കൊച്ചി: കാൽപന്തുകളിയെ സ്നേഹിക്കുന്നവരുടെ ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് ഐ.എസ്.എൽ വീണ്ടും കളിമൈതാനത്തെത്തുന്നു. മുൻ സീസണുകളിലുണ്ടായിരുന്നത്ര ഹോം മാച്ച് ഉണ്ടാവില്ലെങ്കിലും അതിന്റെ പകുതി മത്സരങ്ങൾ കൊച്ചിയിൽ നടക്കും. ഐ.എസ്.എൽ അനിശ്ചിതത്വവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായതിനെത്തുടർന്ന് ക്ഷീണത്തിലായ കേരള ബ്ലാസ്റ്റേഴ്സ് പുതിയ വാർത്തയോടെ ഉയർത്തെഴുന്നേൽക്കാനുള്ള തയാറെടുപ്പിലാണ്.
ഇത്തവണ മുൻ സീസണുകളെപ്പോലെ വിപുലമായി നടക്കാനിടയില്ല. കൂടാതെ റൗണ്ട് റോബിൻ സംവിധാനത്തിലൂടെ രണ്ടു ടീമുകൾക്കിടയിലെ മത്സരം രണ്ടിനു പകരം ഒന്നായി ചുരുങ്ങും. അതുകൊണ്ടുതന്നെ 13 ഹോം മാച്ച് നടക്കേണ്ടിടത്ത് ഏഴോ ആറോ ഹോം മാച്ചുകളേ ഉണ്ടാവൂ എന്നാണ് ഐ.എസ്.എല്ലുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.
നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണെങ്കിലും കളത്തിലിറങ്ങുമെന്നുറപ്പാണ്. എന്നാൽ, ഇതിനുള്ള കായികതാരങ്ങളെ കണ്ടെത്തലും ഫണ്ട് ലഭ്യമാക്കലും ക്ലബിന് വലിയ തലവേദനയാണ്. നിലവിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ, സ്റ്റാർ സ്ട്രൈക്കർ നോഹ സദൂയി, ഗോളടി യന്ത്രമായിരുന്ന ജീസസ് ജെമിനിസ് തുടങ്ങി മുൻനിര താരങ്ങളെല്ലാം ടീം വിട്ടതോടെ ശോഷിച്ചുണങ്ങിയ നിലയിലാണ് ക്ലബ്.
ഫെബ്രുവരി 14ന് ഐ.എസ്.എല്ലിന് കിക്കോഫ് ഉയരുമ്പോൾ, അതിനുമുമ്പേ മികച്ച താരങ്ങളെ എത്തിക്കാൻ ടീം മാനേജ്മെൻറ് നന്നായി വിയർക്കും. അടുത്ത ദിവസം ചേരുന്ന ഉന്നതതല യോഗത്തിനു ശേഷമേ ക്ലബിന്റെ ഐ.എസ്.എൽ തയാറെടുപ്പുകളെക്കുറിച്ച് ചിത്രം തെളിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.