ലോകകപ്പ് യോഗ്യത റൗണ്ട്: പത്തടിച്ച് ഓസ്ട്രിയ; ആറാടി ഡെന്മാർക്

ലോകകപ്പ് ഫുട്ബാൾ യൂറോപ്യൻ യോഗ്യത റൗണ്ടിൽ വമ്പൻ വിജയങ്ങളുമായി ഓസ്ട്രിയ, ഡെന്മാർക്, നെതർലൻഡ്സ് ടീമുകൾ. ഓസ്ട്രിയ സാൻമാരിനോയെ 10-0ത്തിന് തരിപ്പണമാക്കിയപ്പോൾ ഡെന്മാർക് 6-0ത്തിന് ബെലറൂസിനെ തകർത്തു. മാൾട്ടക്കെതിരെ 4-0ത്തിനായിരുന്നു നെതർലൻഡ്സിന്റെ ജയം.

തകർപ്പൻ ഫോം തുടരുന്ന ഓസ്ട്രിയ ഗംഭീര വിജയത്തോടെ ഗ്രൂപ് എച്ചിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കളിച്ച അഞ്ചും ജയിച്ച ടീമിന് 15 പോയന്റായി. സാൻമാരിനോക്കെതിരെ നാലു ഗോളടിച്ച മാർകോ അർനൗറ്റോവിചായിരുന്നു ഓസ്ട്രിയയുടെ ഗോൾ മെഷീൻ. സ്റ്റെഫാൻ പോസ് രണ്ടു വട്ടം സ്കോർ ചെയ്തപ്പോൾ റൊമാനോ സ്കിമിഡ്, മൈകൽ ഗ്രിഗോറിറ്റ്സ്ക്, കോൺറാഡ് ലൈമർ, നികോളാസ് വൂംബ്രാൻഡ് എന്നിവരും ഗോൾ നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബോസ്നിയ ഹെർസഗോവിനയും സൈപ്രസും 2-2ന് സമനിലയിൽ പിരിഞ്ഞു. ആറു കളികളിൽ 13 പോയന്റുള്ള ബോസ്നിയ ഗ്രൂപ്പിൽ രണ്ടാമതുണ്ട്. ആറു മത്സരങ്ങളിൽ അഞ്ച് പോയന്റുമായി സൈപ്രസ് നാലാമതാണ്. അഞ്ച് കളികളിൽ ഏഴ് പോയന്റുള്ള റുമാനിയാണ് മൂന്നാം സ്ഥാനത്ത്. സാൻമാരിനോക്ക് അക്കൗണ്ട് തുറക്കാനായിട്ടില്ല.

ഗ്രൂപ് സിയിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ടതിനു പിന്നാലെ ഫോം കണ്ടെത്തിയ റാസ്മസ് ഹോയ്‍ലൻഡിന്റെ ഇരട്ട ഗോൾ മികവിലായിരുന്നു ബെലറൂസിനെതിരെ ഡെന്മാർക്കിന്റെ വിജയം. ആൻഡേസ് ഡ്രെയറും രണ്ടു ഗോൾ നേടിയപ്പോൾ പാട്രിക് ഡോർകു, വിക്ടർ ഫ്രോഹോൾട്ട് എന്നിവരും സ്കോർ ചെയ്തു. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ സ്കോട്ട്‍ലൻഡ് 3-1ന് ഗ്രീസിനെ തോൽപിച്ചു. ഡെന്മാർക്കിനും സ്കോട്ട്‍ലൻഡിനും മൂന്നു കളികളിൽ ഏഴ് വീതം പോയന്റാണെങ്കിലും ഗോൾശരാശരിയുടെ മുൻതൂക്കം ഡാനിഷുകാർക്കാണ്. ഗ്രീസിന് മൂന്നു പോയന്റുണ്ട്. ബെലറൂസിന് പോയന്റൊന്നുമില്ല.

പെനാൽറ്റി സ്പോട്ടിൽനിന്ന് രണ്ടുവട്ടം ലക്ഷ്യംകണ്ട കോഡി ഗാക്പോയായിരുന്നു ജി ഗ്രൂപ്പിൽ മാൾട്ടക്കെതിരെ ഡച്ചുകാരുടെ ആധികാരിക ജയത്തിന് പിന്നിൽ. തിജാനി റെയ്ൻഡേഴ്സ്, മെംഫിസ് ഡിപായ് എന്നിവരും സ്കോർ ചെയ്തു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഫിൻലൻഡ് 2-1ന് ലിത്വേനിയയെ കീഴടക്കി. അഞ്ച് കളികളിൽ 13 പോയന്റുമായി മുന്നിലുള്ള നെതർലൻഡ്സിന് പിന്നിൽ പോളണ്ടിനും (അഞ്ച് കളി) ഫിൻലൻഡ് (ആറ് കളി) 10 പോയന്റ് വീതമാണ്. ലിേത്വനിയക്ക് മൂന്നും മാൾട്ടക്ക് രണ്ടും പോയന്റാണുള്ളത്.

എൽ ഗ്രൂപ്പിൽ മുമ്പന്മാരായ ക്രൊയേഷ്യയും ചെക് റിപ്പബ്ലിക്കും തമ്മിലുള്ള കളി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. അഞ്ച് കളി കളിച്ച ക്രൊയേഷ്യക്കും ആറു മത്സരം കളിച്ച ചെക്കിനും 13 പോയന്റ് വീതമാണെങ്കിലും ഗോൾശരാശരിയുടെ മുൻതൂക്കത്തിൽ ക്രോട്ടുകളാണ് മുന്നിൽ. മോണ്ടെനെഗ്രോയെ 4-0ത്തിന് തകർത്ത ഫറോ ഐലൻഡിന് ഒമ്പത് പോയന്റുണ്ട്. മോണ്ടെനെഗ്രോ ആറിൽ നിൽക്കുമ്പോൾ ജിബ്രാൾട്ടറിന് പോയന്റൊന്നുമില്ല.

Tags:    
News Summary - Austria scores 10 goals in FIFA World Cup qualifier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.