രണ്ടുപേരും നല്ല കളിക്കാർ ; അവരെ താരതമ്യം ചെയ്യേണ്ടതില്ല - ഡെക്കോ

മെസിക്ക് ശേഷം ബാഴ്സലോണയെ തോളിലേറ്റാൻ ആര് എന്ന ചോദ്യത്തിന് കൗമാര താരം ലാമിൻ യമാലെന്ന പേരാണ് ആരാധകർക്കിടയിൽ ഉയരുന്നത്. 17ാം വയസിൽ കളി മൈതാനത്ത് കാൽപന്ത് കൊണ്ട് മായാജാലം തീർക്കുന്ന യമാലുമായുള്ള കരാർ 2031 വരെ ബാഴ്സലോണ നീട്ടിയിട്ടുണ്ട്. 2023ൽ 15 വയസ്സുള്ളപ്പോഴാണ് യമാൽ ബാഴ്‌സയിൽ അരങ്ങേറ്റം കുറിച്ചത്. 2024-25 സീസണില്‍ ലാ ലിഗ, കോപ്പ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ് എന്നിവയുടെ ഭാഗമായി 55 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ നേടുകയും 25 അസിസ്റ്റുകളും താരം സംഭാവന ചെയ്‌തു. കൂടാതെ ബാഴ്‌സലോണയ്‌ക്കായി ഇതുവരെ 115 മത്സരങ്ങളിൽ നിന്ന് 25 ഗോളുകൾ നേടിയ യമാൽ, ലാ ലിഗ, കോപ്പ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ് എന്നിവയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ നേടുന്ന കളിക്കാരനായി. ഇത്തവണത്തെ ബാലൺ ഡി ഓർ സാധ്യത പട്ടികയിലും താരം മുന്നിലുണ്ട്. കളി മൈതാനത്തെ ഈ മിന്നും പ്രകടനത്തെ തുടർന്ന് അടുത്ത കാലത്തായി ബാഴ്‌സയുടെ ഇതിഹാസ താരമായ ലയണല്‍ മെസിയുമായി ലാമിന്‍ യമാലിനെ സീനിയര്‍ താരങ്ങള്‍ താരതമ്യപ്പെടുത്തിയിരുന്നു.

ഇപ്പോള്‍ ഇരു താരങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് ബാഴ്‌സലോണയുടെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ഡെക്കോ. ബാഴ്‌സയുടെ എക്കാലത്തേയും മികച്ച താരമായിരുന്ന മെസിയേയും ക്ലബ്ബിന്റെ യുവ താരം ലാമിനേയും താരതമ്യം ചെയ്യേണ്ടതില്ലെന്നും ഇരുവര്‍ക്കും അവരുടേതായ വ്യക്തിത്വമുണ്ടെന്നും ഡീക്കോ പറഞ്ഞു. മെസി ബാഴ്‌സയുടെ എക്കാലത്തേയും മികച്ച താരമാണെന്നും ലാമിന് മെസിയേപ്പോലെ ചരിത്രം സൃഷ്ടിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Both are good players; no need to compare them - Deco

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.