ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബാളിലെ അതികായരായ ലിവർപൂൾ എതിരില്ലാത്ത ഒരു ഗോളിന് ഇത്തിരിക്കുഞ്ഞന്മാരായ പ്ലൈമൗത്തിന് മുന്നിൽ വീഴുമ്പോൾ എഫ്.എ കപ്പിൽ മാത്രമല്ല, സോക്കർ ചരിത്രത്തിൽതന്നെയും പുതുമയായി മിറോൺ മുസ്ലിച് എന്ന പരിശീലകൻ. ഒമ്പതാം വയസ്സിൽ അഭയാർഥിയാകാൻ വിധിക്കപ്പെട്ട് നാടും വീടും വിട്ടോടിയ ബോസ്നിയൻ വംശജൻ ദുരിതകഥകൾ മാറ്റിവെച്ച് ഗോളടിച്ചുകയറിയത് ഫുട്ബാൾ ചരിത്രത്തിലേക്ക്.
എഫ്.എ കപ്പ് നാലാം റൗണ്ട് മത്സരത്തിലായിരുന്നു സീസണിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിൽ ആറുതവണ യൂറോപ്യൻ ചാമ്പ്യന്മാരായ ലിവർപൂൾ ദുർബലരായ പ്ലൈമൗത്തിന് മുന്നിൽ വീണത്. മായികമാണ് ഈ ദിനമെന്നും ആഘോഷമാക്കാൻ കുട്ടികളോട് പറഞ്ഞിട്ടുണ്ടെന്നും മുസ്ലിച് പറയുന്നു.
ബോസ്നിയയിലെ ബിഹാചുകാരനായ മുസ്ലിച്ചിന്റെ കുടുംബം 1992ൽ രാജ്യത്ത് വംശീയ കലാപം പടർന്നുപിടിക്കുന്നത് കണ്ടാണ് നാടുവിട്ടത്. മാതാപിതാക്കളെയും സഹോദരിയെയും കൂട്ടി 650 കിലോമീറ്റർ അകലെ ഓസ്ട്രിയയിലെ ഇൻസ്ബ്രക്കിലേക്കായിരുന്നു പലായനം. ഇതുവരെയും സംസാരിച്ച ഭാഷ പോലുമറിയാത്ത ഒരു നാട്ടിൽ അക്ഷരാർഥത്തിൽ ജീവിതം തിരിച്ചുപിടിക്കൽ സാഹസമായിരുന്നുവെന്ന് മുസ്ലിച് പറയുന്നു.
കാലിൽ മാന്ത്രികതയുള്ള പയ്യൻ പക്ഷേ, ഫുട്ബാളിന്റെ ഭാഷ അതിവേഗം പറഞ്ഞുതുടങ്ങിയതോടെ അതിരുകൾ മാഞ്ഞുതുടങ്ങി. പ്രാദേശിക ക്ലബായ വാക്കർ ഇൻസ്ബർഗിലായിരുന്നു പ്രഫഷനൽ ഫുട്ബാളിൽ അരങ്ങേറ്റം. റോളുകൾ പലത് മാറിയെത്തി കഴിഞ്ഞ മാസം വെയ്ൻ റൂണിയുടെ പിൻഗാമിയായി പ്ലൈമൗത്തിൽ പരിശീലകക്കുപ്പായത്തിലെത്തി. ചാമ്പ്യൻഷിപ്പിൽ ടീമിന്റെ പ്രകടനം വേണ്ടത്ര മികവു കാട്ടിയില്ലെന്ന പരാതികൾക്കിടെയായിരുന്നു ഒറ്റനാളിൽ കളി മാറിയത്. താഴെത്തട്ടിൽ കാര്യമായ ചലനങ്ങളുണ്ടാക്കാനാകാത്തതിന് കേട്ട പഴികളത്രയും മായ്ച്ചുകളയാൻ പോന്നതാണ് ഹോം പാർക് മൈതാനത്ത് സൃഷ്ടിച്ചെടുത്ത അദ്ഭുത ചരിതം. പെനാൽറ്റി ഗോളാക്കി മാറ്റിയ ടീം എതിരാളികളെ ഗോളടിക്കാൻ വിടാതെ പിടിച്ചുകെട്ടിയാണ് സമീപകാലത്തെ ഏറ്റവും വലിയ അട്ടിമറി ഉറപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.