ലയണൽ മെസ്സി, ലമിൻ യമാൽ
ബ്വേനസ് ഐയ്റിസ്: 2022 ലോകകപ്പ് കിരീട വിജയത്തിനു പിന്നാലെ, രണ്ടര വർഷത്തോളമായി അർജന്റീന കൈയടക്കി വെച്ച ഫിഫ ലോകറാങ്കിങ്ങിലെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടിത്തുടങ്ങി. എക്വഡോറിനെതിരെ ബുധനാഴ്ച നേരിട്ട തോൽവിയുടെ ക്ഷീണത്തിനു പിന്നാലെ ആരാധകരെ തേടിയെത്തുന്നത് ഒന്നാം റാങ്കിൽ ഇനി ദിവസങ്ങളുടെ മാത്രം ആയുസ്സ് എന്ന വാർത്ത.
വരാനിരിക്കുന്നത് ലമിൻ യമാലും പെഡ്രിയും ഉൾപ്പെടെ കൗമാരക്കാർ നയിക്കുന്ന സ്പെയിനിന്റെ കാലം. രണ്ടര വർഷത്തിലേറെ കാലം അർജന്റീന വാണ ലോക ഒന്നാം നമ്പർ പദവിയാണ് വരും ആഴ്ചയിൽ പുതുക്കപ്പെടുന്ന ഫിഫ റാങ്ക് പട്ടികയിൽ നഷ്ടമാവുന്നത്.
ലോകകപ്പ് യോഗ്യതയുടെ തെക്കൻ അമേരിക്കൻ മത്സരങ്ങൾ ബുധനാഴ്ച പൂർത്തിയായപ്പോൾ അർജന്റീന തന്നെയാണ് നിലവിലെ റാങ്കിങ്ങിൽ ഒന്നാമത്. അവസാന മത്സരത്തിൽ ലയണൽ മെസ്സിയില്ലാതെയിറങ്ങിയ അർജന്റീന എക്വഡോറിനോട് തോറ്റുവെങ്കിലും, ഈ വർഷത്തെ ഔദ്യോഗിക മത്സരങ്ങൾ തീർന്നതു തന്നെ ലോകറാങ്കിങ്ങിലെ ഒന്നാം നമ്പറിൽ നിന്നും പടിയിറങ്ങാൻ കാരണം. എക്വഡോറിനെതിരെ വഴങ്ങിയ തോൽവി കുടിയായതോടെ അർജന്റീനയുടെ പടിയിറക്കം വേഗത്തിലായി. നിലവിലെ റാങ്കിങ്ങ് പ്രകാരം അർജന്റീനയും സ്പെയിനുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. അർജന്റീനക്ക് 1885.36പോയന്റും, തൊട്ടുപിന്നിലുള്ള സ്പെയിനിന് 1867.09 പോയന്റും.
എന്നാൽ, ഈ റാങ്കിങ് പട്ടിക സെപ്റ്റംബർ 18ന് ഔദ്യോഗികമായി പുതുക്കുമ്പോൾ റാങ്കിങ് നില മാറിമറിയും. സ്പെയിൻ ഒന്നാം സ്ഥാനത്തേക്കും, ഫ്രാൻസ് രണ്ടാം സ്ഥാനത്തേക്കും കയറുമ്പോൾ, രണ്ടര വർഷത്തിലേറെ ഒന്നാമതായിരുന്നു അർജന്റീന മൂന്നിലേക്ക് പടിയിറങ്ങും.
അടുത്തയാഴ്ച പ്രാബല്ല്യത്തിൽ വരുന്ന റാങ്കിങ് പ്രകാരം അർജന്റീനക്ക് 15 പോയന്റ് നഷ്ടമാവും. അതേസമയം, സ്പെയിനും ഫ്രാൻസും എട്ട് പോയന്റ് നേട്ടവുമായി മുന്നേറും. അതു പ്രകാരം സ്പെയിനിന് 1875.37 പോയന്റും, ഫ്രാൻസിന് 1870.92 പോയന്റും, അർജന്റീനക്ക് 1870.32 പോയന്റുമായി മാറും.
2022 ഫിഫ ലോകകപ്പ്, 2021 കോപ അമേരിക്ക, 2022 ഫൈനലിസിമ കിരീടം, 2024 കോപ അമേരിക്ക തുടങ്ങിയ കിരീടങ്ങളുമായി ലോകഫുട്ബാളിനെ അർജന്റീന വാണ കാലമായിരുന്നു ഇതുവരെ. ലോകകപ്പ് വിജയത്തിനു പിന്നാലെ 2023 ഏപ്രിലിൽ ആദ്യമായി ലോകറാങ്കിങ്ങിൽ ഒന്നാമതെത്തിയ അർജന്റീന പിന്നെ തിരിഞ്ഞു നോക്കിയില്ല. അപരാജിതമായ കുതിപ്പിനൊപ്പം മെസ്സിയും സംഘവും ലോകറാങ്കിങ്ങിലും ഒന്നാം സ്ഥാനത്ത് തുടർന്നു. ഈ യാത്ര രണ്ട് വർഷവും നാല് മാസവും പിന്നിട്ട് തുടരുന്നതിനിടെയാണ് ഇപ്പോൾ പടിയിറക്കത്തിന് സമയമായി മാറുന്നത്.
യൂറോകപ്പ് കിരീടവും, തുടർ വിജയങ്ങളുമായി കുതിക്കുന്ന സ്പെയിനിന് ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ തുടക്കം കുറിച്ചിട്ടേയുള്ളൂ. ഗ്രൂപ്പിൽ രണ്ട് മത്സരം മാത്രമാണ് അവർ പൂർത്തിയാക്കിയത്. വരാനിരിക്കുന്നത് സുപ്രധാന മത്സരങ്ങളെന്ന് ചുരുക്കം. എന്നാൽ, അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ കഴിഞ്ഞു. ഇനി ഈ വർഷം ഒക്ടോബർ-നവംബർ ഫിഫ കലണ്ടറിലുള്ളത് സൗഹൃദ മത്സരങ്ങൾ. ഈ സമയം സ്പെയിനും ഫ്രാൻസും ലോകകപ്പ് യോഗ്യത ഉൾപ്പെടെ ഔദ്യോഗിക മത്സരങ്ങൾ കളിക്കും. രണ്ട് മത്സരങ്ങളിലും റാങ്കിങ് പോയന്റ് നിലവിൽ വ്യത്യാസമുണ്ടെന്നത് അർജന്റീനക്ക് തിരിച്ചടിയായി മാറും.
ഫിഫ യോഗ്യതാ മത്സരത്തിന് 25 പോയന്റും, സൗഹൃദ മത്സരത്തിന് അഞ്ച് പോയന്റുമാണ് കണക്കാക്കുന്നത്.
1. Spain (+1) – 1875.37 points (+8,28)
2. France (+1) – 1870.92 points (+8.89)
3. Argentina (-2)-1870.32 points (-15.04)
4- England (=)- 1820.45 points (+7,13)
5. Portugal (+1) – 1779.55 points (+9,02)
6. Brazil (-1)-1761.60 points (-16.09)
7. Netherlands (=)-1754.17 points (-4.01)
8. Belgium (=) – 1739.54 points (+3,16)
9. Croatia (+1) – 1714.20 points (+6.69)
10. Italy (+1) – 1710.07 points (7.49)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.