രണ്ടടിയിൽ സണ്ടർലാൻഡിനെ വീഴ്ത്തി യുനൈറ്റഡ്, ജയത്തോടെ ആഴ്സണൽ തലപ്പത്ത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനും ആഴ്സണലിനും ജയം. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് യുനൈറ്റഡ് സണ്ടർലാൻഡിനെയും ആഴ്സണൽ വെസ്റ്റ്ഹാമിനെയും പരാജയപ്പെടുത്തി. മറ്റു മത്സരങ്ങളിൽ ബേൺമൗത്ത് 3-1ന് ഫുൾഹാമിനെയും ടോട്ടൻഹാം 2-1ന് ലീഡ്സ് യുനൈറ്റഡിനെയും തോൽപിച്ചു.

ലീഗിൽ ഇ​നി​യൊ​രു തോ​ൽ​വി കൂ​ടി താ​ങ്ങാ​ൻ കെ​ൽ​പി​ല്ലാ​തെ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ ബൂ​ട്ടു​കെ​ട്ടി​ ഇറങ്ങിയ യുനൈറ്റഡിനായി മേസൻ മൗണ്ട്, ബെഞ്ചമിൻ സെസ്കോ എന്നിവരാണ്  വലകുലുക്കിയത്. പരിശീലകനായി യുനൈറ്റഡിനൊപ്പമുള്ള 50ാം മത്സരത്തിൽ റൂബൻ അമോറിമിന് ജയിച്ചുകയറാനായത് വലിയ ആശ്വാസമായി. മത്സരം തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ മൗണ്ടിലൂടെ യുനൈറ്റഡ് ലീഡെടുത്തു. ബ്രയാൻ എംബ്യൂമോയാണ് ഗോളിന് വഴിയൊരുക്കിയത്.

അമോറിമിനു കീഴിൽ യുനൈറ്റഡ് നേടുന്ന അതിവേഗ ഗോളുകളിലെന്നാണിത്. കഴിഞ്ഞ നവംബറിൽ ഇപ്സ്വിച്ചിനെതിരെ മാർകസ് റാഷ്ഫോർഡ് രണ്ടാം മിനിറ്റിൽ ലക്ഷ്യംകണ്ടിരുന്നു. 31ാം മിനിറ്റിൽ ക്ലോസ് റേഞ്ച് ഗോളിലൂടെ സെസ്കോ ടീമിന്‍റെ ലീഡ് വർധിപ്പിച്ചു. ലോങ് ത്രോയിൽനിന്നുള്ള പന്താണ് ഗോളിലെത്തിയത്. ഇടവേളക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് സണ്ടർലാൻഡിന് പെനാൽറ്റി വിധിച്ചെങ്കിലും വാർ പരിശോധനയിൽ റഫറി തീരുമാനം പിൻവലിച്ചു. ഇരുപകുതികളിലുമായി യുനൈറ്റഡിന് നിരവധി ഗോളവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയാണ് തിരിച്ചടിയായായത്.

ഡെക്ലാൻ റൈസ് (38ാം മിനിറ്റ്), ബുക്കായോ സാക്ക (67ാം മിനിറ്റിൽ പെനാൽറ്റി) എന്നിവരാണ് ആഴ്സണലിനായി ഗോൾ നേടിയത്. ആഴ്സണൽ പരിശീലകനായി മൈക്കൽ അർട്ടേറ്റയുടെ 300ാം മത്സരമായിരുന്നു. മത്സരത്തിൽ ഭൂരിഭാഗം സമയവും ഗണ്ണേഴ്സിനു തന്നെയായിരുന്നു ആധിപത്യം. ജൂറിയൻ ടിംബറിനെ ബോക്സിൽ വീഴ്ത്തിയതിനാണ് ആഴ്സണലിന് അനുകൂലമായി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത സാക്ക പന്ത് അനായാസം വലയിലാക്കി.

ജയത്തോടെ ഏഴു മത്സരങ്ങളിൽനിന്ന് 16 പോയന്‍റുമായി ആഴ്സണൽ ഒന്നാം സ്ഥാനത്തേക്ക് കയറി. ഏഴു മത്സരങ്ങളിൽനിന്ന് 10 പോയന്‍റുള്ള യുനൈറ്റഡ് ഒമ്പതാം സ്ഥാനത്താണ്. അതേസമയം, ഘാന താരം മുഹമ്മദ് കുദുസ് ടോട്ടൻഹാം ജഴ്സിയിൽ ആദ്യ ഗോൾ നേടിയ മത്സരത്തിൽ ലീഡ്സിനെതിരെ ടോട്ടൻഹാം 2-1നാണ് ജയിച്ചുകയറിയത്. 23ാം മിനിറ്റിൽ മാതിസ് ടെല്ലിലൂടെ മുന്നിലെത്തിയിരുന്നു സന്ദർശകർ. നോഹ ഒകാഫോർ 34ാം മിനിറ്റിൽ നേടിയ ഗോളിൽ ലീഡ്സ് ഒപ്പമെത്തി. 57ാം മിനിറ്റിലായിരുന്നു കുദുസിന്റെ വിജയ ഗോൾ.

Tags:    
News Summary - English Premier League: Manchester United, Arsenal won

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.