ഇറ്റലിയുടെ വിജയ ഗോളിനു പിന്നാലെ ടീം അംഗങ്ങളുടെ ആഹ്ലാദം

ത്രില്ലർ പോരാട്ടം, ഒമ്പത് ഗോളുകൾ; ഇസ്രായേലിനെ വീഴ്ത്തി ഇറ്റലി

ഡെബ്രസൻ (ഹംഗറി): അടിക്ക് തിരിച്ചടി, അറ്റാക്കിന് കൗണ്ടർ അറ്റാക്കിൽ മറുപടി. അടിമുതി ത്രില്ലൊഴുകിയ അങ്കത്തിനൊടുവിൽ ഇഞ്ചുറി ടൈമിലെ ആദ്യ മിനിറ്റിൽ പിറന്ന ഗോൾ ഇറ്റലിയെ രക്ഷിച്ചു. ഇസ്രായേലിനെ 5-4ന് തകർത്ത് ഇറ്റലിക്ക് ലോകകപ്പ് യോഗ്യതാ റൗണ്ടിൽ പുതു ജീവൻ. രണ്ടാം പകുതിയിലെ 45 മിനിറ്റിനുള്ളിൽ ഇരു നിരയിലുമായി പിറന്നത് ഏഴ് ഗോളുകൾ.

അടിയും തിരിച്ചടിയുമായി മാറിമറിഞ്ഞ നിമിഷങ്ങൾക്കൊടുവിലായിരുന്നു ലോകകപ്പ് യോഗ്യത യൂറോപ്യൻ റൗണ്ടിലെ ഗ്രൂപ്പ് ‘ഐ’യിലെ  നിർണായക ജയം. തുടർച്ചയായി മൂന്നാം ലോകകപ്പിലും പുറത്താവാതിരിക്കാൻ യോഗ്യത ഉറപ്പിക്കൽ മഹാദൗത്യമായി മാറിയ ഇറ്റലിക്ക് ആശ്വാസം പകരുന്നതാണ് ഈ വിജയം. ഇതോടെ, ഗ്രൂപ്പിൽ ഒന്നാമതുള്ള നോർവെക്ക് പിന്നാലെ (12 പോയന്റ്), ഒമ്പത് പോയന്റുമായി ഇറ്റലി രണ്ടാം സ്ഥാനത്തേക്ക് കയറി. ഇതേ പോയന്റുമായി ഇസ്രായേൽ മൂന്നാം സ്ഥാനത്താണ്.

2018, 2022 ലോകകപ്പിന് യോഗ്യത നേടാതെ പോയ ഇറ്റലി, കഴിഞ്ഞ കാലങ്ങളിലെ കഷ്ടകാലം മാറാതെ തുടരുന്നതിന്റെ നിഴലിൽ തന്നെയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു അവസാന മത്സരവും. ഹംഗറിയിൽ നടന്ന പോരാട്ടത്തിൽ 16ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെ ഇസ്രായേലിന് അനുകൂലമായി ഗോൾ വഴങ്ങി. ഒടുവിൽ 40ാം മിനിറ്റിൽ മോയിസ് കീനാണ് തിരിച്ചു കയറാൻ ആവശ്യമായി ഊർജമായി സമനില ഗോൾ സമ്മാനിച്ചത്.

രണ്ടാം പകുതിയിൽ കളത്തിൽ കണ്ടത് ഗോളടിയുടെ പെരുമഴ. 52ാം മിനിറ്റിൽ പെരറ്റ്സിലൂടെ ഇസ്രായേൽ ലീഡ് പിടിച്ചു. ശേഷം, കീനും (54), മാറ്റ്യോ പൊളിറ്റാനോയും (58) ഇറ്റലിയെ മുന്നിലെത്തിച്ചു (2-3). കളി 80 മിനിറ്റ് കടന്ന ശേഷം ജിയാകോമോ റാസ്പഡോറിയിലൂടെ ഇറ്റലി ലീഡുയർത്തിയെങ്കിലും, അടങ്ങാത്ത പോരാട്ട വീര്യവുമായി ​കളിച്ച ഇസ്രായേൽ ഒരു സെൽഫിന്റെയും, 89ാം മിനിറ്റിൽ പെരസിന്റെയും ഗോളിലൂടെ 4-4ന് ഒപ്പമെത്തി. ഒടുവിൽ 91ാം മിനിറ്റിൽ ന്യൂകാസിൽ യുനൈറ്റഡ് താരം സാൻഡ്രോ​ ടൊണാലിയുടെ ബൂട്ടിൽ നിന്നും പിറന്ന അനായാസമായൊരു ഷോട്ട് ഇസ്രായേൽ ഗോളി ഡാനിയേൽ പെരറ്റ്സിനെ കടന്ന് വലയിൽ പതിച്ചപ്പോൾ ഇറ്റലിക്ക് വിലപ്പെട്ട മൂന്ന് പോയന്റുകളും ഒപ്പമെത്തി.

കോച്ച് ഗെന്നരോ ഗട്ടുസോക്കും സംഘത്തിനും വരാനിരിക്കുന്ന മത്സരങ്ങളിൽ ആശ്വാസം നൽകുന്നതാണ് ഈ നേട്ടം. ഗ്രൂപ്പ് റൗണ്ടിൽ എസ്തോണിയ, ഇസ്രായേൽ, മൊൾഡോവ, നോർവെ എന്നിവർക്കെതിരായ മത്സരത്തിൽ ലീഡ് നിലനിർത്തിയെങ്കിൽ മാത്രമേ ഇറ്റലിക്ക് കഴിഞ്ഞ ലോകകപ്പിന്റെ ദുരന്ത ഓർമകൾ മറന്ന് വിശ്വമേളയുടെ വേദിയിൽ തിരികെയെത്താൻ കഴിയൂ.

യൂറോപ്യൻ യോഗ്യതാ റൗണ്ടിലെ മറ്റു മത്സരങ്ങളിൽ ക്രൊയേഷ്യ മോണ്ടിനെഗ്രോയെ 4-0ത്തിനും, ‘സി’യിൽ ഡെന്മാർക് 3-0ത്തിന് അസർബൈജാനെയും, ‘ബി’യിൽ സ്വിറ്റ്സർലൻഡ് 3-0ത്തിന് ​െസ്ലാവേനിയയെയും തോൽപിച്ചു. അതേസമയം, ​‘ബി’യിൽ സ്വീഡൻ കൊസോവോ സ്വീഡനെ 2-0ത്തിന് തോൽപിച്ചു. 

Tags:    
News Summary - Italy beat Israel in nine goal qualifying thriller

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.