ലണ്ടൻ: പത്തുപേരുമായി കളിച്ചിട്ടും കരുത്തരായ ആഴ്സണലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി മാഞ്ചസ്റ്റർ യുനൈറ്റഡ് എഫ്.എ കപ്പ് നാലാം റൗണ്ടിൽ. ആഴ്സണൽ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന ക്ലാസിക് പോരാട്ടത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 1-1 സ്കോറിൽ അവസാനിച്ചതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്.
ഷൂട്ടൗട്ടിൽ 3-5 എന്ന സ്കോറിനാണ് യുനൈറ്റഡ് ജയിച്ചുകയറിയത്. ആന്ദ്രേ ഒനാനക്കു പകരം വലകാക്കാനെത്തിയ തുർക്കിഷ് ഗോൾകീപ്പർ ആൽതയ് ബയിന്ദറിന്‍റെ തകർപ്പൻ സേവുകളാണ് യുനൈറ്റഡിന്‍റെ വിജയത്തിൽ നിർണായകമായത്. നിശ്ചിത സമയത്തെ ഒരു പെനാൽറ്റി ഉൾപ്പെടെ നിരവധി സേവുകളാണ് താരം മത്സരത്തിൽ നടത്തിയത്. മത്സരം ഒരു മണിക്കൂർ പിന്നിട്ടതിനു തൊട്ടുപിന്നാലെ പത്തുപേരിലേക്ക് ചുരുങ്ങിയിട്ടും നിശ്ചിത സമയത്തും അധിക സമയത്തും യുനൈറ്റഡ് പൊരുതി നേടിയതാണ് ഈ വിജയം.
ഷൂട്ടൗട്ടിൽ യുനൈറ്റഡിനായി കിക്കെടുത്ത എല്ലാവരും ലക്ഷ്യം കണ്ടു. ബ്രൂണോ ഫെർണാണ്ടസ്, അമദ് ദിയാലോ, ലെനി യോറോ, ലിസാൻഡ്രോ മാർട്ടിനെസ്, ജോഷ്വ സിർക്സി എന്നിവരാണ് യുനൈറ്റഡിനായി കിക്കെടുത്തത്. ആഴ്സണലിനായി മാർട്ടിൻ ഒഡഗാർഡ്, ഡെക്ലാൻ റൈസ്, തോമസ് പാർട്ടി എന്നിവർ പന്ത് വലയിലെത്തിച്ചപ്പോൾ, കായ് ഹാവെർട്സിന്‍റെ ഷോട്ട് യുനൈറ്റഡ് കീപ്പർ ബയിന്ദർ തടുത്തിട്ടു. നേരത്തെ, നിശ്ചിത സമയത്ത് മത്സരത്തിന്‍റെ 52ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിലൂടെ യുനൈറ്റഡാണ് ആദ്യം ലീഡെടുത്തത്. അലജാന്ദ്രോ ഗെർണാച്ചോയാണ് ഗോളിന് വഴിയൊരുക്കിയത്. 61ാം മിനിറ്റിൽ ഡിയോഗോ ഡാലറ്റ് രണ്ടാം മഞ്ഞ കാർഡും വാങ്ങി പുറത്തുപോയതോടെ യുനൈറ്റഡ് പത്തു പേരിലേക്ക് ചുരുങ്ങി.
രണ്ടു മിനിറ്റിനുള്ളിൽ ഗബ്രിയേലിലൂടെ ആഴ്സണൽ മത്സരത്തിൽ ഒപ്പമെത്തി. 70ാം മിനിറ്റിൽ ആഴ്സണലിന് അനുകൂലമായി പെനാൽറ്റി. മാർട്ടിൻ ഒഡഗാർഡിന്‍റെ ഷോട്ട് യുനൈറ്റഡ് ഗോൾകീപ്പർ ബയിന്ദർ രക്ഷപ്പെടുത്തി. വിജയ ഗോളിനായി ആഴ്സണൽ തുടരെ തുടരെ യുനൈറ്റഡ് ഗോൾമുഖത്ത് ഭീഷണി സൃഷ്ടിച്ചെങ്കിലും വല മാത്രം കുലുക്കാനായില്ല. ഇതിനിടെ കൗണ്ടർ ആക്രമണത്തിലൂടെ യുനൈറ്റഡും വിട്ടുകൊടുത്തില്ല. ഒടുവിൽ മത്സരം 1-1 സ്കോർ അധിക സമയത്തേക്ക്.
അധിക സമയത്തും യുനൈറ്റഡിന്‍റെ ചെറുത്തുനിൽപ്പ് ആഴ്സണലിന് മറികടക്കാനായില്ല. 1-1 സ്കോറിൽ അധിക സമയവും അവസാനിച്ചതോടെ വിജയിയെ തീരുമാനിക്കാൻ ഷൂട്ടൗട്ട്. തുടക്കം മുതൽ ആതിഥേയർക്ക് തന്നെയായിരുന്നു മുൻതൂക്കം. എന്നാൽ, വിട്ടുകൊടുക്കാൻ യുനൈറ്റഡും തയാറായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.