൂടെ നിലനിര്‍ത്തുന്നതും. മോശമായാല്‍ പിച്ച് വീണ്ടും തയാറാക്കുന്നതിനും ഏറെ തുക ആവശ്യമാണ്. അതിനാല്‍ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ലെന്നും ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.