ഹാരി കെയ്ൻ ഡബ്ളിൽ ഇംഗ്ലണ്ട് ലോകകപ്പിന്; ഡബ്ളടിച്ച് റെക്കോഡിട്ട് ക്രിസ്റ്റ്യാനോ, പോർചുഗൽ കാത്തിരിക്കണം

ലണ്ടൻ: ലോകകപ്പ് യോഗ്യതക്കായി പോര് മുറുകിയ യൂറോപിൽ ആദ്യം യോഗ്യത നേടുന്ന ടീമായി ഇംഗ്ലണ്ട്. വെറ്ററൻ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾവേട്ടയിൽ പിന്നെയും റെക്കോഡ് തിരുത്തിയ ദിനത്തിലായിരുന്നു മറ്റൊരു സൂപർ താരം ഹാരി കെയിനിന്റെ ചിറകേറി ഇംഗ്ലണ്ട് ലോകകപ്പ് കിരീട സ്വപ്നങ്ങൾക്ക് ചിറകു നൽകിയത്.

അവസാന മത്സരത്തിൽ ലാറ്റ്‍വിയയാണ് ഇംഗ്ലീഷ് പടയുടെ ചൂടറിഞ്ഞത്. എതിരില്ലാത്ത അഞ്ചു ഗോളിനായിരുന്നു തോൽവി. ക്യാപ്റ്റൻ ഹാരി കെയിൻ രണ്ടുവട്ടം വല കുലുക്കി ഒരിക്കലൂടെ ഹീറോ ആയപ്പോൾ ആന്റണി ഗോർഡൻ, എബറെച്ചി എസെ എന്നിവരും ഗോൾ നേടി. ഒരു ഗോൾ ലാറ്റ്‍വിയ താരം മാക്സിംസ് ടോണിസെവ്സ് വക സെൽഫ് ഗോളായിരുന്നു. ഗ്രൂപ് കെയിൽ ആറു കളികളിൽ 18 പോയിന്റുമായാണ് ഇംഗ്ലണ്ട് ലോകകപ്പ് യോഗ്യത നേടുന്നത്. ഗ്രൂപ്പിൽ രണ്ടാമതുള്ള അൽബേനിയക്ക് 11 പോയിന്റാണ് സമ്പാദ്യം.

2009മുതൽ 37 ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അപരാജിതരായി കുതിക്കുന്ന ഇംഗ്ലണ്ടിന് പക്ഷേ, അകന്നുനിൽക്കുന്ന കിരീടം ഇത്തവണ അമേരിക്കൻ മണ്ണിൽ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷ ശക്തമാണ്. 1966ലോകകപ്പിനു ശേഷം ടീം മുൻനിര കിരീടങ്ങളൊന്നും നേടിയിട്ടില്ല. അതിനിടെ, ലോകകപ്പ് യോഗ്യത പോരാട്ടങ്ങളിൽ 41 ഗോളുകളെന്ന അപൂർവ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ രണ്ടുവട്ടം വല കുലുക്കിയ ദിനത്തിൽ പോർച്ചുഗലിനെ ഹംഗറി 2-2ന് പിടിച്ചുകെട്ടി. ഇതോടെ, ലോകകപ്പ് യോഗ്യതക്ക് ടീം കാത്തിരിക്കണം.

ആഫ്രിക്കയിൽനിന്ന് സെനഗാൾ, ഐവറി കോസ്റ്റ് ടീമുകൾക്കും യോഗ്യത

ജൊഹാനസ് ബർഗ്: 2010ൽ ആതിഥേയരെന്ന ആനുകൂല്യത്തിൽ ആദ്യമായി ലോകകപ്പ് കളിച്ച്, ശേഷം കാണാമറയത്തായ ദക്ഷിണാഫ്രിക്ക വീണ്ടും ലോകകപ്പിന്. ആഫ്രിക്കൻ വൻകര ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഗ്രൂപ് ‘സി’ മത്സരത്തിൽ അവസാന കളിയും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ടീം തങ്ങളുടെ രണ്ടാം ലോകകപ്പ് ബർത്തുറപ്പിച്ചത്. നിർണായക അങ്കത്തിൽ റുവാൻഡയെ 3-0ത്തിന് തോൽപിച്ചായിരുന്നു കുതിപ്പ്.

അതേ ഗ്രൂപ്പിൽ ഫുട്ബാൾ ലോകത്തെ മറ്റൊരു അത്ഭുതമായി യോഗ്യതക്കരികിലെത്തിയ ബനിനെ നൈജീരിയ മുക്കിയതും അനുഗ്രഹമായി. 17 പോയന്റുമായി മുന്നേറിയ ബനിന് ഒരു സമനില കൊണ്ട് ലോകകപ്പ് യോഗ്യതയെന്ന സ്വപ്നം സാക്ഷാത്കരിക്കാമായിരുന്നെങ്കിലും നിർണായക മത്സരത്തിൽ നൈജീരിയ നിറഞ്ഞാടി. മറുപടിയില്ലാത്ത നാല് ഗോളിന്റെ ജയം അവർ സ്വന്തമാക്കിയതോടെ ഗ്രൂപ് സമവാക്യങ്ങൾ മാറിമറിഞ്ഞു. അതുവരെ ഒന്നാമതായി കുതിച്ച ബനിൻ 17 പോയന്റുമായി മൂന്നിലേക്ക് പതിച്ചപ്പോൾ, നിർണായക ജയത്തോടെ ദക്ഷിണാഫ്രിക്ക (18 പോയന്റ്) ഒന്നാം സ്ഥാനവുമായി ലോകകപ്പ് യോഗ്യത നേടി. രണ്ടാം സ്ഥാനക്കാരായ നൈജീരിയ രണ്ടാം സ്ഥാനക്കാരുടെ പട്ടികയിൽ നാലിൽ ഒരു ടീമായി രണ്ടാം റൗണ്ട് കളിക്കാനും യോഗ്യത നേടി.

സെനഗാൾ, ഐവറി കോസ്റ്റ് ടീമുകളും ലോകകപ്പ് യോഗ്യത നേടിയിട്ടുണ്ട്. ഗ്രൂപ് ‘ബി’യിലെ നിർണായക മത്സരത്തിൽ മോറിത്താനിയയെ വീഴ്ത്തിയാണ് സെനഗാൾ ടിക്കറ്റ് ഉറപ്പിച്ചത്. സാദിയോ മാനെ ഇരട്ട ഗോൾ നേടിയ മത്സരത്തിൽ 4-0ത്തിനായിരുന്നു ജയം. ഗ്രൂപ് ‘എഫി’ൽനിന്നും ഐവറി കോസ്റ്റ് അവസാന മത്സരത്തിൽ കെനിയയെ 3-0ത്തിന് വീഴ്ത്തി. രണ്ടാം സ്ഥാനത്തുള്ള ഗാബോണും അവസാന മത്സരം ജയിച്ചപ്പോൾ ഒരു പോയന്റ് വ്യത്യാസത്തിലായിരുന്നു ഐവറി കോസ്റ്റിന്റെ കുതിപ്പ്. കേപ് വെർഡെ, ഈജിപ്ത്, മൊറോക്കോ, തുനീഷ്യ, അൽജീരിയ, ഘാന ടീമുകൾ ഇതിനകം ആഫ്രിക്കയിൽ നിന്നും ലോകകപ്പ് ബർത്തുറപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - England thrashes Latvia 5-0 to qualify for World Cup finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.