സാബി അലോൻസോയും കിലിയൻ എംബാപ്പെയും

ചാമ്പ്യൻസ് ലീഗ്: എംബാപ്പെയെ ഇത്തവണയെങ്കിലും ഭാഗ്യം തുണക്കുമോ..?

മഡ്രിഡ്: ഒന്നും രണ്ടുമല്ല, നീണ്ട ആറു സീസണിൽ ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിയുടെ ചാമ്പ്യൻസ് ലീഗ് പദ്ധതിയിൽ മുൻ നിരയിലായിരുന്നു കിലിയൻ എംബാപ്പെ.

2018 ലോകകപ്പ് ഫുട്ബാളിൽ ഫ്രാൻസിനെ കിരീടത്തിലേക്ക് നയിക്കുന്നതിൽ ചുക്കാൻപിടിച്ച 20 കാരനെ ലോകകപ്പിനായി റഷ്യയിലേക്ക് പറക്കും മുമ്പേ പി.എസ്.ജി സ്വന്തമാക്കിയിരുന്നു. 2016ലെ അണ്ടർ 19 യൂറോകപ്പിൽ ഫ്രാൻസിനെ ജേതാവാക്കിയ കൗമാരക്കാരൻ, ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും ഗോളടിച്ചുകൂട്ടുന്നത് കണ്ടാണ് പി.എസ്.ജി കോച്ച് ഉനായ് എംറി പാരീസിലെ വീട്ടിലെത്തി എംബാപ്പെയെ കണ്ടു സംസാരിച്ച് ടീമിലെത്തിച്ചത്.

ഒരു 19 കാരന് ലഭിക്കുന്ന ഏറ്റവും വലിയ തുകക്കുള്ള റെക്കോഡ് കരാർ വെച്ചു നീട്ടിയപ്പോൾ പി.എസ്.ജിയുടെ ഉള്ളിലിരിപ്പ് ​ചാമ്പ്യൻസ് ലീഗ് കിരീടം മാത്രമായിരുന്നു. ആ നിരയിലേക്ക് ലയണൽ മെസ്സിയും നെയ്മറും ഉൾപ്പെടെ ഇതിഹാസങ്ങളും വന്നു ചേർന്നപ്പോൾ പഴയകാല റയൽ മഡ്രിഡിന്റെ ‘ഗലക്റ്റികോസ്’ പാരീസിൽ അവതരിച്ചതായി ഓർമിപ്പിച്ചു. പിന്നെ പി.എസ്.ജിയുടെ കാലമെന്നായിരുന്നു പ്രവചനം. എന്നാൽ, ദേശീയ തലത്തിൽ കപ്പടിച്ചു കൂട്ടിയവർ, യൂറോപ്പിൽപരാജയമായി മാറി. തുടർച്ചയായി ആറു സീസണിൽ എംബാപ്പെയും കൂട്ടുകാരും പരിശ്രമിച്ചിട്ടും ചാമ്പ്യൻസ് ലീഗ് എന്ന സ്വപ്നം അകന്നു നിന്നു.

2019ൽ ഫൈനൽ വരെയെത്തി പുറത്തായി. 2021ൽ സെമി വരെയും, അടുത്തവർഷം പ്രീക്വാർട്ടർവരെയുമായി സാധ്യതകൾ മാറിമറിഞ്ഞു.

പിന്നീട്, പി.എസ്.ജിക്കൊപ്പമുള്ള എല്ലാ സ്വപ്നങ്ങളും ഉപേക്ഷിച്ച് കിലിയൻ എംബാപ്പെ കഴിഞ്ഞ വർഷമാണ് സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡിലേക്ക് ചേക്കേറിയത്. ലോകകപ്പ് കിരീടവും, നാഷൻസ് ലീഗും യൂത്ത് ടീമിനൊപ്പം ​യൂറോകിരീടവുമെല്ലാം സ്വന്തമാക്കിയ എംബാക്കെക്ക് ക്ലബ് ഫുട്ബാളിലെ വലിയ സ്വപ്നമായ ചാമ്പ്യൻസ് ലീഗ് സാക്ഷാത്കരിക്കാനുള്ള ചാട്ടമായിരുന്നു റയലിലേക്ക്. 15 തവണ യൂറോപ്യൻ ചാമ്പ്യന്മാരായവർക്കൊപ്പം അത് മോഹിക്കുന്നതിലും തെറ്റില്ല.

എന്നാൽ, എംബാപ്പെ കൂടുമാറിയതിനു പിന്നാലെ പി.എസ്.ജി യൂറോപ്യൻ ചാമ്പ്യന്മാരാകുന്നതാണ് 2024-25 സീസണിൽ കാണുന്നത്. എംബാപ്പെയുടെ റയൽ ക്വാർട്ടറിൽ വീണപ്പോൾ, പി.എസ്.ജിയുടെ ജൈത്രയാത്ര ഫൈനലിൽ ഇന്റർമിലാനെയും വീഴ്ത്തി കിരീടനേട്ടത്തിലേ അവസാനിച്ചുള്ളൂ. ഫ്രഞ്ച് ക്ലബിന്റെ കന്നി കിരീട നേട്ടം കൂടിയായിരുന്നു ഇത്.

എംബാപ്പെക്ക് തിടുക്കമില്ല -കോച്ച് സാബി

ചൊവ്വാഴ്ച കിക്കോഫ് കുറിക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യമത്സരത്തിന് മുമ്പായി നടന്ന വാർത്താ സമ്മേളനത്തിൽ റയൽ മഡ്രിഡ് കോച്ച് സാബി അലോൻസോ നേരിട്ട ചോദ്യങ്ങളിലൊന്ന് എംബാപ്പെയുടെ ചാമ്പ്യൻസ് ലീഗ് സ്വപ്നത്തെ കുറിച്ചായിരുന്നു. ചൊവ്വാഴ്ച രാത്രി റയൽ മഡ്രിഡ് മാ​ഴ്സെയെ നേരിടുമ്പോൾ എംബാപ്പെയുടെ കിരീട പ്രതീക്ഷകളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കോച്ച് മറുപടിയും പറഞ്ഞു.

റയലിന്റെയും എംബാപ്പെയും കിരീട പ്രതീക്ഷകൾ അധികഭാരമാവുമോയെന്ന ചോദ്യത്തിന് ‘എംബാപ്പെക്ക് തിടുക്കമില്ലെന്നായിരുന്നു..’ കോച്ച് സാബിയുടെ പ്രതികരണം.

‘എത്രയും വേഗം, അല്ലെങ്കിൽ വൈകാതെ ചാമ്പ്യൻസ് ലീഗ് നേടുക എന്നതാണ് ലക്ഷ്യങ്ങളിലൊന്നാണ്. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ എംബാപ്പെയുമുണ്ട്. പക്ഷേ, അതേ കുറിച്ച് അദ്ദേഹത്തിന് തിടുക്കമോ ഉത്കണ്ഠയോ ഉണ്ടെന്ന് കരുതുന്നില്ല. ഇന്നും ചാമ്പ്യൻസ് ലീഗിനെ കുറിച്ചു സംസാരിച്ചു. പക്ഷേ, അത് അടുത്ത മേയിലെ ഫൈനലിനെ കുറിച്ചല്ല. സമീപ മത്സരങ്ങളെ കുറിച്ചാണ് സംസാരം’ -കോച്ച് സാബി പറഞ്ഞു.

ക്ലബ് ലോകകപ്പിൽ പി.എസ്.ജിയോടേറ്റ വൻ തോൽവിയുടെ ക്ഷീണവും മാറ്റി പുതുമയോടെയാണ് റയൽ ചാമ്പ്യൻസ് ലീഗിനൊരുങ്ങുന്നത്. ലാ ലിഗ സീസണിൽ പുതിയ കോച്ച് സാബിയുടെ കീഴിൽ ജയിച്ചു തുടങ്ങിയ റയൽ നിരയിൽ ജൂഡ് ബെല്ലിങ്ഹാം, എഡ്വേർഡോ കാമവിംഗ എന്നിവരെയും ഇന്നത്തെ അങ്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Kylian Mbappe 'Not Anxious' About Ending UCL Drought, Says Real Madrid Boss Xabi Alonso

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.