പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആഫ്രിക്കൻ നേഷൻസ് കപ്പ് സെമി ഫൈനലിൽ രക്ഷകനായ ഗോളി യാസീൻ ബൂനോയെ മൊറോക്കോ താരങ്ങൾ എടുത്തുയർത്തുന്നു
ഈജിപ്തിന്റെയും മുഹമ്മദ് സലാഹിന്റെയും കാത്തിരിപ്പ് പിന്നെയും നീട്ടി സാദിയോ മാനെ നയിച്ച സെനഗാൾ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ. ഖത്തർ ലോകകപ്പ് വീരനായകൻ യാസീൻ ബൂനോയുടെ മിന്നും സേവുകളിൽ നൈജീരിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മടക്കി ആതിഥേയരായ മൊറോക്കോയും കലാശപ്പോരിന്.
ആഫ്രിക്കൻ കരുത്തർ മുഖാമുഖംനിന്ന സെമി പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സെനഗാൾ ജയം. മത്സരത്തിന്റെ 78ാം മിനിറ്റിൽ വെറ്ററൻ താരം മാനെയായിരുന്നു സ്കോറർ. പന്തടക്കത്തിലും ഷോട്ടുകളിലും ഉൾപ്പെടെ ആധിപത്യം പുലർത്തിയാണ് സെനഗാൾ അർഹിച്ച വിജയം നേടിയത്. 2022 ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിലും 2022 ലോകകപ്പ് പ്ലേ ഓഫിലും സെനഗാൾ ഈജിപ്തിനെ പരാജയപ്പെടുത്തിയിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ഈ രണ്ടു വിജയങ്ങളും. ടൂർണമെന്റിന്റെ ചരിത്രത്തിൽ നാലാം തവണയാണ് സെനഗാൾ ഫൈനൽ കളിക്കുന്നത്. 2002ൽ കാമറൂണിനോടും 2019ൽ അൽജീരിയയോടും തോറ്റു. 2021ൽ ഈജിപ്തിനെ വീഴ്ത്തി ആദ്യമായി കിരീടത്തിൽ മുത്തമിട്ടു.
പ്രിൻസ് മൗലാ അബ്ദുല്ല സ്റ്റേഡിയത്തിൽ 65,000ഓളം കാണികൾക്ക് മുന്നിലെ രണ്ടാം സെമിയിൽ ആദ്യ പകുതിയിൽ നിരവധി അവസരങ്ങളുണ്ടായിട്ടും സെനഗാളിന് വലകുലുക്കാനായില്ല. ഈജിപ്തിന് മുന്നിലും അർധാവസരങ്ങൾ ലഭിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല. നിശ്ചിതസമയം അവസാനിക്കാൻ 12 മിനിറ്റ് ബാക്കിനിൽക്കെ സെനഗാളിന്റെ അറ്റാക്കിങ് ഫുട്ബാൾ ഫലം കണ്ടു. ബോക്സിനു വെളിയിൽനിന്നുള്ള കമാറയുടെ ലോങ് റേഞ്ച് ഷോട്ട് ഈജിപ്ത് താരത്തിന്റെ ശരീരത്തിൽ തട്ടി പന്ത് ഗതിമാറി വീണത് തൊട്ടു മുന്നിലുണ്ടായിരുന്ന മാനെയുടെ മുന്നിൽ. ഒട്ടും വൈകാതെ താരം തൊടുത്ത നിലംപറ്റെയുള്ള ഷോട്ട് ഗോളിയെയും കാഴ്ചക്കാരനാക്കി വലയിൽ. മോറോക്കോ-നൈജീരിയ പോരാട്ടത്തിന്റെ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. ടൂർണമെന്റിലെ ടോപ് സ്കോററായ ബ്രാഹിം ഡയസിന് മുന്നിൽ തുറന്നുകിട്ടിയ സുവർണാവസരം തുലച്ചതടക്കം മൊറോക്കോയായിരുന്നു അവസരങ്ങളിൽ ഒരു പണത്തൂക്കം മുന്നിൽ. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയതോടെ ആദ്യം പെനാൽറ്റി തടുത്ത് പ്രതീക്ഷ നൽകിയത് നൈജീരിയ ഗോളി. എന്നാൽ, തൊട്ടുപിറകെയും തുടർന്നുള്ള കിക്കും തടുത്തിട്ട് യാസീൻ ബൂനോ ഖത്തർ ലോകകപ്പ് കാലത്തെ സേവുകളുടെ ഓർമ തിരികെ നൽകി. സാമുവൽ ചുക്വ്യൂസെ, ബ്രൂണോ ഒനിയേമീക്ക് എന്നിവരുടെ കിക്കുകളാണ് ബൂനോ തടുത്തിട്ടത്. സ്കോർ: 4-2.
2004നു ശേഷം മൊറോക്കോക്ക് ആദ്യ ആഫ്കോൺ ഫൈനലാണിത്. കപ്പുയർത്താനായാൽ വലീദ് റഗ്റാഗൂയിയുടെ സംഘത്തിന് 1976നു ശേഷം ആദ്യ കിരീടമാകും. ഞായറാഴ്ചയാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.