കൊച്ചി: ഐ.എസ്.എൽ, ഡ്യൂറൻഡ് കപ്പ് മത്സരങ്ങൾക്കുള്ള തീവ്രപരിശീലനത്തിനിടെ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഒരു താരത്തെകൂടി കൈമാറി. മിഡ്ഫീൽഡർ ആയുഷ് അധികാരിയെയാണ് ക്ലബ് കൈമാറിയത്. ഏത് ക്ലബിലേക്കാണ് പോകുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ചെന്നൈയിൻ എഫ്.സിയിലേക്കാണ് കൂടുമാറുന്നതെന്നാണ് സൂചന.
2020ൽ ടീമിന്‍റെ ഭാഗമായി എത്തിയ ഡൽഹിക്കാരനായ അധികാരിക്ക് കരാർ പ്രകാരം ഒരു വർഷംകൂടി ബാക്കിയുണ്ട്. ദിവസങ്ങൾക്കു മുമ്പാണ് ബ്ലാസ്റ്റേഴ്സ് സൂപ്പർതാരമായിരുന്ന സഹൽ അബ്ദുൽ സമദിനെ മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സിന് കൈമാറിയത്. പകരം മോഹൻ ബഗാൻ നായകനായ പ്രീതം കോട്ടാലിനെ സ്വന്തമാക്കുകയും ചെയ്തു. പ്രീസീസൺ പരിശീലന കളരിയിലാണ് ടീം. ഇതിനിടെ കഴിഞ്ഞ ദിവസം ടീമിലെ സ്ട്രൈക്കറായ ജോഷ്വ സൊറ്റീരിയോക്ക് പരിക്കേറ്റതിനെ തുടർന്ന് ഏറെ നാളത്തേക്ക് കളിക്കാനാവില്ലെന്ന് ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കിയിരുന്നു.
ബ്ലാസ്റ്റേഴ്സ് പരിശീലകർ, മാനേജ്മന്‍റെ്, സഹതാരങ്ങൾ എന്നിവർക്കും ബ്ലാസ്റ്റേഴ്സ് ആരാധകർക്കും നന്ദി അറിയിക്കുന്നതായി ആയുഷ് പറഞ്ഞു. ‘എല്ലാ സ്നേഹത്തിനും നന്ദി, എന്‍റെ മനസ്സിൽ എന്നും നിങ്ങൾക്ക് ഒരു പ്രത്യേക സ്ഥാനം ഉണ്ടാകും’ എന്നാണ് നന്ദി അറിയിച്ചുള്ള കുറിപ്പിന്‍റെ അവസാനം ആയുഷ് മലയാളത്തിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.