ബൈച്ചുങ് ബൂട്ടിയ
കൊൽക്കത്ത: അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീൽ ദേശീയ ടീം കൊൽക്കത്തയിൽ പന്തുതട്ടാനെത്തുന്നുവെന്ന പ്രഖ്യാപനത്തിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ. രാജ്യത്തെ ഫുട്ബാളിന്റെ അടിസ്ഥാന സൗകര്യങ്ങളും ആഭ്യന്തര ഘടനയും തകർന്ന് കിടക്കുമ്പോൾ ഇത്തരം കോടികൾ ചെലവഴിച്ചുള്ള പ്രദർശന മത്സരങ്ങൾ കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാകാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു. കുടുംബത്തിന് കഴിക്കാൻ ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുമ്പോൾ മകന്റെ വിവാഹത്തിന് ഷാരൂഖ് ഖാനെ നൃത്തം ചെയ്യിക്കാൻ കൊണ്ടുവരുന്നതുപോലെയുള്ള ആർഭാടമാണിതെന്ന് ബൂട്ടിയ കുറ്റപ്പെടുത്തി.
ഫിഫ റാങ്കിംഗിൽ 138-ാം സ്ഥാനത്തുള്ള ഇന്ത്യ, ബ്രസീലിനെ പോലുള്ള വമ്പൻമാരെ നേരിടുമ്പോൾ ടീമിന്റെ നിലവാരവും സന്നദ്ധതയും എന്താണെന്ന് ചിന്തിക്കേണ്ടതുണ്ട്. കൂടാതെ, സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 4 വരെ നടക്കുന്ന ഫിഫ ആസിയാൻ കപ്പിൽ ഇന്ത്യൻ ടീം പങ്കെടുക്കേണ്ടതുണ്ട്. ഈ തിരക്കിനിടയിൽ ബ്രസീലിനെതിരെ കളിക്കുന്ന തീയതി മാറ്റേണ്ടതാണെന്നും, ഫസ്റ്റ് ടീം കളിക്കാൻ പോലും കഴിയാത്ത സാഹചര്യം ഇതിലൂടെ ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജംഷഡ്പൂർ എഫ്.സി പോലെയുള്ള പ്രമുഖ ക്ലബ്ബുകൾ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പ്രവർത്തനം അവസാനിപ്പിക്കുന്ന വാർത്തകൾ പുറത്തുവരുന്നതിനിടയിലാണ് ഇത്തരത്തിലുള്ള മാമാങ്കങ്ങളെന്നും താരങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെയും (AIFF) ഒരു സ്വകാര്യ കൺസൾട്ടൻസി ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് ഒക്ടോബർ 3-ന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഈ മത്സരം സംഘടിപ്പിക്കുന്നത്. ആരാധകരെ സംബന്ധിച്ച് വലിയ ആവേശം നൽകുന്ന വാർത്തയാണെങ്കിലും, ഇന്ത്യൻ ഫുട്ബാളിലെ യഥാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ ഇത്തരം മത്സരങ്ങൾക്ക് പിന്നാലെ പോകുന്നതിനെതിരെ ഫുട്ബാൾ ലോകത്തുനിന്ന് കടുത്ത എതിർപ്പുകളാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.