പ്രശസ്തി സമാധാനം കെടുത്തി, റെസ്റ്റോറന്റിൽ പോലും പോകാനാകുന്നില്ല; പഴയ ജീവിതം മോഹിച്ച് കേപ് വെർദെ ഗോൾകീപ്പർ വൊസീഞ്ഞ

ലോകകപ്പ് ഫുട്ബാളിലെ അവിശ്വസനീയ പ്രകടനത്തിലൂടെ ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകരുടെ ശ്രദ്ധാകേന്ദ്രമായി മാറിയ കേപ് വെർദെ ഗോൾകീപ്പർ വൊസീഞ്ഞ പുതിയ ജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി രംഗത്ത്. ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ ലഭിച്ച പ്രശസ്തി തന്റെ സ്വകാര്യതയും സമാധാനവും പൂർണ്ണമായും നഷ്ടപ്പെടുത്തിയെന്നും, പഴയ ജീവിതത്തിലേക്ക് മടങ്ങാനാണ് താൻ ആഗ്രഹിക്കുന്നതെന്നും നാൽപതുകാരനായ താരം 'ദി ഒബ്സർവറി'നോട് പ്രതികരിച്ചു.

ലോകകപ്പ് അരങ്ങേറ്റത്തിൽ തന്നെ യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനെ ഗോൾരഹിത സമനിലയിൽ തളച്ച കേപ് വെർദെയുടെ ചരിത്രക്കുതിപ്പിന് പിന്നിൽ വൊസീഞ്ഞയുടെ വിശ്വസ്ത കരങ്ങളായിരുന്നു. പ്രീക്വാർട്ടറിൽ അർജന്റീനയെ എക്സ്ട്രാ ടൈം വരെ സമ്മർദ്ദത്തിലാക്കാനും അവർക്ക് സാധിച്ചു. ഈ അവിശ്വസനീയ പ്രകടനങ്ങൾക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ ഫോളോവേഴ്സ് 50,000-ത്തിൽനിന്ന് ഒറ്റയടിക്ക് പത്ത് ലക്ഷത്തിന് മുകളിലേക്കാണ് കുതിച്ചുയർന്നത്. മികച്ച പുരുഷ ഗോൾകീപ്പർക്കുള്ള ബാലൺ ഡി ഓർ പുരസ്കാരത്തിനുള്ള നാമനിർദേശ പട്ടികയിലും വൊസീഞ്ഞ ഇടംപിടിച്ചിരുന്നു.

എന്നാൽ, അപ്രതീക്ഷിതമായി ലഭിച്ച ഈ പ്രശസ്തി തന്റെ ജീവിതം ദുസ്സഹമാക്കിയെന്നാണ് താരം പറയുന്നത്. "എന്റെ സമാധാനവും ശാന്തതയും നഷ്ടപ്പെട്ടു. മുമ്പുണ്ടായിരുന്ന സ്വകാര്യതയൊന്നും എനിക്കിപ്പോഴില്ല. പുറത്തിറങ്ങാനോ ഒരു റെസ്റ്റോറന്റിൽ പോകാനോ കഴിയുന്നില്ല. ആളുകൾ വന്ന് ഫോട്ടോയും ഓട്ടോഗ്രാഫും ചോദിക്കുകയാണ്. ചിലർ അനുവാദമില്ലാതെ വിഡിയോ പകർത്തുന്നു. ഇതിലൊന്നും എനിക്കെന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല. പലരും പ്രശസ്തരാകാൻ ആഗ്രഹിക്കുന്നവരാണ്, എന്നാൽ അവർ അതിന്റെ നല്ല വശം മാത്രമാണ് കാണുന്നത്. പഴയ ജീവിതമാണോ ഇപ്പോഴത്തേതാണോ വേണ്ടതെന്ന് ചോദിച്ചാൽ, ഞാൻ ആ പഴയ ജീവിതം തന്നെ തെരഞ്ഞെടുക്കും" -വൊസീഞ്ഞ വ്യക്തമാക്കി.

താരത്തിന്റെ ലോകകപ്പ് അരങ്ങേറ്റം കാണാൻ വിസയ്ക്ക് പണമില്ലാതിരുന്ന അമ്മയുടെ വാർത്തയും നേരത്തെ വാർത്തകളിൽ ഇടംനേടിയിരുന്നു. യു.എസ് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് നേതാവായ ഹക്കീം ജെഫ്രീസാണ് അന്ന് അവർക്ക് വിസ ഫീസ് ഒഴിവാക്കി നൽകിയത്. എന്നാൽ ഇപ്പോൾ തന്നെ അന്വേഷിച്ച് അമ്മയുടെ വീട്ടിൽപോലും ദിവസവും ആരാധകർ എത്തുകയാണെന്ന് അദ്ദേഹം പറയുന്നു. തന്റെ രാജ്യത്തിന്റെ അംബാസഡറായി അറിയപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും, എന്നാൽ ഈ ചരിത്രനേട്ടം ഒരു കൂട്ടായ്മയുടെ വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫുട്ബാളിലൂടെ ലഭിച്ച ഈ ശ്രദ്ധ രാജ്യത്തിന്റെ വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ഉപകരിക്കട്ടെയെന്നും വൊസീഞ്ഞ കൂട്ടിച്ചേർത്തു.

Tags:    
News Summary - Cape Verde Goalie Vozinha Says Fame Has Cost Him His Peace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.