അറ്റ്ലാന്റ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന ആവേശകരമായ സെമിഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് അർജന്റീന ഫൈനലിൽ കടന്നതിന് പിന്നാലെ, 2026 ഫിഫ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ലിയോണൽ മെസ്സി ഒന്നാമതെത്തി. മത്സരത്തിന്റെ 55-ാം മിനിറ്റിൽ ആന്റണി ഗോർഡനിലൂടെ ഇംഗ്ലണ്ടാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ അവസാന ഘട്ടത്തിൽ കളം നിറഞ്ഞുകളിച്ച അർജന്റീനൻ നായകൻ ലയണൽ മെസ്സിയുടെ മാന്ത്രിക പ്രകടന മികവിലാണ് നിലവിലെ ചാമ്പ്യന്മാർ വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയത്.
മത്സരത്തിന്റെ 85-ാം മിനിറ്റിൽ ഇംഗ്ലീഷ് പ്രതിരോധനിരയെ കബളിപ്പിച്ച് മെസ്സി നൽകിയ കൃത്യതയാർന്ന പാസ് എൻസോ ഫെർണാണ്ടസ് വലയിലെത്തിച്ചതോടെ അർജന്റീന സമനില പിടിച്ചു. തുടർന്ന് ഇഞ്ചുറി ടൈമിൽ മെസ്സിയുടെ അളന്നുമുറിച്ച വലതുകാൽ ക്രോസിൽ നിന്ന് പകരക്കാരനായി ഇറങ്ങിയ ലൗട്ടാരോ മാർട്ടിനസ് ഹെഡറിലൂടെ വിജയഗോൾ നേടി. അർജന്റീനയെ തിങ്കളാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിലേക്ക് നയിച്ചു.ഫൈനലിൽ സ്പെയിനാണ് അർജന്റീനയുടെ എതിരാളികൾ.
39-ാം വയസ്സിലും അർജന്റീനയെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക് നയിക്കുന്നതിൽ മെസ്സിയുടെ സ്വാധീനം നിർണായകമായിരുന്നു. ടൂർണമെന്റിൽ ഇതുവരെ എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായി ആകെ 12 ഗോൾ പങ്കാളിത്തത്തോടെയാണ് മെസ്സി ഗോൾഡൻ ബൂട്ട് റേസിൽ ഒന്നാമതെത്തിയത്. എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളുമുള്ള ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെയെയാണ് മെസ്സി പിന്നിലാക്കിയത്.
അൽജീരിയക്കെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഹാട്രിക് നേടിക്കൊണ്ടാണ് മെസ്സി ഈ ലോകകപ്പ് ക്യാമ്പയ്ൻ ആരംഭിച്ചത്. തൊട്ടുപിന്നാലെ ഓസ്ട്രിയക്കെതിരെ ഇരട്ട ഗോളുകളും ജോർഡനെതിരെ പകരക്കാരനായി ഇറങ്ങി ഫ്രീ കിക്ക് ഗോളും താരം സ്വന്തമാക്കി. റൗണ്ട് ഓഫ് 32-ൽ കേപ് വെർദെയ്ക്കെതിരെയും, റൗണ്ട് ഓഫ് 16-ൽ ഈജിപ്തിനെതിരെയും (ഒരു ഗോളും ഒരു അസിസ്റ്റും) മെസ്സി സ്കോർ ചെയ്തു.
ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെതിരെ അലക്സിസ് മാക് അലിസ്റ്ററിന്റെ എക്സ്ട്രാ ടൈം വിജയഗോളിന് വഴിയൊരുക്കിയതും മെസ്സിയായിരുന്നു. സെമിയിൽ ഇംഗ്ലണ്ടിനെതിരെ രണ്ട് അസിസ്റ്റുകൾ കൂടി നേടിയതോടെ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തമുള്ള താരമായി മെസ്സി മാറി.
ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ രണ്ട് അസിസ്റ്റുകളോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകുന്ന താരമെന്ന സ്വന്തം റെക്കോർഡും മെസ്സി പുതുക്കി. മെസ്സിയുടെ ആകെ ലോകകപ്പ് അസിസ്റ്റുകളുടെ എണ്ണം ഇതോടെ 12 ആയി ഉയർന്നു. ഇതിൽ 10 അസിസ്റ്റുകളും പിറന്നത് നോക്കൗട്ട് മത്സരങ്ങളിലാണെന്നത് താരത്തിന്റെ മാറ്റ് കൂട്ടുന്നു.
ആറ് വ്യത്യസ്ത ലോകകപ്പ് പതിപ്പുകളിൽ അസിസ്റ്റ് നൽകുന്ന ആദ്യ ഫുട്ബോൾ താരം കൂടിയാണ് ലിയോണൽ മെസ്സി. 8 അസിസ്റ്റുകളുള്ള അർജന്റീനൻ ഇതിഹാസം ഡീഗോ മറഡോണയെയും 7 അസിസ്റ്റുകളുള്ള ജർമ്മനിയുടെ പിയറി ലിറ്റ്ബാർസ്കിയെയും മെസ്സി ഏറെ പിന്നിലാക്കി.
ലോകകപ്പ് ഫൈനലിലേക്ക് കടക്കുമ്പോൾ മെസ്സിക്കാണ് ഗോൾഡൻ ബൂട്ട് നേടാൻ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. എങ്കിലും പോരാട്ടം അവസാനിച്ചിട്ടില്ല. എട്ട് ഗോളുകൾ തന്നെയുള്ള എംബാപ്പെയ്ക്ക് മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ കളിക്കാൻ അവസരമുണ്ട്. അതേസമയം മെസ്സിക്ക് സ്പെയിനെതിരായ ഫൈനലിൽ കിരീടവും ഗോൾഡൻ ബൂട്ടും ഒരേസമയം ലക്ഷ്യമിടാം.
ഫിഫ നിയമപ്രകാരം, രണ്ട് അല്ലെങ്കിൽ അതിൽക്കൂടുതൽ കളിക്കാർ ഒരേ എണ്ണം ഗോളുകൾ നേടിയാൽ അസിസ്റ്റുകളുടെ എണ്ണമാണ് ഗോൾഡൻ ബൂട്ടിനായി ആദ്യം പരിഗണിക്കുക. അസിസ്റ്റുകളും തുല്യമാണെങ്കിൽ, ടൂർണമെന്റിൽ ഏറ്റവും കുറഞ്ഞ സമയം കളിച്ച കളിക്കാരനാകും പുരസ്കാരം നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.