എർലിങ് ഹാലൻഡ്

ഹാലൻഡിനായി വലയെറിഞ്ഞ് ബാഴ്സലോണ; സിറ്റിയുടെ ഗോൾ മെഷീൻ കൂടുമാറുമോ

ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജയൻ ഗോൾ മെഷീൻ എർലിങ് ഹാലൻഡിനെ റാഞ്ചാൻ ലക്ഷ്യമിട്ട് സ്പാനിഷ് കരുത്തരായ ബാഴ്സലോണ.

2022 മുതൽ സിറ്റിയുടെ മുൻനിരയെ നയിച്ച് ഇടതടവില്ലാതെ ഗോളടിച്ചുകൂട്ടുന്ന 25കാരനായ ഹാലൻഡിനെ അടുത്ത സീസണിൽ തങ്ങളുടെ നിരയിലെത്തിക്കാൻ ബാഴ്സലോണ ചരടു വലി ആരംഭിച്ചതായാണ് ഫുട്ബാൾ ട്രാൻസ്ഫർ ലോകത്തെ ഏറ്റവും ചൂടുള്ള വാർത്ത.

നിലവിൽ ബാഴ്സലോണയുടെ മുൻനിരയെ നയിക്കുന്ന പോളിഷ് ലെജൻഡ് റോബർട് ലെവൻഡോവ്സ്കിക്ക് പകരക്കാരനായി അടുത്ത വർഷത്തിൽ നോർവീജിയൻ യുവതാരത്തെ ക്ലബിലെത്തിക്കാനാണ് ശ്രമമെന്നാണ് സൂചന.

നിലവിൽ യൂറോപ്യൻ ക്ലബ് ഫുട്ബാളിലെ ഏറ്റവും വിലപിടിപ്പുള്ള താരം കൂടിയാണ് ​ഹാലൻഡ്. നേരത്തെ ഓർസ്ട്രിയൻ ക്ലബ് റെഡ്ബുൾ സാൽസ്ബർഗിലൂടെ പ്രഫഷണൽ ഫുട്ബാളിൽ സജീവമായ താരം, ​ജർമനിയിലെ ബൊറൂസിയ ഡോർട്മുണ്ടിലൂടെയാണ് കളിക്കളത്തിൽ കൈയൊപ്പു ചാർത്തുന്നത്. അതിവേഗവും, പിഴക്കാത്ത കൃത്യതയുമായി ഗോളടിച്ചുകൂട്ടി കുതിച്ച താരത്തെ 2022ൽ പെപ് ഗ്വാർഡിയോള സ്വന്തം നിരയിലെത്തിക്കുകയായിരുന്നു. 150 മത്സരങ്ങളിൽ അത്ര തന്നെ ഗോളുകളും ഇതിനകം സ്കോർ ചെയ്തു.

ലെവൻഡോവ്സ്കി ഒഴിച്ചിടുന്ന മുന്നേറ്റ നിരയിൽ ബാഴ്സലോണയുടെ ദീർഘകാല പദ്ധതികൾക്ക് ഏറ്റവും അനുയോജ്യനായ താരമായാണ് ഹാലൻഡിനെ വിലയിരുത്തുന്നത്. സ്പാനിഷ് മാധ്യമങ്ങളായ എൽ നാഷനൽ ഉൾ​പ്പെടെ ബാഴ്സയുടെ നീക്കം റിപ്പോർട്ട് ചെയ്തു.

അതേസമയം, സിറ്റിയുമായി ദീർഘകാല കരാറുള്ള താരം കൂടുമാറാൻ തയ്യാറായാലും വൻ തുക സിറ്റിക്ക് കൈമാറേണ്ടിവരുമെന്നത് വെല്ലുവിളിയാണ്. ഒരു വർഷം മുമ്പായിരുന്നു ഒമ്പതു വർഷത്തെ കരാറിൽ ഒപ്പുവെച്ചു വെച്ചത്. റിലീസ് ക്ലോസില്ലാതെയാണ് കരാറെന്നതിനാൽ, താൽപര്യമറിയിക്കുന്ന പുതിയ ക്ലബിന് വൻതുക മുടക്കേണ്ടി വരും. അതുകൊണ്ടു തന്നെ ബാഴ്സലോണ ഉൾപ്പെടെ വലിയ ക്ലബുകൾക്ക് മാത്രമാവും സിറ്റിയുടെ വൻ ഇടപാടിന് മുന്നിൽ കൈ കൊടുക്കാൻ കഴിയുന്നത്. 

Tags:    
News Summary - Barcelona is interested in signing Norwegian Erling Haaland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.