സെമിക്ക് പിന്നാലെ അർജന്റീന ഉയർത്തിയ രാഷ്ട്രീയ ബാനറിന് പിന്നിൽ എന്ത്; ഫിഫയുടെ നടപടി വരുമോ?

അറ്റ്ലാന്റ: 2026 ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ മൈതാനത്ത് അരങ്ങേറിയത് നാടകീയ രംഗങ്ങൾ. ഇംഗ്ലണ്ടിനെതിരായ 2-1ന്റെ ആവേശകരമായ വിജയത്തിന് ശേഷം അർജന്റീനൻ താരങ്ങൾ മൈതാനത്ത് ഉയർത്തിയത് ഫിഫ വിലക്കിയിട്ടുള്ള രാഷ്ട്രീയ ബാനർ. "ലാസ് മാൽവിനാസ് സോൺ അർജന്റീനാസ്" (ഫോക്ക്ലാൻഡ് ദ്വീപുകൾ അർജന്റീനയുടേതാണ്) എന്നെഴുതിയ ബാനറുമായാണ് അർജന്റീനൻ പ്രതിരോധ താരങ്ങളായ ജിയോവാനി ലൊ സെൽസോ, നിക്കോളാസ് ഒട്ടമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ് തുടങ്ങിയവർ മൈതാനത്ത് ആഹ്ലാദപ്രകടനം നടത്തിയത്.

രാഷ്ട്രീയവും വംശീയവും പ്രകോപനപരവുമായ സന്ദേശങ്ങൾ നൽകുന്ന ബാനറുകൾ, പതാകകൾ, വസ്ത്രങ്ങൾ എന്നിവ സ്റ്റേഡിയത്തിനകത്ത് ഫിഫയുടെ സ്റ്റേഡിയം പെരുമാറ്റച്ചട്ടം പ്രകാരം കർശനമായി വിലക്കിയിട്ടുള്ളതാണ്. ഫിഫയുടെ നിയമങ്ങളുടെ ലംഘനമാണ് അർജന്റീനൻ താരങ്ങളുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

ഞായറാഴ്ച സ്പെയിനിനെതിരെ കലാശപ്പോരാട്ടത്തിന് ഇറങ്ങാനിരിക്കെ, ഫിഫയുടെ ഭാഗത്തുനിന്ന് അർജന്റീനക്ക് മേൽ അച്ചടക്ക നടപടിയോ പിഴയോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഫിഫയുടെ ചട്ടങ്ങൾ ചൂണ്ടിക്കാട്ടി ഫോക്ക്ലാൻഡ് ദ്വീപുകളുമായി ബന്ധപ്പെട്ട പതാകകൾക്കും ബാനറുകൾക്കും കാണികൾക്ക് അർജന്റീനൻ സുരക്ഷാ മന്ത്രി അലെജാൻഡ്ര മോണ്ടിയോലിവ നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇതെല്ലാം മറികടന്നാണ് മത്സരം കഴിഞ്ഞയുടനെ താരങ്ങൾ തന്നെ നേരിട്ട് ബാനറുമായി രംഗത്തെത്തിയത്.

ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെ പരാജയപ്പെടുത്തിയ ശേഷവും അർജന്റീനൻ താരങ്ങൾ ഡ്രസ്സിങ് റൂമിൽ "മാൽവിനാസിനും, മറഡോണയ്ക്കും, മെസ്സിയുടെ അവസാന ലോകകപ്പിനും വേണ്ടി" എന്ന് പാട്ടുപാടിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

തികച്ചും സംഘർഷഭരിതമായ മത്സരമായിരുന്നു അറ്റ്ലാന്റ സ്റ്റേഡിയത്തിൽ നടന്നത്. കളിക്കളത്തിൽ പലതവണ ഇരു ടീമിലെയും താരങ്ങൾ തമ്മിൽ ഏറ്റുമുട്ടി. 26 ഫൗളുകളും നാല് മഞ്ഞക്കാർഡുകളും പിറന്ന മത്സരത്തിൽ 55-ാം മിനിറ്റിൽ ആന്റണി ഗോർഡനിലൂടെ ഇംഗ്ലണ്ടാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ അവസാന നിമിഷങ്ങളിൽ കളം നിറഞ്ഞ അർജന്റീന 85-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിന്റെ തകർപ്പൻ ലോങ് റേഞ്ചറിലൂടെ സമനില പിടിച്ചു. തുടർന്ന് ഇഞ്ചുറി ടൈമിൽ ലൗട്ടാരോ മാർട്ടിനസിന്റെ ഹെഡറിലൂടെ അവർ അവിശ്വസനീയമായ ചരിത്രവിജയം സ്വന്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ ബാനറുമായി താരങ്ങൾ ആഘോഷം അതിരുവിട്ടത്.

1982-ൽ ദക്ഷിണ അറ്റ്ലാന്റിക്കിലെ ഫോക്ക്ലാൻഡ് ദ്വീപിന് (അർജന്റീനക്കാർ ഇതിനെ മാൽവിനാസ് എന്ന് വിളിക്കുന്നു) വേണ്ടി അർജന്റീനയും ബ്രിട്ടനും തമ്മിൽ നടന്ന സായുധ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ബാനർ വീണ്ടും ചർച്ചയാകുന്നത്. കേവലം ഒരു അതിർത്തി തർക്കം എന്നതിലുപരി ഇരുരാജ്യങ്ങളുടെയും ദേശീയ അഭിമാനത്തിന്റെയും കോളനിവാഴ്ചാ ചരിത്രത്തിന്റെയും പോരാട്ടമായിരുന്നു അത്. 74 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ 649 അർജന്റീനൻ സൈനികർക്കും 255 ബ്രിട്ടീഷ് സൈനികർക്കും ജീവൻ നഷ്ടമായി. യുദ്ധത്തിൽ ബ്രിട്ടൻ വിജയിക്കുകയും ദ്വീപിന്റെ നിയന്ത്രണം നിലനിർത്തുകയും ചെയ്തു.

എന്നാൽ 1816-ൽ സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതുമുതൽ ഈ ദ്വീപുകൾ തങ്ങളുടേതാണെന്നും, 1833-ൽ ബ്രിട്ടൻ അത് നിയമവിരുദ്ധമായി പിടിച്ചെടുത്തതാണെന്നുമാണ് അർജന്റീനയുടെ വാദം. ഇന്നത്തെ ടീമിലെ താരങ്ങളാരും ഫോക്ക്ലാൻഡ് യുദ്ധത്തിൽ പങ്കെടുത്തവരല്ലെങ്കിലും, അർജന്റീനക്കാരുടെ സിരകളിൽ ആ വൈകാരികത ഇന്നും നിലനിൽക്കുന്നുണ്ടെന്ന് തെളിയിക്കുന്നതാണ് മൈതാനത്തെ ഈ പ്രകടനം.

ഇംഗ്ലണ്ടും അർജന്റീനയും തമ്മിലുള്ള ഫുട്ബോൾ മത്സരങ്ങളെ എക്കാലവും ഈ യുദ്ധത്തിന്റെ ഓർമ്മകൾ സ്വാധീനിച്ചിട്ടുണ്ട്. 1986 ലെ മെക്സിക്കോ ലോകകപ്പിൽ സാക്ഷാൽ ഡീഗോ മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോളും 'നൂറ്റാണ്ടിന്റെ ഗോളും' പിറന്നത് ഇംഗ്ലണ്ടിനെതിരായ മത്സരത്തിലായിരുന്നു. ആ വിജയത്തെ ഫോക്ക്ലാൻഡ് യുദ്ധത്തിലെ പരാജയത്തിനുള്ള അർജന്റീനയുടെ മാനസിക പ്രതികാരമായാണ് അന്ന് ഫുട്ബോൾ ലോകം വിശേഷിപ്പിച്ചത്. 1998 ഫ്രാൻസ് ലോകകപ്പിൽ ഡേവിഡ് ബെക്കാമിന് ചുവപ്പുകാർഡ് ലഭിച്ചതും, അർജന്റീന പെനാൽറ്റിയിൽ വിജയിച്ചതുമെല്ലാം ഈ വൈരത്തിന്റെ തുടർച്ചയായിരുന്നു.

ഇംഗ്ലണ്ടും അർജന്റീനയും തമ്മിലുള്ള ഒരു ഫുട്ബോൾ മത്സരം വെറുമൊരു 90 മിനിറ്റ് പോരാട്ടമല്ല, അതിന് പിന്നിൽ പതിറ്റാണ്ടുകളുടെ രാഷ്ട്രീയവും ചരിത്രവുമുണ്ട് എന്ന് അടിവരയിടുന്നതാണ് അറ്റ്ലാന്റ സ്റ്റേഡിയത്തിലെ പുതിയ സംഭവവികാസങ്ങൾ. ഫൈനലിന് മുൻപ് ഫിഫ വിഷയത്തിൽ എന്ത് തീരുമാനമെടുക്കും എന്നാണ് കായിക ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്.

Tags:    
News Summary - Controversy Erupts as Argentina Displays Political Banner After FIFA World Cup Semi-Final Win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.