പാരിസ്: ഫിഫ ലോകകപ്പ് സെമിഫൈനലിൽ സ്പെയിനിനോടേറ്റ പരാജയത്തിന് പിന്നാലെ ഫ്രാൻസിലെ വിവിധ നഗരങ്ങളിൽ സംഘർഷമുണ്ടായതായും രാജ്യത്തുടനീളം നൂറിലധികം പേർ പിടിയിലായതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
'ദി സൺ' ഉൾപ്പെടെയുള്ളവരാണ് ഫ്രാൻസിലെ അക്രമസംഭവങ്ങളുടെ വാർത്ത പുറത്തുവിട്ടത്. സെമിഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഫ്രാൻസ് പുറത്തായതിന് തൊട്ടുപിന്നാലെയാണ് ആരാധകർ തെരുവിലിറങ്ങിയത്.
ലിയോണിൽ ഉണ്ടായ സംഘർഷത്തിനിടെ ഒരാൾക്ക് വെടിയേറ്റതായി ഫ്രഞ്ച് പ്രാദേശിക മാധ്യമമായ 'ആക്ടുലിയോൺ' റിപ്പോർട്ട് ചെയ്തു. മത്സരം അവസാനിക്കുന്ന സമയത്താണ് വെടിവെപ്പുണ്ടായത്. സ്കൂട്ടറിലെത്തിയ രണ്ട് പേർ വെടിയുതിർത്ത ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും അക്രമത്തിന്റെ കാരണം വ്യക്തമല്ലെന്നും മാധ്യമങ്ങൾ സൂചിപ്പിക്കുന്നു. ഇവിടെ കളി കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടം അക്രമാസക്തരായതിനെ തുടർന്ന് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതായും, പൊലീസിന് നേരെ കല്ലേറുണ്ടാവുകയും മാലിന്യക്കൂമ്പാരങ്ങൾക്ക് തീയിടുകയും ചെയ്തതോടെ മെട്രോ സ്റ്റേഷൻ താൽക്കാലികമായി അടച്ചുപൂട്ടിയതായും റിപ്പോർട്ടിൽ പറയുന്നു.
പാരിസിലും പൊലീസിനും അടിയന്തര സേവന വിഭാഗങ്ങൾക്കും നേരെ പടക്കങ്ങളും ഫയർവർക്ക് മോർട്ടാറുകളും എറിഞ്ഞ നിരവധി ആരാധകരെ കസ്റ്റഡിയിലെടുത്തതായി പാരിസ് പൊലീസ് പ്രിഫെക്ചറിനെ ഉദ്ധരിച്ച് ഫ്രഞ്ച് മാധ്യമമായ 'ബി.എഫ്.എം.ടി.വി' റിപ്പോർട്ട് ചെയ്തു.
ഫ്രാൻസിന്റെ ദേശീയ ദിനമായ 'ബാസ്റ്റിൽ ഡേ' ആഘോഷങ്ങളുടെ ഭാഗമായി എഴുപതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നെങ്കിലും നഗരങ്ങളിൽ പലയിടത്തും ആരാധകർ അക്രമാസക്തരാവുകയായിരുന്നു. എന്നാൽ വലിയ രീതിയിലുള്ള പൊതുമുതൽ നശീകരണമോ ആർക്കെങ്കിലും ഗുരുതരമായ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ വ്യക്തമാക്കി.
യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് പരാജയപ്പെട്ടത്. മത്സരത്തിന്റെ 22-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മൈക്കൽ ഒയാർസബാലാണ് സ്പെയിനിനെ മുന്നിലെത്തിച്ചത്. തുടർന്ന് 58-ാം മിനിറ്റിൽ പെഡ്രോ പോറോ സ്പെയിനിന്റെ രണ്ടാം ഗോളും നേടി. ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾക്ക് മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാതെ പോയത് ഫ്രാൻസിന് തിരിച്ചടിയായി. തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്തം ക്യാപ്റ്റൻ എന്ന നിലയിൽ താൻ ഏറ്റെടുക്കുന്നുവെന്ന് എംബാപ്പെ വ്യക്തമാക്കി. ഫൈനലിൽ കടക്കാൻ കഴിയാതെ പുറത്തായ ഫ്രാൻസിന് ഇനി ശനിയാഴ്ച നടക്കുന്ന മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ പങ്കെടുക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.