ബ്രസീലിന് തിരിച്ചടി; നെയ്മർക്ക് കോപ്പ അമേരിക്ക നഷ്ടമാകും

റിയോ ഡി ജനീറോ: അടുത്തവര്‍ഷം യു.എസില്‍ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്‍റ് ബ്രസീൽ സൂപ്പർതാരം നെയ്മർക്ക് നഷ്ടമാകും. കാൽമുട്ടിന് പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന്, ടൂർണമെന്‍റിൽ പങ്കെടുക്കാനാവില്ലെന്ന് ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മര്‍ വ്യക്തമാക്കി.

താരത്തിന്‍റെ അസാന്നിധ്യം ചാമ്പ്യൻഷിപ്പിൽ ബ്രസീലിന് വലിയ തിരിച്ചടിയാകും. തെക്കൻ അമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ടിൽ നിലവിൽ മഞ്ഞപ്പട ആറാം സ്ഥാനത്താണ്. ആറു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ടീമിന് ജയിക്കാനായത്. ഒക്ടോബറിൽ ഉറുഗ്വായിക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് നെയ്മര്‍ക്ക് ഇടതു കാൽമുട്ടിന് പരിക്കേറ്റത്.

44ാം മിനിറ്റിൽ ഉറുഗ്വായിയുടെ നിക്കോളാസ് ഡി ലാ ക്രൂസുമായി പന്തിനായി മത്സരിക്കുമ്പോൾ പരിക്കേറ്റു വീണ നെയ്മാർ സ്ട്രെച്ചറിലാണ് മൈതാനം വിട്ടത്. പിന്നാലെ ശസ്ത്രക്രിയ നടത്തി. താരത്തിന് മാസങ്ങളോളം വിശ്രമം വേണമെന്ന് ബ്രസീൽ ഫുട്ബാൾ ഫെഡറേഷൻ നേരത്തെ അറിയിച്ചിരുന്നു. താരം പൂർണമായി കായികക്ഷമത വീണ്ടെടുക്കാൻ ആഗസ്റ്റ് കഴിയുമെന്നാണ് ഡോക്ടർ പറയുന്നത്.

‘യൂറോപ്പിലെ 2024 സീസണിന്റെ തുടക്കത്തിൽ, അതായത് ആഗസ്റ്റിൽ മാത്രമേ താരത്തിന് മത്സരത്തിലേക്ക് മടങ്ങിവരാനാകു. ക്ഷമ വേണം. ഇതിനിടെ ഒരു തിരിച്ചുവരവ് അസാധ്യമാണ്’ -റോഡ്രിഗോ പ്രതികരിച്ചു. പി.എസ്.ജി വിട്ട് കഴിഞ്ഞ ആഗസ്റ്റിൽ സൗദി ക്ലബ് അൽ -ഹിലാലിനൊപ്പം ചേർന്ന നെയ്മർക്ക് അഞ്ചു മത്സരങ്ങൾ മാത്രമാണ് കളിക്കാനായത്. കോപ അമേരിക്ക ചാമ്പ്യൻഷിപ്പിൽ കൊളംബിയ, പരഗ്വായ് ടീമുകൾക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ബ്രസീൽ. അടുത്തവര്‍ഷം ജൂണ്‍ 21 മുതൽ ജൂലൈ 14 വരെയാണ് ടൂർണമെന്‍റ്.

Tags:    
News Summary - Injured Neymar to miss Copa America, says Brazil team doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.