മെസ്സിയില്ലാതെ ഇറങ്ങിയ ഇന്റർ മയാമിക്ക് തോൽവി; ലീഗ്സ് കപ്പിൽ മോണ്ടെറെയോട് കീഴടങ്ങി

മിയാമി: പിതാവിന്റെ വിയോഗത്തെ തുടർന്ന് സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെ കളത്തിലിറങ്ങിയ ഇന്റർ മയാമിക്ക് ലീഗ്സ് കപ്പിൽ തോൽവി. ശനിയാഴ്ച നടന്ന ഗ്രൂപ്പ് മത്സരത്തിൽ മെക്സിക്കൻ ക്ലബ്ബായ മോണ്ടെറെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്റർ മയാമിയെ പരാജയപ്പെടുത്തിയത്.

അർജന്റീനയിൽ വെച്ച് 68-ാം വയസ്സിൽ അന്തരിച്ച മെസ്സിയുടെ പിതാവ് ജോർഹെ മെസ്സിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളും ഒരു മിനിറ്റ് മൗനം ആചരിച്ചിരുന്നു. വിവരമറിഞ്ഞയുടൻ ശനിയാഴ്ച രാത്രിയോടെ തന്നെ മയാമി ക്യാപ്റ്റനായ മെസ്സി അർജന്റീനയിലെത്തി.

"ഞങ്ങളുടെ ഹൃദയം ക്യാപ്റ്റൻ ലിയോയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമൊപ്പമുണ്ട്," ഇന്റർ മിയാമി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മത്സരത്തിന്റെ ആദ്യപകുതിയിൽ ലീഡെടുത്ത ശേഷമാണ് മിയാമി തോൽവി വഴങ്ങിയത്. 32-ാം മിനിറ്റിൽ അർജന്റീനിയൻ മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോളിലൂടെ ഇന്റർ മിയാമിയാണ് ആദ്യം മുന്നിലെത്തിയത്.

എന്നാൽ രണ്ടാം പകുതിയിൽ മോണ്ടെറെ ശക്തമായി തിരിച്ചടിച്ചു. 47-ാം മിനിറ്റിൽ ബെൽജിയൻ സ്ട്രൈക്കർ ഹ്യൂഗോ കുയ്‌പേഴ്‌സ് സമനില ഗോൾ കണ്ടെത്തി. തുടർന്ന് മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, 90-ാം മിനിറ്റിൽ ഉറുഗ്വേൻ സ്ട്രൈക്കർ ഡീഗോ റോസി നേടിയ ഗോളിലൂടെ മോണ്ടെറെ വിജയം സ്വന്തമാക്കുകയായിരുന്നു.

നിലവിലെ മേജർ ലീഗ് സോക്കർ ചാമ്പ്യന്മാരായ മയാമി തങ്ങളുടെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ അത്‌ലറ്റിക്കോ സാൻ ലൂയിസിനെതിരെ 4-2ന്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. ബുധനാഴ്ച ലിയോണിനെതിരെയാണ് മയാമിയുടെ അടുത്ത മത്സരം.

Tags:    
News Summary - Inter Miami Loses to Monterrey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.