റൊസാരിയോ: അർജന്റീനയുടെ ഇതിഹാസ ഫുട്ബാൾ താരം ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സിക്ക് (68) കണ്ണീരോടെ വിട നൽകി കുടുംബവും ഫുട്ബാൾ ലോകവും. റൊസാരിയോയിലെ എൽ പ്രാഡോ സെമിത്തേരിയിൽ നടന്ന സംസ്‌കാര ചടങ്ങുകളിൽ അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. കനത്ത സുരക്ഷയിൽ, കുടുംബത്തിന്റെ പൂർണ സ്വകാര്യത ഉറപ്പുവരുത്തിയായിരുന്നു ചടങ്ങുകൾ നടന്നത്.
പിതാവിന്റെ മരണവാർത്ത അറിഞ്ഞയുടൻ അമേരിക്കയിലായിരുന്ന മെസ്സി, ഭാര്യ അന്റോണെല്ലയ്ക്കും മക്കൾക്കുമൊപ്പം ശനിയാഴ്ച രാത്രി പ്രൈവറ്റ് ജെറ്റിൽ റൊസാരിയോയിലെത്തിയിരുന്നു. മെസ്സിയുടെ മാതാവ് സീലിയ കുച്ചിറ്റിനിയും സഹോദരങ്ങളായ മത്യാസ്, റോഡ്രിഗോ, മരിയ സോൾ എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു. മെസ്സിയുടെ കുടുംബത്തിന് സ്വകാര്യത ഉറപ്പാക്കുന്നതിനായി ഞായറാഴ്ച ഉച്ചതിരിഞ്ഞ് എൽ പ്രാഡോ സെമിത്തേരിയിലേക്കുള്ള സന്ദർശകരുടെ പ്രവേശനം അധികൃതർ തടഞ്ഞിരുന്നു.
മെസ്സിക്കും കുടുംബത്തിനും പിന്തുണയുമായി നിരവധി ആരാധകരാണ് റൊസാരിയോ വിമാനത്താവളത്തിലും സെമിത്തേരിക്ക് പുറത്തും തടിച്ചുകൂടിയത്. "കരുത്തോടെയിരിക്കുക ലിയോ, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു" എന്നെഴുതിയ ബാനറുകളുമായാണ് ആരാധകർ തങ്ങളുടെ പ്രിയതാരത്തിന് ആശ്വാസമേകാനെത്തിയത്.
റൊസാരിയോ മേയർ പാബ്ലോ ഹാവ്കിൻ കുടുംബത്തിന് ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി. ഈ പ്രയാസഘട്ടത്തിൽ സംസ്‌കാര ചടങ്ങുകൾ സുഗമമാക്കുന്നതിനും കുടുംബത്തിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനും പ്രാദേശിക ഭരണകൂടം സജ്ജമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അർജന്റീന ഫുട്‌ബാൾ അസോസിയേഷന്റെ നിർദ്ദേശപ്രകാരം രാജ്യത്ത് ഈ വാരാന്ത്യത്തിൽ നടന്ന എല്ലാ പ്രൊഫഷണൽ, യൂത്ത് ഫുട്ബാൾ മത്സരങ്ങൾക്കും മുൻപായി ഹോർഹെ മെസ്സിയോടുള്ള ആദരസൂചകമായി ഒരു മിനിറ്റ് മൗനം ആചരിച്ചു. കളിക്കാരും പരിശീലകരും റഫറിമാരും കറുത്ത ആംബാൻഡ് അണിഞ്ഞാണ് മൈതാനത്തിറങ്ങിയത്.
മെസ്സി ഫുട്‌ബാൾ കരിയർ ആരംഭിച്ച റൊസാരിയോ ക്ലബ്ബായ അബാൻഡെറാഡോ ഗ്രാൻഡോലി, മെസ്സിയും പിതാവും മറ്റ് കുട്ടികളും ഉൾപ്പെടുന്ന ഒരു പഴയ ഫോട്ടോയും ഹൃദയസ്പർശിയായ കുറിപ്പും തങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചു.
ദീർഘകാലമായി അസുഖബാധിതനായിരുന്ന ഹോർഹെ മെസ്സി ശനിയാഴ്ച പുലർച്ചെ റൊസാരിയോയിലെ സനാറ്റോറിയോ സെൻട്രോ ആശുപത്രിയിലാണ് അന്തരിച്ചത്. റൊസാരിയോയിലെ തെരുവുകളിൽ തുടങ്ങി ലോകകപ്പ് വിജയത്തിൽ വരെ എത്തിനിൽക്കുന്ന മെസ്സിയുടെ ഫുട്ബാൾ യാത്രയിൽ ഏറ്റവും വലിയ കരുത്തായി നിലകൊണ്ടത് പിതാവായിരുന്നു. താരത്തിന്റെ കരിയർ വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം മെസ്സിയുടെ ഏജന്റായും പ്രവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.