ക്രിസ്റ്റ്യാനോ റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിക്കുന്നു? ഫുട്ബാൾ ലോകത്തെ ഞെട്ടിച്ച് താരത്തിന്റെ വെളിപ്പെടുത്തൽ

ഫുട്ബാൾ ലോകത്തെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിക്കൽ സൂചന നൽകുന്നു. തന്റെ പ്രൊഫഷണൽ കരിയറിലെ അവസാന സീസണായിരിക്കാം ഇതെന്നാണ് 41-കാരനായ താരം വ്യക്തമാക്കിയിരിക്കുന്നത്. പ്രശസ്ത ഫാഷൻ മാഗസിനായ വോഗിന് (Vogue) നൽകിയ പ്രത്യേക അഭിമുഖത്തിലാണ് റൊണാൾഡോ ആരാധകരെ നിരാശരാക്കുന്ന ഈ വെളിപ്പെടുത്തൽ നടത്തിയത്. പങ്കാളിയായ ജോർജിന റോഡ്രിഗസുമായുള്ള വിവാഹത്തിന് തൊട്ടുപിന്നാലെയാണ് റൊണാൾഡോ ഫുട്ബോൾ ഭാവി വ്യക്തമാക്കിയത്.

"ഇത് എന്റെ അവസാന വർഷം"

"ഇത് മിക്കവാറും ഫുട്ബോളിലെ എന്റെ അവസാന വർഷമായിരിക്കും. മികച്ച ഒരു പാരമ്പര്യം ബാക്കിവെച്ചുകൊണ്ട് കളി അവസാനിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്," - ക്രിസ്റ്റ്യാനോ പറഞ്ഞു. കൃത്യമായൊരു വിരമിക്കൽ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സുവർണ്ണ കരിയറിന് ഉടൻ തിരിശ്ശീല വീഴുമെന്ന വ്യക്തമായ സൂചനയാണ് അൽ-നസ്ർ താരം നൽകുന്നത്. കളി നിർത്തിയാലും താൻ തിരക്കിലായിരിക്കുമെന്നും ഭാവി കാര്യങ്ങളെക്കുറിച്ച് വ്യക്തമായ പദ്ധതികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്പോർട്ടിങ് മുതൽ അൽ-നസ്ർ വരെ

പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിങിൽ നിന്ന് തുടങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ്, ഒടുവിൽ സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ-നസ്ർ വരെയെത്തി നിൽക്കുന്ന 25 വർഷത്തോളം നീണ്ട സമാനതകളില്ലാത്ത കരിയറിലെ നേട്ടങ്ങളിൽ സംതൃപ്തനാണെന്നും റൊണാൾഡോ വ്യക്തമാക്കി. കഴിഞ്ഞ ഫിഫ ലോകകപ്പിലെ പോർച്ചുഗലിന്റെ അവസാന 16 പോരാട്ടത്തിന് മുമ്പ് തന്നെ, ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് താരം വ്യക്തമാക്കിയിരുന്നു. നിലവിൽ സൗദി പ്രോ ലീഗിൽ അൽ-നസ്റിനായി മികച്ച പ്രകടനം തുടരുമ്പോഴാണ് ആരാധകരെ കണ്ണീരിലാഴ്ത്തുന്ന തരത്തിലുള്ള പ്രഖ്യാപനം ഉണ്ടാകുന്നത്.

റൊണാൾഡോയുടെ വിടവാങ്ങൽ മത്സരം ഇനി എന്ന വേണമെങ്കിലും ഉണ്ടാകാമെന്നതിനാൽ, വരും ദിവസങ്ങളിൽ താരം മൈതാനത്തിറങ്ങുന്ന ഓരോ മത്സരവും ഫുട്ബാൾ പ്രേമികൾക്ക് ഏറെ പ്രധാനപ്പെട്ടതായിരിക്കും.

Tags:    
News Summary - Cristiano Ronaldo Retirement: “This Could Be My Last Year”

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.