കോൾഡോ ഒബിയേറ്റ

കൊമ്പന്മാർക്ക് കരുത്തേകാൻ കോൾഡോ; സ്പാനിഷ് താരവുമായി കരാറിൽ ഒപ്പുവെച്ച് ബ്ലാസ്റ്റേഴ്സ്

ഐ.എസ്.എൽ പുതിയ സീസണിന് മുന്നോടിയായി സ്പാനിഷ് സെന്റർ ഫോർവേഡ് താരം കോൾഡോ ഒബിയേറ്റയെ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചു. കോൾഡോയുമായി ഒരു വർഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്സ് ഒപ്പുവെച്ചത്. 31കാരനായ കോൾഡോ, സ്പാനിഷ് ക്ലബ്ബായ റിയൽ യൂണിയനിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. സീസണിലെ ആദ്യ വിദേശ സൈനിങ്ങിലൂടെ മുന്നേറ്റനിരയുടെ കരുത്ത് കൂട്ടാനാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് ലക്ഷ്യമിടുന്നത്.

ബാസ്റ്റേഴ്സ് കുടുംബത്തിൽ അംഗമാകാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് കോൾഡോ പ്രതികരിച്ചു. ബ്ലാസ്റ്റേഴ്സിൽനിന്ന് ഓഫർ ലഭിച്ചപ്പോൾ, ക്ലബ്ബിനെക്കുറിച്ച് ഇന്‍റർനെറ്റിൽ തിരഞ്ഞു. ആരാധകരെക്കുറിച്ചുള്ള ഒരുപാട് കാര്യങ്ങൾ കണ്ടു. ഈ കുടുംബത്തിന്‍റെ ഭാഗമാകാൻ കഴിയുന്നതിൽ അതിയായ അഭിമാനമുണ്ട്. മൈതാനത്ത് ഇറങ്ങി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ കാത്തിരിക്കുകയാണെന്നും സ്പാനിഷ് താരം കൂട്ടിച്ചേർത്തു.

സ്പാനിഷ് ക്ലബ്ബുകളിൽ കളിച്ച് പരിചയമുള്ള മികച്ച ഫോർവേഡ് താരമാണ് കോൾഡോ. 2012 മുതൽ സീനിയർ ഫുട്ബാൾ കളിക്കുന്നുണ്ട്. സമൂദിയോ, എസ്.ഡി അമോറെബിയെറ്റ, സി.ഡി. ടുഡെലാനോ, എ.ഡി. അൽകോർക്കോൺ തുടങ്ങിയ സ്പാനിഷ് ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. ആറടി ഉയരമുള്ള കോൾഡോ, എയറിൽ പന്ത് സ്വീകരിക്കാനുള്ള അസാമാന്യമായ കഴിവും കൗണ്ടർ അറ്റാക്കുകളിലെ ഫിനിഷിങ് മികവും കാഴ്ചവെച്ചിട്ടുണ്ട്. ഈ മാസം ഏഴിന് ഗോവയിൽ ആരംഭിക്കുന്ന ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ ക്യാമ്പിൽ കോൾഡോ ടീമിനൊപ്പം ചേരുമെന്നാണ് വിവരം.

Tags:    
News Summary - Kerala Blasters signs Spanish forward Koldo Obieta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.