ലണ്ടൻ: ലോകത്തെ ഏറ്റവും വലിയ ഫുട്ബാൾ വൻകരയായ യൂറോപ്പിൽ ക്ലബ് ലീഗ് സീസൺ ആഗസ്റ്റ് പകുതിയോടെ ആരംഭിക്കാനിരിക്കെ താരങ്ങളുടെ കൂടുമാറ്റം പുരോഗമിക്കുകയാണ്. വേനൽക്കാല കൂടുമാറ്റ ജാലകം അടക്കാൻ മൂന്നാഴ്ച കൂടി ബാക്കിയുണ്ട്. കഴിഞ്ഞ വർഷം താരങ്ങളെ വാങ്ങാൻ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് അന്നത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളായിരുന്നു. ഇക്കുറി ഇതുവരെയുള്ള കണക്ക് നോക്കുമ്പോൾ ചെൽസിയാണ് കൂട്ടത്തിൽ മുന്നിൽ. ആഗോളാടിസ്ഥാനത്തിൽത്തന്നെ ചെൽസിയും ടോട്ടൻഹാം ഹോട്സ്പറും റയൽ മഡ്രിഡുമാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ലിവർപൂൾ ആദ്യ പത്തിൽപ്പോലുമില്ല.
1. ചെൽസി (ഇംഗ്ലണ്ട്)
389 ദശലക്ഷം യൂറോ (ഏകദേശം 3,540 കോടി രൂപ)
റെക്കോഡുകൾ ഭേദിച്ചാണ് ചെൽസി പണം ചെലവിടുന്നത്. ആസ്റ്റൻ വില്ലയിൽനിന്ന് ബ്രിട്ടീഷ് റെക്കോഡ് തുകയായ 117 ദശലക്ഷം യൂറോക്കാണ് (ഏകദേശം 1,252 കോടി രൂപ) അറ്റാക്കിങ് മിഡ്ഫീൽഡറായ മോർഗൻ റോജേഴ്സിനെ നീലപ്പടയിലെത്തിച്ചത്. ക്രിസ്റ്റൽ പാലസിൽനിന്ന് പ്രതിരോധം ശക്തമാക്കാൻ എത്തിച്ച സെന്റർ ബാക്കായ മാക്സെൻസ് ലാക്രോയിക്സ്, സ്പോർട്ടിങ് ലിസ്ബണിൽ നിന്ന് 19 കാരൻ വിങ്ങർ ജിയോവാനി ക്വേണ്ട, അറ്റ്ലാന്റയിൽ നിന്ന് ഇറ്റാലിയൻ റൈറ്റ് ബാക്ക് മാർക്കോ പലേസ്ട്ര, ബ്രെന്റ്ഫോർഡിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിലൂടെ എത്തിയ പരിചയസമ്പന്നനായ മിഡ്ഫീൽഡർ ജോഡൻ ഹെൻഡേഴ്സൺ തുടങ്ങിയവരെയും കൊണ്ടുവന്നു.
2.ടോട്ടനം ഹോട്സ്പർ (ഇംഗ്ലണ്ട്)
267 ദശലക്ഷം യൂറോ (ഏകദേശം 2,430 കോടി രൂപ)
പണം ചെലവഴിച്ചതിൽ രണ്ടാംസ്ഥാനവും ഇംഗ്ലീഷ് ക്ലബിനാണ്. ടോട്ടൻഹാം ഹോട്സ്പർ ഇതുവരെ 267 ദശലക്ഷം യൂറോ മുടക്കി. ന്യൂകാസിൽ യുനൈറ്റഡിൽ നിന്നും ഇറ്റാലിയൻ മിഡ്ഫീൽഡർ സാൻഡ്രോ ടോണാലിയെ 1,070 കോടി രൂപക്കാണ് കൊണ്ടുവന്നത്. വെസ്റ്റ് ഹാമിൽ നിന്ന് പോർചുഗീസ് യുവ മിഡ്ഫീൽഡർ മാറ്റിയസ് ഫെർണാണ്ടസ് 901 കോടി രൂപക്കും ടോട്ടൻഹാം സ്വന്തമാക്കി.
3.റയൽ മഡ്രിഡ് (സ്പെയിൻ)
235 ദശലക്ഷം യൂറോ (ഏകദേശം 2,138 കോടി രൂപ)
സ്പാനിഷ് ലാലിഗ ക്ലബായ റയൽ മഡ്രിഡിനാണ് മൂന്നാംസ്ഥാനം. ആർ.ബി ലെയ്പ്സിഷിന്റെ യുവതാരം യാൻ ഡിയോമൺഡെയെ ടീമിലെത്തിക്കാൻ റയൽ 1,137 കോടി രൂപ നൽകി. ചെൽസിയിൽ നിന്ന് സ്പെയിനിന്റെ ലോകകപ്പ് ഹീറോ ലെഫ്റ്റ് ബാക്ക് മാർക്ക് കുകുറെല്ല, മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിലൂടെ മിഡ്ഫീൽഡർ ബെർണാഡോ സിൽവ, ലിവർപൂളിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിലൂടെ എത്തിയ ഫ്രഞ്ച് സെന്റർ ബാക്ക് ഇബ്രാഹിമ കൊനാറ്റെ, ഇന്റർ മിലാനിൽ നിന്ന് ഡച്ച് റൈറ്റ് ബാക്ക് ഡെൻസൽ ഡംഫ്രീസ് തുടങ്ങിയവരുമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.