ചെമ്പടയെ ആരു രക്ഷിക്കും? മിറ്റോമ മാജികിൽ ലിവർപൂളിനെ പറഞ്ഞുവിട്ട് ബ്രൈറ്റൺ

ആഴ്സണലും ന്യുകാസിലും പുതിയ ചരിത്രം കുറിക്കാ​നൊരുങ്ങുന്ന ഇംഗ്ലീഷ് ലീഗിൽ ചുവടു പിഴക്കുന്നത് തുടർന്ന് പഴയ തമ്പുരാക്കന്മാർ. എഫ്.എ കപ്പ് നാലാം റൗണ്ട് പോരാട്ടത്തിലാണ് ബ്രൈറ്റണോട് തോറ്റ് ലിവർപൂൾ പുറത്തായത്. ഹാർവി എലിയട്ട് നേടിയ ഗോളിൽ മുന്നിൽനിന്ന ശേഷമായിരുന്നു രണ്ടു ഗോളുകൾ വഴങ്ങി ചെമ്പടയുടെ മടക്കം. ലൂയിസ് ഡങ്ക് ഒപ്പം പിടിച്ച ബ്രൈറ്റണെ വിജയതീരത്തെത്തിച്ച് ജപ്പാൻ താരം മിറ്റോമയായിരുന്നു മനോഹര ഗോളിനുടമ. ലിവർപൂൾ പ്രതിരോധം വട്ടംപിടിച്ചുനിന്ന ​ബോക്സിൽ മനോഹരമായ ഫ്ലിക്കിലൂടെ എതിരാളികളെ അപ്രസക്തരാക്കിയായിരുന്നു മിറ്റോമ വല കുലുക്കിയത്. ടൂർണമെന്റ് കണ്ട ഏറ്റവും മികച്ച ഗോളുകളി​ലൊന്ന് പിറക്കുമ്പോൾ മുമ്പിൽ മൂന്നു പ്രതിരോധ താരങ്ങളുണ്ടായിരുന്നു. എന്നിട്ടും ​പന്ത് പോസ്റ്റിലേക്ക് അടിച്ചുകയറ്റിയെന്ന് തോന്നിച്ച് പതിയെ വെട്ടിച്ച് അലിസണെ കാഴ്ചക്കാരാനാക്കുകയായിരുന്നു.

എഫ്.എ കപ്പിൽ പുറത്തായ ക്ലോപിന്റെ കുട്ടികൾ പ്രിമിയർ ലീഗിൽ ഒമ്പതാം സ്ഥാനത്താണ്. ഒന്നാമതുള്ള ആഴ്സണലുമായി പോയിന്റ് അകലം 21. ലീഗിൽ ഇനി സാധ്യത തീരെ കുറവാണെന്നിരിക്കെ ചാമ്പ്യൻസ് ലീഗിൽ തകർപ്പൻ തിരിച്ചുവരവുമായി മുന്നോട്ടുപോകൽ മാത്രമാണ് ടീമിനു മുന്നിലെ ഏക വഴി. കടുത്ത പ്രതിസന്ധി വേട്ടയാടുന്ന ടീം അവസാന ആറു കളികളിൽ ഒരു മത്സരം മാത്രമാണ് ജയിച്ചത്.

കഴിഞ്ഞ സീസണിൽ ചരിത്രം കുറിച്ച് നാലു കിരീടങ്ങൾ കൈയെത്തും ദൂരത്തുനിന്ന സംഘമാണ് ഇത്തവണ ഒന്നുമില്ലാത്തവരായി പുറത്താകാൻ ഒരുങ്ങുന്നത്. ബ്രൈറ്റൺ മൈതാനത്ത് 15 ദിവസത്തിനിടെ ക്ലോപിനിത് രണ്ടാം തോൽവിയാണ്. ആദ്യ മത്സരം 3-0നായിരുന്നു ടീം തോറ്റത്. 

Tags:    
News Summary - Kaoru Mitoma Magic Inflicts More Brighton Misery On Liverpool

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.