ബാഴ്സലോണ-അത്‍ലറ്റിക്കോ മഡ്രിഡ് മത്സരത്തിൽനിന്ന്
മഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ ജയം തുടർന്ന് ബാഴ്സലോണ കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്തപ്പോൾ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി റയൽ മഡ്രിഡ്. അത്‍ലറ്റിക്കോ മഡ്രിഡിനെ 2-1നാണ് കറ്റാലൻസ് പരാജയപ്പെടുത്തിയത്. ഇതേ സ്കോറിന് റയലിനെ മയ്യോർക്കയും വീഴ്ത്തി. 30 റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ബാഴ്സക്കും റയലിനും യഥാക്രമം 76ഉം 69ഉം പോയന്റായി. എട്ട് കളികൾ വീതമാണ് ബാക്കിയുള്ളത്.
അത്‍ലറ്റിക്കോയുടെ മൈതാനത്ത് 39ാം മിനിറ്റിൽ കറ്റാലൻസ് പിറകിലായി. ജിയൂലിയാനോ സിമിയോണാണ് ആതിഥേയർക്കായി വലകുലുക്കിയത്. എന്നാൽ, 42ാം മിനിറ്റിൽതന്നെ ബാഴ്സ തിരിച്ചടിച്ചു. മാർക്കസ് റാഷ്ഫോഡ് സമനില പിടിച്ചു. ഒന്നാം പകുതി തീരാനിരിക്കെ ലമീൻ യമാലിനെ ഫൗൾ ചെയ്തതിന് അത്‍ലറ്റിക്കോ ഡിഫൻഡർ നിക്കോളാസ് ഗോൺലാസ് ചുവപ്പ് കാർഡ് കണ്ടതോടെ നാട്ടുകാരുടെ അംഗബലം പത്തായി ചുരുങ്ങി. മത്സരം സമനിലയിലേക്കെന്ന് തോന്നിച്ച ഘട്ടത്തിൽ റോബർട്ടോ ലെവൻഡോവ്സ്കിയാണ് (87) വിജയം കുറിച്ചത്.
എവേ മത്സരത്തിലായിരുന്നു റയലിന്റെ തോൽവി. 42ാം മിനിറ്റിൽ മനു മോർലാനസിലൂടെ ലീഡ് പിടിച്ചു മയ്യോർക്ക. മറുപടിക്കായി 88ാം മിനിറ്റ് വരെ കാക്കേണ്ടിവന്നു. എഡർ മിലിറ്റാവോയുടെ വകയായിരുന്നു റയലിന്റെ സമനില ഗോൾ. എന്നാൽ, മൂന്ന് മിനിറ്റിനകം വെദാത്ത് മുരിക്വിയിലൂടെ (90+1) സ്കോർ ചെയ്ത് മയ്യോർക്ക ജയം കൈപ്പിടിയിലാക്കി. 17ാം സ്ഥാനത്താണ് മയ്യോർക്ക (31).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.