ന്യൂഡൽഹി: ജംഷഡ്പുർ എഫ്.സി പ്രവർത്തനം അവസാനിപ്പിക്കരുതെന്ന് ക്ലബ് ഉടമകളായ ടാറ്റ ഗ്രൂപ്പിനോട് താരങ്ങളുടെ അപേക്ഷ. ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറാനും സീനിയർ ടീമിന്റെ പ്രവർത്തനം അവസാനിപ്പിക്കാനുമുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ഇവർ അഭ്യർഥിച്ചു. ‘‘എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു ഞെട്ടിക്കുന്ന വാർത്തയായിരുന്നു. ടാറ്റ ഗ്രൂപ്പിൽ നിന്ന് ഇത്തരമൊരു തീരുമാനം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അവർ തങ്ങളുടെ തീരുമാനം മാറ്റി ഐ.എസ്.എല്ലിൽ പങ്കെടുക്കണമെന്ന് ഞാൻ വിനീതമായി അഭ്യർഥിക്കുന്നു. കാരണം, ഒരു തലമുറക്ക് മുഴുവൻ ഇതൊരു വലിയ വേദിയാണ്’’ -മിഡ്‌ഫീൽഡർ പ്രണോയ് ഹാൽദർ പറഞ്ഞു.
‘‘ജംഷഡ്പുർ എഫ്.സിയിൽനിന്ന് നിഖിൽ ബർല, പൂയ, അൽബിനോ ഗോമസ്, മുഹമ്മദ് സനാൻ എന്നിവർ അടുത്തിടെ ലണ്ടനിൽ നടന്ന യൂനിറ്റി കപ്പിനായുള്ള ദേശീയ സീനിയർ ടീമിൽ ഇടം നേടിയിരുന്നു. അണ്ടർ 19, അണ്ടർ 22 വിഭാഗങ്ങളിലെ നിരവധി യുവതാരങ്ങൾ ഘട്ടംഘട്ടമായി വളർന്ന് സീനിയർ തലത്തിലേക്ക് എത്തുന്നത് നമുക്ക് കാണാം. ഇതവർക്ക് ലഭിക്കുന്ന വലിയൊരു അവസരമാണ്. ഇതാണ് എന്റെ പ്രതീക്ഷ, പൂർണമായ വിശ്വാസവും’’ -ഹാൽദർ അഭിപ്രായപ്പെട്ടു. ‘‘ഈ ക്ലബ് അടച്ചുപൂട്ടുക എന്ന തീരുമാനം എനിക്ക് ഉൾക്കൊള്ളാനാവുന്നില്ല. ടാറ്റ ഗ്രൂപ് തങ്ങളുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. കാരണം ഇത് ഒന്നോ രണ്ടോ വർഷത്തെ കാര്യമല്ല, ഇന്ത്യൻ ഫുട്ബാളിന്റെ ഭാവി തന്നെയാണല്ലോ ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്’’-ഗോൾകീപ്പർ അൽബിനോ ഗോമസ് പറഞ്ഞു.
മിഡ്‌ഫീൽഡർ നിഖിൽ ബർലയും ഇതേ അഭിപ്രായം പങ്കുവെച്ചു: ‘‘വ്യക്തിപരമായും വൈകാരികമായും ഞാൻ വളരെ അസ്വസ്ഥനാണ്. തീരുമാനങ്ങളെക്കുറിച്ചും യുവതാരങ്ങളുടെ ഭാവിയെക്കുറിച്ചും ഒന്ന് ചിന്തിക്കുക’’-ബർലയുടെ വാക്കുകൾ. സെപ്റ്റംബർ നാലിന് ആരംഭിക്കുന്ന ഐ.എസ്.എല്ലിന്‍റെ അടുത്ത സീസണിലേക്കുള്ള പങ്കാളിത്ത ഫീസ് അടക്കാനുള്ള സമയപരിധി കഴിഞ്ഞതിന് മണിക്കൂറുകൾക്കുശേഷം ഐ.എസ്.എല്ലിൽ നിന്ന് പിന്മാറുന്നതായി ജംഷഡ്പുർ എഫ്.സി പ്രഖ്യാപിച്ചിരുന്നു. കൂടാതെ സീനിയർ ടീമിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചതായും വ്യക്തമാക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.