വനിത ഹോക്കിയിൽ തായ്ലൻഡിനെ 20-1ന് തകർത്ത് ഇന്ത്യ മുന്നോട്ട്
നഗോയ: മൂന്ന് മത്സരങ്ങളിൽ 20 ഗോളുകൾ! ഏഷ്യൻ ഗെയിംസിൽ ഗോൾവേട്ട തുടരുന്ന ദീപിക സെഹ്രാവത് സ്വന്തം റെക്കോഡും തിരുത്തി. ബുധനാഴ്ച തായ്ലൻഡിനെതിരെ ഇന്ത്യ 20-1ന്റെ തകർപ്പൻ വിജയം കൈവരിച്ചപ്പോൾ പെനാൽറ്റി കോർണർ സ്പെഷലിസ്റ്റായ ദീപിക നേടിയത് ഒമ്പത് ഗോളുകൾ. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ ഇന്ത്യൻ താരം (പുരുഷ, വനിത) ഒരു മത്സരത്തിൽ നടത്തുന്ന ഏറ്റവും ഉയർന്ന ഗോൾ വേട്ടയാണിത്.
ഒമ്പത് പെനാൽറ്റി കോർണറുകളും (2, 8, 9, 24, 33, 36, 39, 51, 57 മിനിറ്റുകളിൽ) ഗോളാക്കി മാറ്റി ദീപിക. സീനിയർ താരം നവ്നീത് കൗർ നാലും ഋതുജ ദാദാസോ പിസാൽ മൂന്നും ക്യാപ്റ്റൻ സലീമ ടെറ്റെ, നേഹ ഗോയൽ, ലാൽറെംസിയാമി, സാക്ഷി റാണ എന്നിവർ ഓരോ ഗോളും നേടി. നാലാം ക്വാർട്ടറിൽ സുപൻസ സമാൻസോയിലൂടെയാണ് തായ്ലൻഡ് ആശ്വാസ ഗോൾ കണ്ടെത്തിയത്. ഉസ്ബകിസ്താനെതിരെ ദീപിക എട്ടുഗോൾ നേടി റെക്കോഡിട്ടിരുന്നു. തുടർച്ചയായ മൂന്നാം വിജയത്തോടെ പൂൾ ബി-യിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അടുത്ത മത്സരത്തിൽ വെള്ളിയാഴ്ച ആതിഥേയരായ ജപ്പാനെ നേരിടും.
അതേസമയം, നിലവിലെ ചാമ്പ്യന്മാരായ പുരുഷ ടീം വ്യാഴാഴ്ച ദക്ഷിണ കൊറിയയുമായി ഏറ്റുമുട്ടും. പൂൾ എ-യിലെ ആദ്യ മത്സരങ്ങളിൽ യഥാക്രമം ഇന്തോനേഷ്യയെ 13-1നും ശ്രീലങ്കയെ 16-1നും തരിപ്പണമാക്കിയിരുന്നു ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.