ചിലിയെ കീഴടക്കി ​ഫ്രാൻസ് വീണ്ടും വിജയവഴിയിൽ

യൂറോ കപ്പിനും കോപ അമേരിക്കക്കും മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ലാറ്റിനമേരിക്കൻ കരുത്തരായ ചിലിലെ വീഴ്ത്തി ഫ്രാൻസ്. രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ഫ്രഞ്ചുകാർ ജയം കുറിച്ചത്. കഴിഞ്ഞ ദിവസം ജർമനിയോട് എതിരില്ലാത്ത രണ്ട് ഗോളിന്റെ തോൽവി ഏറ്റുവാങ്ങിയ ഫ്രാൻസിന് യൂറോകപ്പിന് മുമ്പ് ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ ഉതകുന്നതാണ് ജയം.

കളി തുടങ്ങി ആറാം മിനിറ്റിൽ തന്നെ ചിലി ഫ്രാൻസിനെ ഞെട്ടിച്ച് ലീഡ് നേടി. വലതുവിങ്ങിൽനിന്ന് ഇസ്‍ല നൽകിയ ക്രോസ് മാഴ്സലിനൊ നൂനസ് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. 18ാം മിനിറ്റിൽ ഫ്രാൻസ് തിരിച്ചടിച്ചു. എംബാപ്പെയുടെ അസിസ്റ്റിൽ യൂസുഫ് ഫൊഫാന തൊടുത്തുവിട്ട ഷോട്ട് എതിർതാരത്തിന്റെ കാലിൽ തട്ടി പോസ്റ്റിനുള്ളിൽ കയറുകയായിരുന്നു. തൊട്ടുടൻ എംബാപ്പെക്ക് അവസരം ലഭിച്ചെങ്കിലും ക്ലിയർ ചെയ്യാനായില്ല. എന്നാൽ, 25ാം മിനിറ്റിൽ ഫ്രാൻസ് ലീഡിലെത്തി. ഹെർണാണ്ടസ് ബോക്സിലേക്ക് ഉയർത്തിനൽകിയ പാസ് കോളോ മുവാനി ഹെഡറിലൂടെ ഗോൾകീപ്പർ ബ്രാവോയെ കീഴടക്കുകയായിരുന്നു.

രണ്ടാംപകുതി തുടങ്ങിയയുടൻ ചിലി തിരിച്ചടിച്ചെന്ന് തോന്നിച്ചെങ്കിലും വർഗാസിന്റെ ഹെഡർ പോസ്റ്റിൽ തട്ടി വഴിമാറി. 72ാം മിനിറ്റിൽ ഫ്രാൻസ് ലീഡുയർത്തി. വലതുവിങ്ങിലൂടെ മുന്നേറിയ കോളോ മുവാനി നൽകിയ മനോഹര പാസ് ഒലിവർ ജിറൂഡ് ക്ലോസ് ​റേഞ്ച് ഷോട്ടിലൂടെ ഫിനിഷ് ചെയ്യുകയായിരുന്നു. ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയതിന്റെ റെക്കോഡുള്ള ജിറൂഡ് ഗോളെണ്ണം 57 ആയി ഉയർത്തി. 82ാം മിനിറ്റിൽ ഡാരിയോ ഒസോരിയോയിലൂടെ ചിലി ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും തോൽവി ഒഴിവാക്കാനായില്ല.

ബ്രസീൽ-സ്​പെയിൻ പോരാട്ടം 3-3നും ഇംഗ്ലണ്ട്-ബെൽജിയം മത്സരം 2-2നും സമനിലയിൽ പിരിഞ്ഞപ്പോൾ ജർമനി 2-1ന് നെതർലാൻഡ്സിനെയും സ്വിറ്റ്സർലൻഡ് 1-0ത്തിന് റിപ്പബ്ലിക് ഓഫ് അയർലൻഡിനെ തോൽപിച്ചു. പോർച്ചുഗൽ എതിരില്ലാത്ത രണ്ട് ഗോളിന് സ്ലോവേനിയയോട് പരാജയപ്പെട്ടു. 

Tags:    
News Summary - France is back on the road to victory after defeating Chile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.