"മെസ്സിക്ക് മുന്നിൽ ഞാൻ ഒന്നുമല്ല, ഒരുമിച്ച് കളിക്കാൻ അവസരം തന്നതിന് നന്ദി"; ‘സിയൂ’ ഗോളാഘോഷത്തിന് പിന്നാലെ ബ്രസീൽ താരം

റിയാദ്: റിയാദ് സീസൺ കപ്പിൽ ത്രില്ലർപോരിനൊടുവിൽ മെസ്സിയുടെ ഇന്റർമയാമിയെ സൗദി കരുത്തരായ അൽഹിലാൽ മുട്ടുകുത്തിച്ചിരുന്നു. 4-3 ന്റെ തകർപ്പൻ ജയത്തിന് പിന്നാലെ ഹിലാലിന് വേണ്ടി മൂന്നാം ഗോൾ നേടിയ ബ്രസീൽ താരം മൈക്കിൾ ഡെൽഗാഡോയുടെ ‘സിയൂ’ ഗോളാഘോഷം വൈറലായിരുന്നു. 

പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോയുടെ ജനപ്രിയമായ സിയൂ സ്റ്റൈലാണ് മൈക്കിൾ അനുകരിച്ചത്. എന്നാൽ ലയണൽ മെസ്സിക്ക് നേരെയാണ് സിയൂ ആഘോഷമെന്ന രീതിയിൽ വിമർശനങ്ങൾ ഉയർന്നു.

എന്നാൽ, താൻ ഏറെ ഇഷ്ടപ്പെടുന്ന കളിക്കാരനാണ് ലയണൽ മെസ്സിയെന്നും അദ്ദേഹത്തിന് മുന്നിൽ ഞാൻ ആരുമല്ലെന്നും മൈക്കിൾ മത്സര ശേഷം പ്രതികരിച്ചു. ലോകത്തിലെ മികച്ച കളിക്കാരനായ അദ്ദേഹത്തോടൊപ്പം കളിക്കാൻ അവസരം തന്നതിന് റിയാദ് സീസൺ കപ്പിന്റെ സംഘാടകരോട് നന്ദിയുണ്ടെന്നും ബ്രസീലിയൻ താരം കൂട്ടിച്ചേർത്തു.   


മെസ്സിയെ സാക്ഷിയാക്കി ഹിലാലിന്റെ തേരോട്ടം

റിയാദ് കിങ്ഡം ഓഫ് അറീന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മെസ്സിയും സുവാരസും ഡേവിഡ് റൂയിസും ബുസ്കറ്റ്സും മയാമിയുടെ മുന്നേറ്റ നിരയെ നയിച്ചപ്പോൾ അലക്സാണ്ടർ മിത്രോവിച്ചും മാൽക്കവും മൈക്കിൾ ഡെൽഗാഡോയും അബ്ദുല്ല ഹംദാനുമാണ് അൽ ഹിലാൽ മുന്നേറ്റ നിരയെ നയിച്ചത്. കളി ആരംഭിച്ച് 10ാം മിനിറ്റിൽ തന്നെ മിത്രോവിച്ചിലൂടെ ഹിലാലാണ് ആദ്യ ലീഡെടുക്കുന്നത്. മൂന്ന് മിനിറ്റിനകം ലീഡ് ഉയർത്തി അൽഹിലാൽ മെസ്സിയെയും സംഘത്തെയും ഞെട്ടിച്ചു. സൗദി താരം അബ്ദുല്ല ഹംദാനാണ് ഗോൾ നേടിയത് (2-0). 

തുടക്കം മുതൽ പന്തിൻമേലുള്ള നിയന്ത്രണം അൽ ഹിലാലിനായിരുന്നു. താളം കണ്ടെത്താൻ വിഷമിച്ച മയാമിക്ക് വേണ്ടി 34 ാം മിനിറ്റിൽ ലൂയിസ് സുവാരസ് ഗോൾ കണ്ടെത്തിയെങ്കിലും ഓഫ് സൈഡ് വിളിച്ചു. എന്നാൽ ശക്തമായ അപ്പീലിനൊടുവിൽ വാറിലൂടെ റഫറി ഗോളനുവദിച്ചതോടെ മയാമി കളിയിൽ തിരിച്ചെത്തി(2-1). എന്നാൽ ഒന്നാം പകുതി അവസാനിക്കും മുൻപ് 44ാം മിനിറ്റിൽ ബ്രസീലിയൻ താരം മൈക്കിൾ ഡെൽഗാഡോയിലൂടെ ഗോൾ നേടി അൽഹിലാൽ വീണ്ടും ലീഡ് ഉയർത്തി (3-1).

രണ്ടുഗോൾ ലീഡ് വഴങ്ങിയ ഇന്റർമയാമി കളിയിലാദ്യമായി ഡ്രൈവിങ് സീറ്റിലിരുന്നത് രണ്ടാം പകുതി ശേഷമാണ്. ഡേവിഡ് റൂയിസിനെ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് വാറിലൂടെ ലഭിച്ച പെനാൽറ്റി ലയണൽ മെസ്സി ലക്ഷ്യം തെറ്റാതെ വലയിലെത്തിച്ചു(3-2). തൊട്ടടുത്ത മിനിറ്റിൽ തന്നെ മെസ്സി ഉ‍യർത്തി നൽകിയ മനോഹരമായ പാസ് സ്വീകരിച്ച ഡേവിഡ് റൂയിസ് അൽഹിലാൽ ഡിഫൻസിനെ ഡ്രിബ്ൾ ചെയ്ത് പോസ്റ്റിലേക്ക് തൊടുത്തു(3-3). അതോടെ കളി ത്രില്ലർ മൂഡിലേക്ക് നീങ്ങി. കളിയിലുടനീളം ഹിലാലിനെ തന്നെയായിരുന്നു മേധാവിത്തം എങ്കിലും മെസ്സിയുടെ നേതൃത്വത്തിൽ നടത്തിയ ചില ചടുല നീക്കങ്ങൾ വിജയം പ്രവചനാതീതമാക്കി. കളിതീരാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ മെസ്സിയെ പിൻവലിച്ച് മയാമി കോച്ച് പ്രകടിപ്പിച്ച ആത്മവിശ്വാസത്തിന് സെക്കന്റുകൾ മാത്രമേ ആയുസുണ്ടായുള്ളൂ.

തൊട്ടടുത്ത സെക്കൻഡിൽ 88ാം മിനിറ്റിൽ ഒരു അത്യുഗ്രൻ ഹെഡറിലൂടെ ബ്രസീൽ താരം മാൽക്കം അൽഹിലാലിനെ മുന്നിലെത്തിച്ചു. ശേഷം പത്ത് മിനിറ്റോളം ഇഞ്ചുറി ടെം കിട്ടിയിട്ടും മയാമിക്ക് മികച്ച നീക്കം പോലും നടത്താനായില്ല. ദുർബലമായ മയാമിയുടെ പ്രതിരോധം മറികടന്ന് നിരവധി തവണ അൽഹിലാൽ ഗോളിനടുത്തെത്തി. ഫെബ്രുവരി ഒന്നിന് നടക്കുന്ന അടുത്ത മത്സരത്തിൽ മെസ്സിയും സംഘവും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റിനെയാണ് നേരിടുക.

Tags:    
News Summary - "He is nothing in front of Messi"; The Brazilian star after the ''Siiuuu'' goal celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.