സൂറിച്ച്: ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോക്കെതിരെ ഉയരുന്ന ആരോപണങ്ങളെയും യുവേഫയുടെ നീക്കങ്ങളെയും രൂക്ഷമായി വിമർശിച്ച് ലോക ഫുട്ബാൾ ഭരണസമിതിയായ ഫിഫ. വ്യാജ ആരോപണങ്ങളിലൂടെയും തെറ്റായ വിവരങ്ങളിലൂടെയും പ്രസിഡന്റിനെ പുറത്താക്കാൻ ചിലർ ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് ഫിഫ കുറ്റപ്പെടുത്തി. ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന യുവേഫയുടെ ഭീഷണികൾക്കിടയിലാണ് ഇൻഫാന്റീനോയ്ക്ക് ശക്തമായ പിന്തുണയുമായി ഫിഫ രംഗത്തെത്തിയത്.
2009-2016 കാലഘട്ടത്തിൽ ഇൻഫാന്റീനോ യുവേഫ ജനറൽ സെക്രട്ടറിയായിരുന്ന സമയത്ത് അദ്ദേഹവുമായി അടുപ്പമുണ്ടായിരുന്ന ഒരു വനിതാ ജീവനക്കാരിക്ക് യുവേഫ വലിയൊരു തുക നൽകിയെന്ന റിപ്പോർട്ടുകളാണ് പുതിയ വിവാദങ്ങൾക്ക് അടിസ്ഥാനം. ഇവരുടെ എം.ബി.എ പഠനച്ചെലവുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി നൽകിയ ഈ പണമിടപാട് അന്നത്തെ ചട്ടങ്ങൾ പാലിച്ചായിരുന്നുവെന്ന് യുവേഫ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടീഷ് മാധ്യമമായ 'ടെലിഗ്രാഫ്' ആണ് ഈ വാർത്ത പുറത്തുവിട്ടത്. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഫിഫ വക്താവ് ശക്തമായി നിഷേധിച്ചു.
ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെയല്ലാതെ, വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഇൻഫാന്റീനോയുടെ അധികാരം ദുർബലപ്പെടുത്താനും അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാനുമാണ് നിലവിലെ ശ്രമങ്ങളെന്ന് ശനിയാഴ്ച പുറത്തിറക്കിയ വിശദമായ പ്രസ്താവനയിൽ ഫിഫ വ്യക്തമാക്കി.
ലോകകപ്പ് ഉൾപ്പെടെയുള്ള ഫിഫയുടെ പ്രധാന ടൂർണമെന്റുകളുടെ ലാഭവിഹിതം 'ഫിഫ ഫോർവേഡ് എന്റർപ്രൈസ്' എന്ന വാണിജ്യ ഉപസ്ഥാപനത്തിലൂടെ വിൽക്കാനുള്ള ഇൻഫന്റീനോയുടെ വിവാദ പദ്ധതിക്ക് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ സമ്മർദ്ദം ശക്തമായത്. മൂന്ന് കോൺഫെഡറേഷനുകൾ എതിർത്തതോടെ ഈ പദ്ധതി പിന്നീട് ഉപേക്ഷിച്ചിരുന്നു.
പദ്ധതി പരാജയപ്പെട്ടതിൽ ഇൻഫന്റീനോ മാപ്പ് പറഞ്ഞിട്ടും ഈ വിഷയത്തിൽ യുവേഫ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. ഇതിന്റെ ഭാഗമായി ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് യുവേഫയിലെ 55 അംഗ അസോസിയേഷനുകളും ഭീഷണിപ്പെടുത്തിയിരുന്നു. ഫിഫയിലെ ഭൂരിഭാഗം അംഗങ്ങളുടെയും പിന്തുണയില്ലാത്തവർ ജനാധിപത്യ പ്രക്രിയയ്ക്ക് പുറത്തുനിന്ന് വ്യാജ പ്രചാരണങ്ങളിലൂടെ തങ്ങളുടെ ലക്ഷ്യം നേടാൻ ശ്രമിക്കരുതെന്ന് ഫിഫ മുന്നറിയിപ്പ് നൽകി.
ലാറ്റിനമേരിക്കൻ ഫുട്ബാൾ ഭരണസമിതിയായ കോൺമെബോൾ, ആഫ്രിക്കൻ ഫുട്ബാൾ കോൺഫെഡറേഷൻ എന്നിവർ ഫിഫ പ്രസിഡന്റിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. കാലാവധി തീരും മുൻപ് അദ്ദേഹത്തെ മാറ്റാനുള്ള ഒരു നീക്കത്തെയും പിന്തുണയ്ക്കില്ലെന്ന് ഇരു സംഘടനകളും വ്യക്തമാക്കി.
കോൺകാകാഫ് നേതൃത്വം ഇൻഫാന്റീനോയുടെ ഭരണത്തെ വിമർശിച്ചിരുന്നെങ്കിലും, അതിലെ പ്രധാന അംഗമായ മെക്സിക്കോ പ്രസിഡന്റിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യകരമായ വിമർശനങ്ങളെ ഫിഫ എപ്പോഴും സ്വാഗതം ചെയ്യുന്നുണ്ടെന്നും, എന്നാൽ വസ്തുതകളെ വളച്ചൊടിക്കാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുമുള്ള ശ്രമങ്ങളെ ശക്തമായി നേരിടുമെന്നും ഫിഫ നേതൃത്വം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം മൊറോക്കോയിൽ ചേർന്ന ഫിഫയുടെ ഉന്നതതല യോഗം ഇൻഫാന്റീനോയിലുള്ള വിശ്വാസം ആവർത്തിച്ച് ഉറപ്പാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.