ലയണൽ മെസ്സിയുടെ തകർപ്പൻ സോളോ ഗോളുകളുടെ കരുത്തിൽ മോൺട്രിയാലിനെതിരെ ഇന്റർമയാമിക്ക് 4-1ന്റെ ജയം. ക്ലബ് ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ നടന്ന മേജർ സോക്കർ ലീഗ് മത്സരത്തിലാണ് ഇന്റർമയാമിയുടെ തകർപ്പൻ തിരിച്ചു വരവ്.
രണ്ടാം മിനിറ്റിൽ മയാമിയെ ഞെട്ടിച്ച് മോൺട്രിയാൽ വലകുലുക്കി. മെസ്സി തട്ടിനീക്കിയ ബാക് പാസ് പിടിച്ചെടുത്ത് പ്രിൻസ് ഒവുസുവാണ് ഗോൾ നേടിയത്. എന്നാൽ, ആദ്യ പകുതിയിൽ തന്നെ മയാമി തിരിച്ചടിച്ചു. 33ാം മിനിറ്റിൽ ടാഡിയോ അലൈൻഡേ സമനില ഗോൾ നേടി. പിന്നാലെ നാലു എതിർതാരങ്ങളെ വകഞ്ഞുമാറ്റി ബോക്സിന്റെ വലത് മൂലയിൽ നിന്ന് മെസ്സി തൊടുത്തൊരു ഷോട്ട് പിഴവുകളില്ലാതെ വലയിലെത്തിയതോടെ ആദ്യപകുതിയിൽ ഇൻർമയാമി 2-1ന്റെ ലീഡെടുത്തു.
കളി ഒരു മണിക്കൂറാകവേ മയാമി ലീഡ് ഉയർത്തി. രണ്ട് മിനിറ്റിനകം തന്നെ മെസ്സിയുടെ രണ്ടാം ഗോളും പിറന്നു. ഏഴു എതിർതാരങ്ങളെ ഒന്നൊന്നായി ഡ്രിബ്ൾ ചെയ്തു കയറിയ അവിശ്വസനീയ സോളോ റണ്ണിലൂടെ മെസ്സി വല കുലുക്കിയത് പ്രായത്തിനു തളർത്താൻ പറ്റാത്ത പ്രതിഭയാണ് താനെന്നത് അടിവരയിട്ടായിരുന്നു. ഈ മെസ്സി മാജിക്കിലൂടെ ഇന്റർ മയാമി 4-1ന് മുന്നിലെത്തി. ഇന്റർമയാമിയുടെ അവസാന നാല് മത്സരങ്ങളിൽ നിന്ന് മെസ്സി സ്വന്തമാക്കിയത് ഏഴ് ഗോളുകളാണ്.
ഫിഫ ക്ലബ് ലോകകപ്പ് പ്രീക്വാർട്ടറിൽ പി.എസ്.ജിക്കെതിരായ തിരിച്ചടിക്കുശേഷം മയാമിയുടെ തിരിച്ചുവരവ് കൂടിയായിരുന്നു മോൺട്രിയാലിനെതിരെ. ഇന്റർ മയാമിക്കെതിരെ മറുപടിയില്ലാത്ത നാലു ഗോളുകളാണ് പി.എസ്.ജി വഴങ്ങിയത്. മെസ്സിയും ലൂയി സുവാരസും മുഴുവൻ സമയവും കളിച്ചിട്ടും പി.എസ്.ജി വല കുലുക്കാൻ ഇന്റർമയാമിക്കു സാധിച്ചില്ല.
ആദ്യ പകുതിയിലായിരുന്നു പി.എസ്.ജിയുടെ നാലു ഗോളുകളും. പോർച്ചുഗീസ് താരം ജോവോ നെവസ് പിഎസ്ജിക്കായി ഇരട്ട ഗോളുകൾ നേടി. 6,39 മിനിറ്റുകളിലായിരുന്നു നെവസിന്റെ ഗോളുകള്‍. 44–ാം മിനിറ്റില്‍ ഇന്റർ മയാമി താരം തോമസ് അവിലെസിന്റെ സെൽഫ് ഗോളും പിഎസ്ജിയുടെ ലീഡ് വർധിപ്പിച്ചു. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമിൽ അഷ്റഫ് ഹക്കീമി പി.എസ്.ജിയുടെ നാലാം ഗോൾ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.