ഫിഫ ക്ലബ് ലോകകപ്പിൽ ബ്രസീലിയൻ ടീം ഫ്ലെമിംഗോക്കെതിരെ തന്‍റെ രണ്ടാം ഗോൾ ആഘോഷിക്കുന്ന അൽ ഹിലാൽ താരം സാലിം അൽ ദോസരി
റിയാദ്: ചൊവ്വാഴ്ച മൊറോക്കോയിൽ നടന്ന ഫിഫ ക്ലബ് ലോകകപ്പ് സെമി ഫൈനലിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പ്രശസ്ത ബ്രസീൽ ക്ലബായ ഫ്ലെമിംഗോയെ തകർത്ത് സൗദിയുടെ അൽ ഹിലാൽ ഫൈനലിൽ കടന്നു. ഇതോടെ ക്ലബ് ലോകകപ്പിൽ ഫൈനലിൽ എത്തുന്ന ആദ്യ സൗദി ടീമെന്ന പദവിയിലെത്തി അൽ ഹിലാൽ. ബുധനാഴ്ച നടന്ന രണ്ടാം സെമിയിൽ ഈജിപ്തിന്‍റെ അൽ അഹ്‌ലിയെ പരാജയപ്പെടുത്തിയ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനെ ഈ മാസം 11ന് മൊറോക്കൻ തലസ്ഥാനമായ റബാത്തിൽ അൽ ഹിലാൽ നേരിടും.
സാലിം അൽ ദോസരിയുടെ രണ്ട് പെനാൽറ്റി ഷൂട്ടുകളും ലൂസിയാനോ വിയറ്റോയുടെ ക്ലോസ് റേഞ്ച് സ്‌ട്രൈക്കുമാണ് ഫ്ലെമിംഗോക്കെതിരെ അൽ ഹിലാലിന് വിജയം സമ്മാനിച്ചത്.
സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ
വിജയത്തിൽ ആദ്യമായി ദൈവത്തെ സ്തുതിക്കുന്നതായി സൗദി ഒളിമ്പിക് പാരാലിമ്പിക് കമ്മിറ്റി ചെയർമാൻ കൂടിയായ കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഫുട്‌ബാൾ അടക്കമുള്ള കായിക മേഖലക്ക് നൽകുന്ന പരിധിയില്ലാത്ത പിന്തുണക്ക് ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും നന്ദി രേഖപ്പെടുത്തിയ കായിക മന്ത്രി, സെമിയിൽ കളിച്ച അൽ ഹിലാൽ ടീമിലെ ഓരോ കളിക്കാരനും അഞ്ച് ലക്ഷം റിയാൽ വീതം സാമ്പത്തിക പാരിതോഷികം പ്രഖ്യാപിച്ചു.
അൽ ഹിലാൽ എഫ്.സിയുടെ ഡയറക്ടർ ബോർഡ്, സാങ്കേതിക, ഭരണ വിഭാഗം ജീവനക്കാർ, കളിക്കാർ, ക്ലബിന്‍റെ കളിക്കാർ, കായിക പ്രേമികൾ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു. സൗദി ഫുട്‌ബാളിന്‍റെ മഹത്വവും വ്യതിരിക്തതയും പ്രതിഫലിപ്പിക്കുന്ന മാന്യമായ ഒരു ചിത്രം ലോകത്തിന് മുമ്പാകെ അവതരിപ്പിക്കാൻ ഈ ചരിത്ര നേട്ടത്തിന് സാധിച്ചു. ഫൈനൽ മത്സരത്തിലും ടീമിന് വിജയം ആശംസിക്കുന്നതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.