തിരുവനന്തപുരം: അർജന്റീന ഫുട്ബാൾ ടീമിനെ കേരളത്തിൽ കൊണ്ടുവരാൻ തയാറാണെന്നും അതിന് സാമ്പത്തിക സഹായം നൽകാമെന്നും അറിയിച്ച് സർക്കാറിനെ സമീപിച്ചത് പിന്നീട് സ്പോൺസർമാരായി എത്തിയ കമ്പനി തന്നെയാണെന്ന സംശയവും കായിക വകുപ്പ് സ്പെഷൽ സെക്രട്ടറിയുടെ റിപ്പോർട്ടിലുണ്ട്. കളമശ്ശേരി ആസ്ഥാനമായ ‘ഗോട്ട് ആഡ് ഗ്ലോബൽ’ എന്ന സ്ഥാപനമാണ് 2023 ജൂലൈയിൽ സർക്കാറിന് ആദ്യം കത്തയച്ചത്. അതിന് 20 ദിവസം മുമ്പ് മാത്രമാണ് ഈ സ്ഥാപനം രജിസ്റ്റർ ചെയ്തതെന്നും ഒരു ലക്ഷം രൂപ മാത്രമായിരുന്നു മൂലധനമെന്നും ആ സ്ഥാപനമാണ് കോടികൾ മുടക്കി മെസ്സിയെ കൊണ്ടുവരാമെന്ന് അറിയിച്ചതെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
പിന്നീട് സ്പോൺസറായെത്തിയ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ അതേ മേൽവിലാസമാണ് ആദ്യ സ്ഥാപനത്തിനുണ്ടായിരുന്നതെന്ന ഗുരുതര കണ്ടെത്തലും കായിക സെക്രട്ടറിയുടെ റിപ്പോർട്ടിലുണ്ട്. ടെൻഡറില്ലാതെ ഏകപക്ഷീയമായി സ്പോൺസറെ കണ്ടെത്തിയതിൽ വീഴ്ചയുണ്ട്. ചട്ടങ്ങൾ മറികടന്ന അതിവേഗ നീക്കങ്ങളാണ് നടന്നത്. അർജന്റീന വരും എന്ന വാഗ്ദാനം ആധികാരിക രേഖകൾ ഇല്ലാതെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അർജന്റീന ടീം കേരളത്തിൽ കളിക്കണമെങ്കിൽ ഫിഫ രജിസ്ട്രേഷൻ ഉൾപ്പെടെ നിർബന്ധമാണ്. ഫിഫ അംഗീകാരമോ ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷന്റെ അനുമതിയോ ഇല്ലാതെയാണ് വാഗ്ദാനം നൽകുന്നതിലേക്ക് കമ്പനിയും സർക്കാറും ഉൾപ്പെടെ നീങ്ങിയതെന്ന വിവരവും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.