ജിയാൻലൂയിജി ഡോണറുമ്മ

ഡോണറുമ്മ ഗ്വാർഡിയോളക്കൊപ്പം; മാഞ്ചസ്റ്റർ സിറ്റി ഇനി ജയിച്ചു തുടങ്ങുമോ...

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ വലകാക്കാൻ ഇനി ഇറ്റാലിയൻ ഉരുക്കു കോട്ട. ഫ്രഞ്ചുക്ലബായ പി.എസ്.ജിയിൽ നിന്നും പടിയിറങ്ങിയ ജിയാൻലൂയിജി ഡോണറുമ്മയെ അഞ്ചു വർഷത്തെ കരാറിലാണ് പെപ് ഗ്വാർഡിയോള സ്വന്തം അണിയിലേക്കെത്തിച്ചത്. എട്ടു വർഷക്കാലം സിറ്റിയുടെ വിശ്വസ്തനായ സുക്ഷിപ്പുകാരനായി കളം വാണ ബ്രസീലിയൻ ഗോൾ കീപ്പർ എഡേഴ്സൻ തുർക്കിഷ് ക്ലബായ ഫെനർബാഷെയിലേക്ക് കൂടുമാറിയതിനു പിന്നാലെയാണ് പരിചയ സമ്പന്നനായ ഗോൾ കീപ്പറെ സിറ്റി സ്വന്തമാക്കിയത്.

35 ദശലക്ഷം പൗണ്ട് പ്രതിഫലത്തിനാണ് കരാറെന്നാണ് സൂചന. അഞ്ചുവർഷത്തെ കരാറിലെത്തുന്ന ഇറ്റാലിയൻ മതിൽ 99ാം നമ്പർ ജഴ്സിയിൽ സിറ്റിയുടെ ഗോൾവലക്കു കീഴെ വിശ്വസ്ത പ്രതിരോധം തീർക്കും. നാലു സീസണിലായി പി.എസ്.ജിയുടെ ഗോൾകീപ്പറായിരുന്ന ഡോണറുമ്മ കഴിഞ്ഞ സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും നാല് ഫ്രഞ്ച് ലീഗ് വൺ കിരീടവും ഉൾപ്പെടെ സ്വന്തമാക്കിയാണ് കഴിഞ്ഞ മാസം പി.എസ്.ജി വിട്ടത്. ഫ്രഞ്ച് ചാമ്പ്യൻ ക്ലബിന്റെ ഗോൾകീപ്പറായി ലൂകാസ് ഷെവലിയാർ എത്തിയതിനു പിന്നലെയായിരുന്നു ഇറ്റാലിയൻ താരം പി.എസ്.ജി വിടുന്നതായി പ്രഖ്യാപിച്ചത്. യൂറോപ്പിലെ വമ്പൻ ക്ലബുകൾ മികച്ച​ ഓഫറുകളുമായി പിറകെ കൂടിയെങ്കിലും ആർകും പിടികൊടുക്കാതെയാണ് താരം സിറ്റിയുമായി കരാറിലെത്തിയത്.

അഭിമാനകരമായ നിമിഷത്തിൽ സിറ്റിയുമായി കരാറിലെത്തിയതായി ഡോണറുമ്മ അറിയിച്ചു. ‘ലോകത്തെ ഏറ്റവും മികച്ച താരങ്ങളും മികച്ച പരിശീലകനും അണിനിരക്കുന്ന ടീമിന്റെ ഭാഗമാവുന്നതിൽ സന്തോഷും. ലോകത്തെ ഏതൊരു ഫുട്ബാളറും അംഗമാവാൻ ആഗ്രഹിക്കുന്ന ക്ലബാണ് സിറ്റി. ഏറ്റവും മികച്ച പരിശീലകനാണ് പെപ് ഗ്വാർഡിയോള. സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങുന്നത് ഏറെ സവിശേഷമായ നിമിഷമാണ്’ -താരം പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിയിൽ എട്ടുവർഷമായി വിശ്വസ്തനായ ഗോൾവല സൂക്ഷിപ്പുക്കാരനായി നിറഞ്ഞു നിന്ന കരിയറിനൊടുവിലാണ് എഡേഴ്സൺ തുർക്കിയയിലേക്ക് കൂടുമാറുന്നത്. ആറ് പ്രീമിയർ ലീഗ് കിരീടവും രണ്ട് എഫ്.എ കപ്പും, നാല് ലീഗ് കപ്പും ഒരു ചാമ്പ്യൻസ് ലീഗും ഉൾപ്പെടെ 18 കിരീടവുമായി ഏറ്റവും മികച്ച കരിയറിന് വിരാമം കുറിച്ചാണ് താരം സിറ്റിയുടെ പടിയിറങ്ങുന്നത്.

എഡേഴ്സൺ സിറ്റി വിടാൻ തീരുമാനിച്ചതിനു പിന്നാലെ ഇംഗ്ലീഷുകാരനായ 22കാരൻ ജെയിംസ് ട്രഫോഡായിരുന്നു കഴിഞ്ഞ മത്സരങ്ങളിൽ ഗോൾ വലകാത്തത്. രണ്ട് തോൽവി ഉൾപ്പെടെ സീസണിൽ ടീം നിറംമങ്ങിയപ്പോൾ ഏറെ വിമർശനവും ഉയർന്നു. ഇതിനൊടുവിലാണ് പരിചയ സമ്പന്നനായ ഡോണറുമ്മയുടെ വരവ്. 

Tags:    
News Summary - Manchester City sign Donnarumma as ‘proud’ Ederson joins Fenerbahce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.