ജിദ്ദ: ലോകം കാത്തിരിക്കുന്ന 2023 ഫിഫ ക്ലബ് ലോകകപ്പിെൻറ കലാശപ്പോരിന് വെള്ളിയാഴ്ച ജിദ്ദ നഗരം സാക്ഷിയാകും. രാത്രി ഒമ്പതിന് ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ അൽജൗഹറ സ്റ്റേഡിയത്തിൽ ബ്രസീലിയൻ ടീം ഫ്ലുമിനെൻസും ഇംഗ്ലീഷ് ടീം ക്ലബ് മാഞ്ചസ്റ്റർ സിറ്റിയും ഏറ്റുമുട്ടും. ഇരുടീമുകളും ചരിത്രത്തിലാദ്യമായാണ് ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്. ഫൈനൽ മത്സരത്തിനുള്ള എല്ലാ ഒരുക്കവും ഫിഫ പൂർത്തിയാക്കി.
രണ്ട് ദിവസമായി ഫൈനലിൽ നേരിടാനുള്ള തീവ്ര പരിശീലനത്തിലാണ് ഇരു ക്ലബുകളും. സൗദി ചരിത്രത്തിലാദ്യമായി ആതിഥ്യമരുളുന്ന ക്ലബ് ഫിഫ ലോകകപ്പിെൻറ ആവേശകരമായ ഫൈനൽ മത്സരം കാണാൻ സൗദിക്കകത്ത് നിന്നും പുറത്തുനിന്നും ആയിരക്കണക്കിന് ഫുട്ബാൾ പ്രേമികളാണ് ജിദ്ദയിലെത്തിയത്. കലാശപ്പോര് നിയന്ത്രിക്കുക പോളണ്ട് റഫറി സൈമൺ മാർസിനിയാക് നയിക്കുന്ന ടീമാണ്. സമീപകാലത്ത് ഏറ്റവും ശ്രദ്ധേയനായ റഫറിമാരിൽ ഒരാളാണ് സൈമൺ മാർസിനിയാക്. ഈ ലോകകപ്പിലെ ഇൗജിപ്ഷ്യൻ ടീം അൽഅഹ്ലിയും ഫ്ലുമിനെൻസും തമ്മിൽ നടന്ന സെമിയിൽ മാർസിനിയാക് ആയിരുന്നു റഫറി.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന സെമി ഫൈനലിൽ അൽഅഹ്ലിയെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് ഫ്ലൂമിനൻസ് ഫൈനൽ ബർത്തുറപ്പിച്ചത്. സെമി മത്സരത്തിെൻറ ആദ്യ പകുതി അൽഅഹ്ലിയുടെ കഹ്റാബയും പെർസി ടൗവും ഗോളടിക്കാൻ കിണഞ്ഞുശ്രമിച്ചെങ്കിലും ഗോൾരഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ കളിയുടെ ഗതിയും തന്ത്രങ്ങളും മാറ്റിമറിച്ച് ഫ്ലുമിനെൻസ് ആധിപത്യം പുലർത്തി. വെറ്ററൻ താരം മാഴ്സെലോ നേടിയ പെനാൽറ്റി കിക്കിലൂടെ ഫ്ലൂമിനൻസിെൻറ സ്കോർ തുറന്നു. 70ാം മിനിറ്റിൽ ജോൺ ഏരിയാസ് ആദ്യ ഗോൾ നേടി. 90ാം മിനിറ്റിൽ ജോൺ കെന്നഡി ലീഡ് ഇരട്ടിയാക്കി. ഇതോടെ ഫ്ലൂമിനൻസ് ഫൈനലിലേക്കുള്ള യോഗ്യത നേടി. ചരിത്രത്തിലാദ്യമായാണ് ഈ ബ്രസീലിയൻ ക്ലബ് ഫൈനലിലെത്തുന്നത്.
ജാപ്പനീസ് ക്ലബ് ഉറവയെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റർ സിറ്റി ഫൈനൽ യോഗ്യത നേടിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ജപ്പാൻ ഉറവ റെഡ് ഡയമണ്ട്സും മാഞ്ചസ്റ്റർ സിറ്റിയും ഏറ്റുമുട്ടിയത്. മൂന്ന് ഗോളിെൻറ ഏകപക്ഷീയ ലീഡിലാണ് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചത്. 45ാം മിനിറ്റിൽ ഉറവയുടെ മൗയസ് സെൽഫ് ഗോൾ നേടി മാഞ്ചസ്റ്റർ സിറ്റിയുടെ കുതിപ്പിന് വഴിതുറന്നു. രണ്ടാം പകുതിയുടെ 52ാം മിനുറ്റിൽ കൊവാസിച്ച് രണ്ടാം ഗോൾ നേടി. 59ാം മിനിറ്റിൽ ബെർണാഡോ സിൽവ മാൻ ലീഡുയർത്തി. ഇതോടെ ഫൈനലിലെ പ്രതിയോഗികളുടെ ചിത്രം തെളിഞ്ഞു.
ഈ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കുന്നതിനുള്ള മത്സരവും വെള്ളിയാഴ്ച നടക്കും. അൽഅഹ്ലിയും ജാപ്പനീസ് ഉറവ റെഡും മൂന്നാം പദവിക്ക് വേണ്ടി പോരടിക്കും. വൈകീട്ട് 5.30ന് കിങ് അബ്ദുല്ല അൽഫൈസൽ സ്റ്റേഡിയത്തിലാണ് മത്സരം.
ഡിസംബർ 12 നാണ് ക്ലബ് ഫിഫ ലോകകപ്പ് ടൂർണമെൻറിന് തുടക്കം കുറിച്ചത്. നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയായിട്ടുള്ള സൗദി അറേബ്യക്ക് പുതുചരിത്രം സമ്മാനിച്ചാണ് ക്ലബ് ലോകകപ്പ് ആതിഥേയത്വം വന്നണഞ്ഞത്. 10 ദിവസം നീണ്ടുനിന്ന ഫുട്ബാൾ ഉത്സവം കാണാൻ ഇതിനകം ആയിരക്കണക്കിനാളുകളാണ് ജിദ്ദയിലേക്ക് ഒഴുകിയെത്തിയത്. പ്രമുഖരായ ലോക ക്ലബുകളുടെ ആവേശകരമായ മത്സരങ്ങൾക്കാണ് ഈ ദിവസങ്ങളിൽ ചെങ്കടൽതീരം സാക്ഷ്യം വഹിച്ചത്. സൗദി അൽഇത്തിഹാദിന് പുറമെ യു.കെയിലെ മാഞ്ചസ്റ്റർ സിറ്റി, ജപ്പാനിലെ ഉറവ, ഈജിപ്തിലെ അൽഅഹ്ലി, മെക്സിക്കോയിലെ ലിയോൺ, ബ്രസീലിലെ ഫ്ലുമിനെൻസ്, ന്യൂസിലാന്റിലെ ഓക്ലൻഡ് സിറ്റി എന്നീ ടീമുകളാണ് 20ാമത് ക്ലബ് ലോകകപ്പ് ഫുട്ബാളിൽ മാറ്റുരക്കാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.