‘മെസ്സി ഫേക്ക് ലെഫ്റ്റ്; ഡൈവ് റൈറ്റ്’; ഇംഗ്ലീഷ് ഗോളി പിക് ഫോർഡിന്‍റെ വാട്ടർബോട്ടിലിലെ രഹസ്യം പരസ്യമായി, അന്തംവിട്ട് അർജന്റീന താരങ്ങൾ

അറ്റ്ലാന്റ: അർജന്റീന-ഇംഗ്ലണ്ട് സെമി ഫൈനലിനു പിന്നാലെ, ഇംഗ്ലീഷ് ഗോൾകീപ്പർ ജോർഡൻ പിക് ഫോർഡിന്റെ കുടിവെള്ള കുപ്പിയാണ് ഇപ്പോൾ വാർത്തകളിൽ താരം. കളി 90 മിനിറ്റിൽ വിധിയായെങ്കിലും, പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയാൽ പ്രയോഗിക്കേണ്ട പിക് ഫോർഡിന്റെ രഹസ്യ അടവുകളെക്കുറിച്ചാണ് കുപ്പിക്കൊപ്പം ഇപ്പോൾ പുറത്തായത്.

ഷൂട്ടൗട്ടിൽ അർജന്റീനയുടെ ഓരോ താരവും എടുക്കുന്ന ഷോട്ടിന്റെ പൊതു സ്വഭാവവും, ഇത് തടയാൻ സ്വീകരിക്കേണ്ടത് എന്തെന്നും എഴുതി വാട്ടർബോട്ടിലിൽ ഒട്ടിച്ചുവെച്ചാണ് താരം കളത്തിലേക്ക് വന്നത്. മത്സര ശേഷം, ലയണൽ മെസ്സിയുടെയും സഹതാരങ്ങളുടെയും കണ്ണിൽ പെട്ട കുപ്പിയിലെ രഹസ്യങ്ങൾ കാമറക്കണ്ണുകളും ഒപ്പിയെടുത്തു. അർജന്റീന ടീമിലെ ഗോൾ കീപ്പർമാർ ഒഴികെ 22 താരങ്ങളുടെ ഗോൾ കിക്കുകൾ എങ്ങനെയാണ് വരുന്നതെന്നും, എങ്ങോട്ട് ചാടി തടയണമെന്നും ഇംഗ്ലീഷിലായി വിശദമായിത്തന്നെ പ്രിന്റ് ചെയ്തിരിക്കുന്നു.

മെസ്സി ഈ കുപ്പിയിൽ എഴുതിയത് വായിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിക്കോ ഗോൺസാലെസ് കൈയിൽപിടിച്ചിരിക്കുന്ന കുപ്പിയിലെ എഴുത്ത് മെസ്സി വായിക്കാൻ ശ്രമിക്കുന്നതാണ് പ്രചരിക്കുന്ന വിഡിയോയിലും ചിത്രങ്ങളിലുമുള്ളത്. ‘ഫേക്ക് ലെഫ്റ്റ്, ഡൈവ് റൈറ്റ്’ എന്നാണ് മെസ്സിയുടെ പെനാൽറ്റിയെ രക്ഷപ്പെടുത്താൻ വിശേഷിപ്പിച്ചത്. പക്ഷേ, കളി ഫുൾടൈമിൽ അർജന്റീനയുടെ ജയത്തോടെ അവസാനിച്ചതിനാൽ ഇതിന്റെ ആവശ്യമൊന്നും വേണ്ടിവന്നില്ല. എതിർ ടീം അംഗങ്ങളുടെ പെനാൽറ്റി വിശകലനം ചെയ്യുന്ന ഡേറ്റ അനലറ്റിക്സ് ഉൾപ്പെടെ ശാസ്ത്രീയ വിശകലനങ്ങൾക്കൊടുവിലാണ് ഗോളിമാർ ഇത്തരം കുറിപ്പ് തയാറാക്കി ഗ്രൗണ്ടിൽ കൊണ്ടുവരുന്നത്.

സെമിയിലെ ത്രില്ലർ പോരിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അർജന്റീന ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. 84 മിനിറ്റുവരെ ഒരു ഗോളിന്റെ ലീഡുമായി മുന്നേറിയ ഇംഗ്ലണ്ടിനെ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് മെസ്സിപ്പട തോൽപിച്ചത്. അർജന്റീനക്കുവേണ്ടി എൻസോ ഫെർണാണ്ടസും ലൗട്ടാരോ മാർട്ടിനെസ്സുമാണ് ഗോൾ നേടിയത്. 20ന് പുലർച്ചെ 12.30ന് നടക്കുന്ന ഫൈനലിൽ അർജന്‍റീന മുൻ ലോക ചാമ്പ്യന്മാരായ സ്പെയിനിനെ നേരിടും.

Tags:    
News Summary - Lionel Messi Discovers Jordan Pickford's Penalty Notes On Water Bottle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.