ലണ്ടൻ: ഒരു വ്യാഴവട്ടം അണിഞ്ഞ ജഴ്സി അവസാനം അഴിച്ചുവെച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡി ഗിയ. 2011ൽ അത്ലറ്റികോ മഡ്രിഡിൽനിന്ന് കൂടുമാറിയെത്തിയശേഷം ചോരാത്ത കൈകളുമായി യുനൈറ്റഡ് വല കാത്ത ഡി ഗിയ കരാർ കാലാവധി കഴിഞ്ഞതോടെയാണ് ടീം വിടുന്നത്. പുതിയ കരാറിലെത്താൻ ആലോചനകൾ സജീവമായിരുന്നെങ്കിലും അവസാനം പരാജയപ്പെടുകയായിരുന്നു.
മാഞ്ചസ്റ്റർ ടീമിനായി 545 തവണ വല കാത്ത താരം 2012-13ൽ അലക്സ് ഫെർഗൂസണു കീഴിൽ കപ്പുയർത്തുമ്പോൾ ആദ്യ ഇലവനിലുണ്ടായിരുന്നു. 2016ൽ എഫ്.എ കപ്പും 2017, 2023 വർഷങ്ങളിൽ കരബാവോ കപ്പ്, 2017ലെ യൂറോപ കപ്പ് എന്നിവയും സ്വന്തമാക്കി. പുതിയ ടീം ഏതാകുമെന്ന് വ്യക്തമല്ല. യുനൈറ്റഡ് ഡി ഗിയയുടെ പകരക്കാരനായി ഇന്റർ ഗോളി ഒനാന അടക്കമുള്ളവരിൽ നോട്ടമിട്ടിട്ടുണ്ട്.
‘‘കഴിഞ്ഞ 12 വർഷം ലഭിച്ച സ്നേഹത്തിന് നിസ്സീമമായ നന്ദിയും കടപ്പാടും അറിയിക്കുകയാണ്. എന്റെ പ്രിയങ്കരനായ സർ അലക്സ് ഫെർഗൂസൺ ഈ ക്ലബിലെത്തിച്ചശേഷം ഒത്തിരി നേട്ടങ്ങളിൽ കൈവെച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ എന്നും ഹൃദയത്തോടു ചേർന്നുനിൽക്കും’’ -ഡി ഗിയ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.