ഹാരി മഗ്വെയ്റുടെ ഗോളാഘോഷം

പതിറ്റാണ്ടിന്റെ കാത്തിരിപ്പ്: ആൻഫീൽഡിൽ ‘റെഡ് ഡെവിൾ’ ഡാൻസ്; ലിവർപൂളിന് തുടർച്ചയായ നാലാം തോൽവി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ പോരിൽ ലിവർപൂളിനെ ആൻഫീൽഡിലെ സ്വന്തം തട്ടകത്തിൽ മുക്കി മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ വിജയ നൃത്തം.

നിലവിലെ ലീഗ് ജേതാക്കൾ കൂടിയായ ലിവർപൂളിനെതിരെ, അവരുടെ മണ്ണിൽ ഒരു പതിറ്റാണ്ട് നീണ്ട ഇടവേളക്കു ശേഷമാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് വിജയം സ്വന്തമാക്കുന്നത്. 2016 ജനുവരിയിലായിരുന്നു യുനൈറ്റഡ് ആൻഫീൽഡിൽ അവസാനമായി ജയിച്ചത്. ശേഷം, റെഡ് ഡെവിൾസിന്റെ ബാലികേറാമലയായി മാറിയ ലിവർപൂളി​ന്റെ തട്ടകത്തിൽ റുബൻ അമോറിമിന്റെ മാന്ത്രിക വടിയിലൂടെ തന്നെ വിജയം നുകർന്നു തുടങ്ങി.

അടിമുടി ആവേശം നിറഞ്ഞ മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ എതിർവല കുലുക്കികൊണ്ടായിരുന്നു മാഞ്ചസ്റ്റർ യുനൈറ്റഡ് തുടങ്ങിയത്. അമഡ് ഡിയാലോയുടെ കളിയുടെ ആദ്യ മുഹൂർത്തത്തിൽ വിങ്ങിൽ നിന്നും നൽകിയ ക്രോസ് ബ്രയാൻ ബ്യൂമോയിലൂടെ ഗോളായി മാറിയ​പ്പോൾ തന്നെ ലിവർപൂളിന് ഷോക്കായി മാറി. സ്വന്തം മണ്ണിൽ ആരവങ്ങൾക്കിടയിൽ ആദ്യ മിനിറ്റിൽ വഴങ്ങിയ ഗോളിന്റെ ആഘാതത്തിൽ നിന്നും ചാമ്പ്യന്മാർക്ക് ഉയി​ർത്തെഴുന്നേൽക്കാൻ കഴിഞ്ഞില്ല.

ഒരുപിടി അവസരങ്ങൾ മാറിമറിഞ്ഞെങ്കിലും ഒന്നാം പകുതി യുനൈറ്റഡിന്റെ ഒരു ഗോൾ ലീഡുമായി പിരിഞ്ഞു.

രണ്ടാം പകുതിയിലെ 78ാം മിനിറ്റിൽ ഗാക്പോയിലൂടെ ലിവർപൂൾ ഒപ്പമെത്തിയിരുന്നു.

എന്നാൽ, 84ാം മിനിറ്റിൽ ഹാരി മഗ്വെയ്റിലൂടെ ചരിത്രം പിറന്നു. ബ്രൂണോ ഫെർണാണ്ടസ് എടുത്ത കോർണർ കിക്ക് റീബൗണ്ട് ചെയ്ത് വീണ്ടും ബൂട്ടിലെത്തിയപ്പോൾ ​ഹൈബാളായി പോസ്റ്റിലേക്ക് മറിഞ്ഞു. അവിടെ, ലിവർപൂൾ പ്രതിരോധത്തെയും പൊളിച്ച് ഹാരി മ​ഗ്വെയ്റുടെ തല കാത്തിരിപ്പുണ്ടായിരുന്നു. ഞൊടിയിട നിമിഷത്തിൽ അത് സംഭവിച്ചു. സ്ഥാനം തെറ്റിയ ഗോളി ജോർജി മമർദഷ്ലിയെ മറികടന്ന് പന്ത് വലയിൽ. ലിവർപൂളിന് തിരിച്ചു വരാൻ കഴിയാത്ത വിധം സമ്മർദത്തിലേക്ക്. അവസാന മിനിറ്റിലെ ഗോളിൽ വിജയം സ്വന്തമാക്കി യുനൈറ്റഡിന്റെ ഉയിർത്തെഴുന്നേൽപ്പും.

ലിവർപൂളിന്റെ തുടർച്ചയായ നാലാം തോൽവിയാണിത്. പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാമത്തെയും, ചാമ്പ്യൻസ് ലീഗിൽ ഗലറ്റസറായോടും വഴങ്ങിയ തോൽവികൾ ഉൾപ്പെടെ നാലായി. ലീഗ് പോയന്റ് പട്ടികയിൽ 15 പോയന്റുമായി മൂന്നാം സ്ഥാനത്താണുള്ളത്.  തുടർതോൽവികൾക്കിടയിൽ നല്ലകാലം ആസ്വദിച്ചു തുടങ്ങിയ മാഞ്ചസ്റ്റർ യുനൈറ്റഡ് 13 പോയന്റുമായി എട്ടാം സ്ഥാനത്താണിപ്പോൾ. 

Tags:    
News Summary - Liverpool 1-2 Man Utd: Harry Maguire scores winning goal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.