കൊച്ചി: പോർചുഗീസ് മുന്നേറ്റതാരം തിയാഗോ അലക്സാണ്ടർ മെൻഡസ് ആൽവെസുമായുള്ള കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഏഷ്യയിലെ ഏറ്റവും ശക്തമായ ലീഗുകളിലൊന്നായ ജപ്പാനിലെ ജെ-1 ലീഗിൽ നിന്നാണ് 29കാരനായ ആൽവെസ് മഞ്ഞപ്പടയിലേക്കെത്തുന്നത്.
മുന്നേറ്റനിരയിലെ ഏതു പൊസിഷനിലും ഒരുപോലെ കളിക്കാനുള്ള കഴിവാണ് പോർചുഗലിലെ കൊയിമ്പ്രയിൽ ജനിച്ച താരത്തെ വ്യത്യസ്തനാക്കുന്നത്. പ്രധാനമായും ഇടതുവിങ്ങിൽ അതിവേഗം പന്തുമായി പ്രതിരോധനിരയെ കീറിമുറിച്ച് മുന്നേറാൻ കഴിവുള്ള ആൽവെസ് സെന്റർ ഫോർവേഡായും അറ്റാക്കിങ് മിഡ്ഫീൽഡറായും മികവ് തെളിയിച്ചിട്ടുണ്ട്. പോർചുഗലിന്റെ പ്രശസ്തമായ സ്പോർട്ടിങ് സി.പി, അക്കാഡമിക്ക കൊയിമ്പ്ര, ഓസ് ബെലെനെൻസസ് തുടങ്ങിയ ക്ലബുകളുടെ യൂത്ത് സിസ്റ്റത്തിലാണ് ആൽവെസ് ഫുട്ബാൾ പഠനം ആരംഭിച്ചത്.
വാർസിം എസ്.സിയിൽ സീനിയർതലത്തിൽ അരങ്ങേറ്റം കുറിച്ചശേഷം, പോർചുഗീസ് ലീഗുകളിൽ ശ്രദ്ധേയനായി. 2019ൽ പോളണ്ടിലെ ഒളിമ്പിയ ഗ്രുഡ്സിയാൻഡെസുമായി കരാർ ഒപ്പിട്ട് പോർചുഗലിന് പുറത്തേക്ക് ചേക്കേറി. അവിടത്തെ മികച്ച പ്രകടനം പോളണ്ടിലെ ടോപ് ഡിവിഷൻ ക്ലബായ പിയാസ്റ്റ് ഗ്ലിവൈസിലേക്ക് വഴിതുറന്നു. ആൽവെസിന്റെ കരിയറിലെ ഏറ്റവും മികച്ച സീസൺ ജപ്പാനിലാണ്.
ജെ-2 ലീഗിൽ മോണ്ടെഡിയോ യമഗതക്കുവേണ്ടി രണ്ടു സീസണിലായി 67 മത്സരങ്ങളിൽനിന്ന് 24 ഗോൾ നേടി. പിന്നീട് ബ്രസീലിലെ ബോട്ടഫോഗോ-എസ്.പി, ജപ്പാനിലെ ടോക്കിയോ വെർഡി ക്ലബുകൾക്കുവേണ്ടിയും ബൂട്ട് കെട്ടി. കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള പുതിയ തുടക്കത്തിൽ വളരെ സന്തോഷവാനാണെന്നും പുതിയ വെല്ലുവിളി ഏറ്റെടുക്കാൻ കിട്ടിയ നല്ല അവസരമാണിതെന്നും ആൽവെസ് പറഞ്ഞു. പ്രീ സീസൺ പരിശീലനത്തിനായി ആൽവെസ് ഉടൻ ടീമിനൊപ്പം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.