കാലിക്കറ്റ് എഫ്‌സി താരം റിജോൺ ജോസിന് വാഹനാപകടത്തിൽ ദാരുണാന്ത്യം; സഹതാരത്തിന് പരിക്ക്

കോഴിക്കോട്: ബൈക്കുകൾ കൂട്ടിയിടിച്ച് കാലിക്കറ്റ് എഫ്.സി താരവും തൃശ്ശൂർ സ്വദേശിയുമായ റിജോൺ ജോസിന് (29) ദാരുണാന്ത്യം. അപകടത്തിൽ സഹതാരമായ ഗനി അഹമ്മദ് നിഗമിന് കാലിന് പരിക്കേറ്റു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിന് സമീപമുള്ള ഫ്ലൈ ഓവറിൽ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം.

സൂപ്പർ ലീഗ് കേരള ക്ലബ്ബായ കാലിക്കറ്റ് എഫ്‌സിയുടെ താരങ്ങളാണ് ഇരുവരും. റിജോൺ മുമ്പ് ഫോർസ കൊച്ചിക്ക് വേണ്ടിയും എഫ്.സി ഡെക്കാൻ, വയനാട് യുണൈറ്റഡ്, ജോർജ് ടെലഗ്രാഫ് എന്നിവക്കായും കളിച്ചിട്ടുണ്ട്.

റിജോൺ ജോസും ഗനി അഹമ്മദ് നിഗമും സഞ്ചരിച്ചിരുന്ന കവാസാക്കി ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരു ബൈക്കുകളിലുമായി ഉണ്ടായിരുന്ന മൂന്ന് പേരും തെറിച്ചുവീണു.

ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ റിജോൺ ജോസ് മരണത്തിണ് കീഴടങ്ങി. കാലിന് പരിക്കേറ്റ ഗനി അഹമ്മദ് നിഗമിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സൂപ്പർ ലീഗ് പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ദാരുണാപകടം. റിജോൺ അടങ്ങുന്ന കാലിക്കറ്റ് എഫ്.സിയും തിരുവനന്തപുരം കൊമ്പൻസും തമ്മിലുള്ള ആദ്യമത്സരം ശനിയാഴ്ച കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കേണ്ടതായിരുന്നു.​ വെള്ളിമാടുകുന്ന് ജെ.ഡി.ടി ഗ്രൗണ്ടിൽ ഇതിനുള്ള പരിശീലനത്തിലായിരുന്നു ടീം. 

Tags:    
News Summary - Calicut FC player Rijon Jose dies in tragic road accident; teammate seriously injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.